ന്യൂദല്‍ഹി: റഷ്യ ഉക്രൈന്റെ വൈദ്യുതി പ്ലാന്‍റുകളില്‍ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യക്കാരോടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഉടന്‍ ഉക്രൈന്‍ വിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികളും അവ മുറിച്ചു കടക്കാന്‍വേണ്ട മുന്‍കരുതല്‍, രേഖകള്‍ എന്തൊക്കെ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രാണരക്ഷാര്‍ത്ഥം എത്രയും വേഗം രാജ്യം വിട്ടുവരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റഷ്യയുടെ ആക്രമണം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായേക്കുമെന്ന സൂചനയാണ് ഉടനെ ഉക്രൈന്‍ വിടാനുള്ള നിര്‍ദേശത്തിന് പിന്നില്‍.
ആരും ഉക്രൈനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ഇക്കുറി സുരക്ഷിതമായി ഉക്രൈന്‍ വിടാന്‍ സഹായിക്കുന്ന മുറിച്ചുകടക്കേണ്ട അഞ്ച് അതിര്‍ത്തികളും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നല്‍കിയിട്ടുണ്ട്. ഉക്രൈന്‍-ഹംഗറി, ഉക്രൈന്‍-സ്ലൊവാക്യ, ഉക്രൈന്‍- മോള്‍ഡോവ, ഉക്രൈന്‍-പോളണ്ട്, ഉക്രൈന്‍-റൊമാനിയ എന്നീ അതിര്‍ത്തികള്‍ മുറിച്ചുകടക്കാനാണ് നിര്‍ദേശം. യാത്ര ചെയ്യുമ്പോള്‍ മുന്‍കരുതലെടുക്കാനും നിര‍്ദേശിച്ചിട്ടുണ്ട്.
1. ഉക്രന്‍ -ഹംഗറി അതിര്‍ത്തി: സകര്‍പതിയ പ്രദേശത്താണ് ചെക് പോയിന്‍റുള്ളത്. ട്രെയിനില്‍ ആദ്യം ചോപ് സിറ്റിയില്‍ എത്തണം. പാസ്പോര്‍ട്ട്, ഉക്രൈന്‍ റസിഡന്റെ പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്, വിമാനടിക്കറ്റ് എന്നിവ മറക്കാതെ കയ്യില്‍ കരുതണം.
2. ഉക്രൈന്‍-സ്ലൊവാക്യ അതിര്‍ത്തി: സകര്‍പതിയയില്‍ തന്നെയാണ് ചെക് പോയിന്‍റുകള്‍. അംഗീകൃത ഷെന്‍ജന്‍ വിസ വേണം. വിസ കിട്ടാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.
3. ഉക്രൈന്‍- മൊള്‍ഡോവ അതിര്‍ത്തി:ചെര്‍നിവെറ്റ്സ്ക, വിന്നിറ്റ്സ്ക, ഒഡെസ്ക എന്നിവയാണ് ചെക് പോയിന്‍റുകള്‍. മൊള്‍ഡോവ വിസ വേണം. കീവിലെ മോള്‍ഡൊവ എംബസിയില്‍ നിന്നും വിസ സംഘടിപ്പിക്കാം. വിസ കിട്ടാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.
4.ഉക്രൈന്‍-പോളണ്ട് അതിര്‍ത്തി :വിവിസ്ക, വോളിന്‍സ്ക എന്നിവിടങ്ങളില്‍ ചെക് പോയിന്‍റുകള്‍ ഉണ്ട്. അംഗീകൃത ഷെന്‍ജന്‍ വിസ അല്ലെങ്കില്‍ പോളിഷ് വിസ വേണം. ലിവിവിലെ പോളണ്ട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ വിസ കിട്ടും. അതിര്‍ത്തി കടക്കാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.
5.ഉക്രൈന്‍-റൊമാനിയ അതിര്‍ത്തി: സകര്‍പതിയ, ചെര്‍നിവെറ്റ്സ്ക എന്നിവിടങ്ങളില്‍ ചെക് പോയിന്‍റുകള്‍ ഉണ്ട്. അംഗീകൃത റൊമാനിയന്‍ വിസ വേണം. ചെര്‍നിവ്റ്റ്സി, സോളോറ്റ്വിനോ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളില്‍ വിസ കിട്ടും. അതിര്‍ത്തി കടക്കാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം. ഉക്രൈനിലെ വൈദ്യുത കേന്ദ്രങളില്‍ ശക്തമായ ക്രൂസ് മിസൈല്‍ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. നിരവധി റോക്കറ്റുകള്‍ തകര്‍ത്തതായി ഉക്രൈന്‍ അവകാശപ്പെടുന്നു. എങ്കിലും യുദ്ധത്തിന്റെ ഭയാനകത വിളിച്ചോതുന്ന തരത്തില്‍ വൈദ്യുതകേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതോടെ പല നഗരങ്ങളും അന്ധകാരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: