നഷ്ടത്തിലാണെങ്കിലും ഓട്ടത്തിന് ഒരു കുറവുമില്ലാത്ത നമ്മുടെ ആനവണ്ടി. ലക്ഷണമൊത്ത തലയെടുപ്പോടെ വളവൊക്ക തിരിഞ്ഞ് അവനങ്ങനെ വരുന്നതു കണ്ടാല്‍ ആരും നോക്കിനിന്നു പോകും. നിരത്തില്‍ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും മലയാളി സ്വന്തം വാഹനമായി അഭിമാനത്തോടെ നോക്കികാണുന്നത് കെഎസ്ആര്‍ടിസിയെ തന്നെയാണ്. വിവാദങ്ങളുടെയും ദുരവസ്ഥയുടെയും’ലോഡെല്ലാം പിന്‍വാതിലിലൂടെ പുറത്തേക്കിട്ട് പുതിയൊരു ഓട്ടത്തിലാണ് ആനവണ്ടിയിപ്പോള്. ടൂറിസത്തിന്റെ കാണാകാഴ്ചകളിലേക്ക്…ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ച് യുവജനങ്ങള്‍ക്കിടയില്‍ ഹരമായിക്കഴിഞ്ഞിരിക്കുകയാണ് ആനവണ്ടി.
ദേശാടനക്കിളികളുടെ പറുദീസയായ കുമരകത്തേക്കും മൊട്ടക്കുന്നുകളുടെ നാടായ വാഗമണ്ണിലേക്കും സകുടുംബം ആനവണ്ടിയിലൊരു ഉല്ലാസയാത്ര തരപ്പെട്ടത് അവിചാരിതമായാണ്. ജോലിത്തിരക്കുകളില്ലാതെ ബസിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചയൊക്കെ കണ്ട് ചാറ്റല്‍ മഴ നനഞ്ഞുള്ള യാത്ര നമ്മളില്‍ എത്ര പേര് ചെയ്തിരിക്കും? ആ യാത്രയില്‍ മനസ്സിലെ കൊച്ചുകൊച്ചു വ്യഥകള്‍ പോലും പട്ടം പോലെ പാറിപ്പോകുന്നത് അനുഭവിച്ചു തന്നെ അറിയണം. അത്രമേല്‍ അനുഭൂതിയുള്ള ഉല്ലാസയാത്ര.
സഹയാത്രികര്‍ക്കൊപ്പം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തുമ്പോള്‍ ഒരു കിടിലന്‍ ആനവണ്ടി പോകാനായി തയ്യാറെടുത്തിരിക്കുകയാണ്. വിഘ്നേശ്വരന്റെ തിരുനടയിലേക്കായിരുന്നു ആദ്യഓട്ടം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലേക്ക്. ‘
ഓളങ്ങള്‍ താളം തുള്ളുന്ന’ വേമ്പനാട്ടു കായലിന്റെ മനോഹാരിതലേക്കാണ് ‘അടുത്ത ബെല്‍’ മുഴങ്ങിയത്. രാവിലെ നാലിനു തുടങ്ങിയ യാത്ര പത്തുമണിയോടെ കുമരകത്ത് എത്തി. വേമ്പനാട്ടു കായലോരത്തെ മരതകത്തുരുത്താണ് കുമരകം. നിരവധി ഹൗസ് ബോട്ടുകളും കെട്ടുവള്ളങ്ങളും കൊച്ചുകൊച്ചുനാടന് വള്ളങ്ങളും അതിഥികളെ കാത്ത് കായല്‍ പരപ്പില്‍ നങ്കൂരമിട്ടിരിക്കുന്നു. ഹൗസ് ബോട്ടുകളിലൊന്നില്‍ കയറി വേമ്പനാട്ടുകായലിന്റെ വശ്യസൗന്ദര്യം ആവോളം നുകരാം. ഞങ്ങള്‍ക്കായി ഒരു കിടിലന്‍ ഹൗസ് ബോട്ടാണ് കെഎസ്ആര്‍ടിസി യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ബോട്ടില്‍ കയറി. മൂന്നു മുറികളുള്ള ആഡംബര ഹൗസ് ബോട്ടാണ്. ബോട്ടിലെ ജനാലയിലൂടെ തെങ്ങിന്‍തോപ്പുകളും കായല്‍ സൗന്ദര്യവും പച്ചപ്പാര്‍ന്ന തുരുത്തുകളും കാണുമ്പോഴറിയാം കുമരകത്തിന്റെ സൗന്ദര്യം അപാരം തന്നെ. ഹൗസ് ബോട്ടില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണുള്ളത്. എയര്‍ കണ്ടീഷന്‍, ആധുനിക ടോയ്ലറ്റുകള്, ബെഡ് റൂമുകള്‍, കിച്ചന്, കോണ്‍ഫറന്‍സ് ഹാള്‍, അടിച്ചുപൊളിക്കാന്‍ മ്യൂസിക് സിസ്റ്റം എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. വലിയ ആകര്‍ഷണം ഭക്ഷണമാണ്. കരിമീന്‍ ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍, നാടന്‍ ചിക്കന്‍പെരട്ട് എല്ലാം ഉള്‍പ്പെടുന്ന ആലപ്പുഴ ശൈലിയിലെ കിടിലം ഭക്ഷണം ഏത് യാത്രികന്റെയും മനസ്സു നിറയ്ക്കും. ഇവയൊക്കെ പാചകം ചെയ്യുന്നത് ബോട്ടിലെ തൊഴിലാളികള്‍ തന്നെയാണ്. വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണം. കാഴ്ചകള്‍ കണ്ട് ഇഷ്ടവിഭവങ്ങള്‍ ആസ്വദിച്ച് ഒരു ദിവസത്തെ കായല്‍ യാത്ര. മനസ്സിനെ വിരുന്നൂട്ടാന്‍ മറ്റെന്തുവേണം!
ബോട്ടിന്റെ ലോബിയില്‍ ഇരുന്നുള്ള പുറം കാഴ്ചകള്‍ അതിമനോഹരമാണ്. പരന്നു കിടക്കുന്ന ജലസമൃദ്ധമായ കായല്‍, ജലപ്പരപ്പില്‍ ഒഴുകിനടക്കുന്ന ഹൗസ് ബോട്ടുകളും ചെറുവള്ളങ്ങളും ദൂരെക്കാണുന്ന പച്ചപ്പാര്‍ന്ന ചെറുതുരുത്തുകളും തെങ്ങിന്‍തോപ്പുകളും നോക്കിയിരുന്നാല്‍ കാഴ്ചകളില്‍ നിന്ന് കണ്ണെടുക്കാനേ തോന്നുകയില്ല. ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു എല്ലാവരും.
ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ ഊണ് മേശയില്‍ നല്ല വൃത്തിയുള്ള പാത്രങ്ങളില്‍ ചൂട് ചോറും കറിക്കൂട്ടുകളും എത്തി. ഒപ്പം സ്പെഷ്യല്‍ കരിമീന്‍ ്രൈഫയും. ഭക്ഷണമൊക്കെ ആസ്വദിച്ച് കഴിച്ചു. കരിമീന്‍ ്രൈഫയുടെ രുചി വേറെ ലെവല്‍.
2.30 ന് വീണ്ടും കായല്‍ കാഴ്ചകള്‍ക്കായി ഹൗസ്ബോട്ടിലേക്ക്… വിശാലമായ കായല്‍പ്പരപ്പില്‍ ഇളംകാറ്റേറ്റ് സുഖസുന്ദര യാത്ര. ഭക്ഷണത്തിനു ശേഷം യാത്രക്കാരില്‍ ചിലര്‍ റൂമില്‍ കയറി ചെറുമയക്കത്തിലാണ്. ഉച്ചയൂണിന്റെ ആലസ്യം മാറ്റാന്‍ വീണ്ടും പാട്ടും കളികളുമായി കോര്‍ഡിനേറ്റര്‍മാര്‍ എത്തി. നാടന്‍ പാട്ടിന്റെ പ്രത്യേക താളത്തില്‍ എല്ലാവരും മതിമറന്ന് നൃത്തം ചെയ്യുന്നു. വൈകുന്നേരം നാലു മണിയോടെ ചായയും ചൂട് പഴംപൊരിയും എത്തി. ചായ കുടിച്ച് ഗ്രൂപ്പ് ഫേട്ടോയൊക്കെ എടുത്ത് ബോട്ട് യാത്ര അവസാനിപ്പിച്ച് കുമരകത്തോട് വിടപറഞ്ഞു.
അടുത്ത യാത്ര വാഗമണ്ണിലേയ്ക്കാണ്. പോകുന്ന വഴിയില്‍ വിശുദ്ധ അല്ഫോസാമ്മയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ഭരണങ്ങാനം പള്ളിയില്‍ ഇറങ്ങി. ത്രിസന്ധ്യയില്‍ ഭരണങ്ങാനം പള്ളിയും പരിസരങ്ങളും ഭക്തിസാന്ദ്രമായി. ചേക്കേറാനായി ചില്ലകള്‍ തേടിയുള്ള പറവകള്‍ നിറഞ്ഞ ആകാശക്കാഴ്ച കൂടിചേര്‍ന്നപ്പോള്‍ മുമ്പൊരിക്കലും അനുഭവിക്കാത്ത നൊസ്റ്റാള്‍ജിക് ഫീല്‍.
തൊട്ടടുത്ത കാന്റീനില്‍ നിന്ന് ചായ കുടിച്ച് നേരെ വാഗമണ്ണിലേയ്ക്ക് പുറപ്പെട്ടു. ഇവിടെയുള്ള ഒരു കിടിലന്‍ റിസോര്‍ട്ടിലാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. പോകുന്ന വഴിയില്‍ അത്താഴം കഴിച്ച് എട്ടുമണിയോടെ റിസോര്‍ട്ടില്‍ എത്തി. ഒന്നു ഫ്രെഷായ ശേഷം ക്യാമ്പ് ഫയറിന് തയ്യാറായി റിസോര്‍ട്ടിന്റെ മുറ്റത്ത് ഒത്തുകൂടി. അടിപൊളി പാട്ടും നൃത്തങ്ങളുമായി ഞങ്ങള്‍ യാത്രികര്‍ രാത്രി ഒരുമണിക്കൂറോളം അവിടെ ചെലവിട്ടു. ആ ലഹരിയില്‍ വിശപ്പും കോടമഞ്ഞിന്റെ കുളിരും, ഒന്നുമറിഞ്ഞതേയില്ല. കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കു പ്രകൃതി രമണീയമായ സ്ഥലമാണ് വാഗമണ്‍. പ്രകൃതിഭംഗി നിറഞ്ഞ മൊട്ടക്കുന്നുകള്‍, പച്ചപ്പാര്‍ന്ന പുല്‍ത്തകിടി, ഇളംകാറ്റിലിളകിയാടുന്ന ഗുല്‍മോഹറുകള്‍, ഇതൊക്കെ വാഗമണ്ണിന്റെ പ്രത്യേകതകളാണ്.
രാവിലെ എട്ടു മണിക്ക് തന്നെ വാഗമണ്ണിന്റെ കാഴ്ചകള്‍ കാണാനായി ആനവണ്ടിയില്‍ യാത്ര തിരിച്ചു. നേരെ പെരുവന്താനം വ്യൂ പോയിന്റിലെത്തി. അവിടെ പഞ്ഞിക്കെട്ടുപോലെ കോടമഞ്ഞ് നിറഞ്ഞുനില്ക്കുന്ന കാഴ്ച ഒരു ചിത്രകാരന്റെ മാസ്റ്റര്‍ പീസ് ചിത്രം പോലെ മനോഹരമായിരുന്നു. കാഴ്ചകളെല്ലാം ക്യാമറിയല്‍ പകര്‍ത്തി വീണ്ടും യാത്ര… ഞങ്ങള്‍ പോയത് അഡ്വഞ്ചര്‍ പാര്‍ക്കിലേക്കാണ്. വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ബസ് നിര്‍ത്തി, അവിടെ കണ്ട ഭംഗിയുള്ള വിശ്രമ കേന്ദ്രങ്ങളില്‍ പോയി പ്രകൃതി ഭംഗി ആസ്വദിച്ചിരുന്നു. രണ്ട് വാച്ച് ടവറുകളുണ്ടിവിടെ. അതിനുമുകളില്‍ നിന്നുള്ള വാഗമണ്‍ കാഴ്ച അതിഗംഭീരമാണ്. ദൂരെക്കാണുന്ന മലനിരകളും കോടമഞ്ഞും ചീവീടിന്റെ പാട്ടും മഞ്ഞിലലിഞ്ഞുവരുന്ന തണുത്ത കാറ്റും കാടിന്റെ സൗന്ദര്യം മനസ്സാകെ നിറയ്ക്കുകയാണ്. ഇവിടെനിന്നും കാലാഹലമേട് ജംഗ്ഷനിലെത്തി.
ഇനി ഞങ്ങളുടെ യാത്ര തങ്ങള്പാറയിലേയ്ക്കാണ്. പെട്ടെന്ന് കണ്ടാല്‍ കുറച്ചുപാറകളുള്ള ഒരു സാധാരണ സ്ഥലം. അതിശക്തമായ തണുത്ത കാറ്റാണ് ഇവിടെ. പാറയുടെ മുകളില്‍ നിന്ന് വാഗമണ്‍ മുഴുവനും കണ്ട് ആസ്വദിക്കാന്‍ കഴിയും. മലയുടെ മുകളില്‍ സൂഫി വര്യന് ഫരീഷദിന്റെ മഖാമാണുള്ളത്. 850 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഇവിടെ ധ്യാനത്തിന് വരികയും ഇവിടെ വച്ച് സമാധിയാകുകയും ചെയ്തു. സൂഫി വര്യന്റെ സമാധി ഇടം പച്ചപ്പട്ടു കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
തുടര്‍ന്നുള്ള യാത്ര പൈന്‍ വാലിയിലേക്കായിരുന്നു. പൈന്‍ മരങ്ങള്‍ കുടപിടിച്ചുനില്ക്കുന്ന മനോഹരമായ ഒരു കുന്നിന്‍ചെരിവാണ് ഇവിടം. പൈന്‍ മരങ്ങളുടെ ഇലകള്‍ വീണ് നടപ്പാതകള്‍ പുല്മെത്തപോലെ കാണപ്പെട്ടു. നടക്കുമ്പോള്‍ തെന്നിവീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ല തണലും കാറ്റുമാണ് ഇവിടെ. ധാരാളം സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടുന്ന് നേരെ ഉച്ചഭക്ഷണത്തിനായി കോലാഹല മേട്ടിലേക്ക് പോയി. ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കു രണ്ടുമൂന്ന് റെസ്റ്റോറന്റുകള്‍ ഉണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ മൊട്ടക്കുന്നിലേക്ക് യാത്ര തിരിച്ചു. പ്രവേശന കവാടത്തിലൂടെ അകത്തേയ്ക്ക് കയറുമ്പോള്‍ ഇരുവശവും ചെടികള്‍ ഭംഗിയായി നട്ട് ടൈലുകള്‍ പാകിയ നടപ്പാതയുണ്ട്. ഇവിടെ കുട്ടികള്‍ക്കായുള്ള ചെറിയ ബോട്ടിംഗ് സംവിധാനവുമുണ്ട്. മുതിര്‍ന്നവര്‍ക്കും ബോട്ടിംഗും ചെറിയ അഡ്വഞ്ചര്‍ ആക്ടിവിറ്റികളും ഒരുക്കിയിട്ടുണ്ട്. പ്രകൃതി ഭംഗിനിറഞ്ഞ പച്ചപ്പാര്‍ന്ന പുല്‍ത്തകിടികള്‍… എത്ര ചെലവഴിച്ചാലും മതിവരാത്ത മനോഹരമായ സ്ഥലം. ബോട്ടിംഗ് ഒക്കെ നടത്തി ഒരുമണിക്കൂര്‍ ചെലവിട്ടു.
അടുത്ത യാത്ര പരുന്തും പാറയിലേക്കാണ്. വളരെ ശാന്തമായ ഒരു പീഠഭൂമിയാണ് ഇവിടം. വിശാലമായ പാര്‍ക്കിംഗ്. ഇവിടെ മുകളില്‍ നിന്നുനോക്കിയാല്‍ കോടമഞ്ഞുമൂടിയ മലനിരകള്‍ കാണാം. ഇവിടെയും ധാരാളം സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഓരോ ചെറിയ മണ്ഡപങ്ങള്‍ കാണാം. ഇത് മകരവിളക്ക് വ്യൂപോയിന്റ് ആണ്. പച്ചപുതച്ച പാറക്കൂട്ടങ്ങളും പ്രശാന്ത സുന്ദരമായ അന്തരീക്ഷവും മനംകുളിര്പ്പിക്കുന്നവ തന്നെ. ഞങ്ങള്‍ കോഫി, ബ്രെഡ്, ഓംലെറ്റ് ഒക്കെ കഴിച്ച് പട്ടം പറത്തി എല്ലാം മറന്ന് ആസ്വദിച്ച് പാറമുകളിലൂടെ കുറേ നടന്നു. സമയം 6.30 ആയി. ഇരുട്ടു വീഴാന്‍ തുടങ്ങുന്നു. മടക്കയാത്രയ്ക്കു മുന്നേ ഞങ്ങള്‍ പാട്ടുപാടി നൃത്തം ചെയ്തു. യാത്ര കൂടുതല്‍ ‘കളറായി. ബസില്‍ മടങ്ങുമ്പോള്‍ ഒരു നല്ല യാത്ര സമ്മാനിച്ച കെഎസ്ആര്‍ടിസി ജീവനക്കോരോടുള്ള നന്ദി എല്ലാവരുടെ വാക്കുകളിലും ഉണ്ടായിരുന്നു. തിരക്കേറിയ ജീവിതത്തിനിടയില്‍ ഇത്തരം അവിസ്മരണീയ യാത്രകള്‍ തരുന്ന ആനന്ദം വാക്കുകളില്‍ ഒതുങ്ങില്ല. കാണാക്കാഴ്ചകളുടെ പച്ചപ്പുതേടിയുള്ള യാത്രകള്‍ക്ക് വീണ്ടും ഒരുങ്ങുകയാണ് മനസ്സ്. അതും ആനവണ്ടിയിലൂടെ…
ശ്രീജിത്ത് നെടിയാങ്കോട്
7736464616
പ്രതികരിക്കാൻ ഇവിടെ എഴുതുക: