തിരുവനന്തപുരം : എപിജെ അബ്ദുള്‍ കലാം സങ്കേതിക സര്‍വ്വകലാശാല(കെടിയു) വൈസ് ചാന്‍സലര്‍ രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ സമീപിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സീനിയര്‍ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ പോലും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്.
രാജശ്രീ എംഎസിന്റെ നിയമനം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ രണ്ട് നിഗമനങ്ങളോട് സര്‍ക്കാര്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു. സംസ്ഥാന നിയമം നിലനില്‍ക്കുമ്പോഴും, യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് വിധിയില്‍ ജസ്റ്റിസുമാരായ എം ആര് ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
എന്നാല്‍ 2010ലെ യുജിസി ചട്ടങ്ങള്‍ക്ക് നിര്‍ദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും, അത് നിര്‍ബന്ധമായും നടപ്പാക്കാന്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്ക്കോ ബാധ്യത ഇല്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. യുജിസി ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ സംസ്ഥാന നിയമം ആണ് നടപ്പാക്കേണ്ടത് എന്ന് 2015 ല്‍ ജസ്റ്റിസ്മാരായ എസ് ജെ മുഖോപാധ്യായ, എന്‍ വി രമണ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഇക്കാര്യം പുനഃപരിശോധന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: