ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റില്‍ നിന്നും അപായ സന്ദേശം ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിന് തൊട്ടുമുമ്പ് ഹെലിക്കോപ്റ്ററിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതായി എയര്‍ ട്രാഫിക് കണ്ട്രോളിന് പൈലറ്റ് സന്ദേശം കൈമാറിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. അപ്പര്‍ സിയാങ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയില്‍ വെള്ളിയാഴ്്ച രാവിലെയാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.
ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ചാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മലയാളി സൈനികനും മരിച്ചിരുന്നു. കാസര്‍കോഡ് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന് കെ.വി. അശ്വിന് (24) ആണ് അപകടത്തില്‍ മരിച്ച നാല് പേരില്‍ ഒരാള്‍. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന് സൈന്യത്തില്‍ ജോലിക്ക് കയറിയത്. ഒരുമാസം മുമ്പാണ് അശ്വിന് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: