കഷ്ടിച്ച് ഒന്നര മാസം മാത്രം അധികാരക്കസേരയിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പടിയിറങ്ങിയതോടെ ആ രാജ്യം പുതിയ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിപദം വഹിച്ചയാള്‍ എന്ന ബഹുമതി മാത്രമാണ് ലിസിന് അവകാശപ്പെടാനുള്ളത്. ഇക്കാര്യത്തില്‍ ലിസിന്റെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന ജോര്‍ജ് കാനിങ്ങിന് നാലു മാസത്തോളം ബ്രിട്ടന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുതന്നെയായിരുന്ന കാനിങ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. സ്ഥാനം ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെയാണ് കാനിങ്ങിന് രാജിവയ്ക്കേണ്ടിവന്നതെങ്കില്‍, സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷത്തിലേറെ അവശേഷിക്കെയാണ് ലിസിന്റെ പടിയിറക്കം. അപവാദങ്ങളും പ്രതിസന്ധികളും നിരന്തരം വേട്ടയാടിയതിനെത്തുടര്‍ന്നാണ് ലിസിന്റെ മുന്‍ഗാമി ബോറിസ് ജോണ്സണ് രാജിവയ്ക്കേണ്ടിവന്നത്. ഒരു ഡസനോളം മന്ത്രിമാര്‍ രാജിവച്ചതോടെ ജോണ്‍സനെതിരെ അട്ടിമറി നടക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന് വിട്ടുപോരുന്ന ബ്രെക്സിറ്റ് അംഗീകരിച്ചതിനുശേഷമാണ് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജോണ്സണ് പ്രധാനമന്ത്രിയായത്. പക്ഷേ രാജ്യം പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുകയായിരുന്നു. കൊവിഡ് മഹാമാരിയുടെ വരവോടെ ജോണ്സന് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നു.
കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതാണ് ബോറിസ് ജോണ്‍സന്റെ രാജി അനിവാര്യമാക്കിയത്. ഒന്നിലധികം തവണ കൊവിഡ് ബാധിച്ച ജോണ്സണ് ഒരു ഘട്ടത്തില്‍ മരണത്തെ മുഖാമുഖം കണ്ടു. അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ഭരണത്തിന്റെ തിരിച്ചടികളെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ല. ജോണ്‍സന്റെ പിന്‍ഗാമിയായെത്തിയ ലിസ് ട്രസിനും ഒരര്‍ത്ഥത്തില്‍ ഇതേ വിധിതന്നെയാണ് നേരിടേണ്ടിവന്നത്. രാജ്യത്തെ സാമ്പത്തികക്കുഴപ്പങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുമെന്നുള്ള പ്രഖ്യാപനവുമായാണ് ലിസ് പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടിയതും, ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്ന് പ്രധാനമന്ത്രിപദത്തിലെത്തിയതും. പക്ഷേ പ്രതിസന്ധി പരിഹരിക്കാന്‍ വന്‍തോതില്‍ നികുതി വെട്ടിക്കുറച്ചതും സബ്സിഡി അനുവദിച്ചതും രോഗത്തെക്കാള്‍ മാരകമായ ചികിത്സയായി. ഇന്ത്യയിലെ ചില രാഷ്ട്രീയകക്ഷികളെപ്പോലെ സൗജന്യങ്ങള്‍ വാരിവിതറി കയ്യടി നേടാന്‍ നോക്കിയത് തിരിച്ചടിയാവുകയും, ലിസിന്റെ ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിന് രാജിവയ്ക്കേണ്ടിയും വന്നു. വെട്ടിക്കുറച്ച നികുതികള്‍ പുനഃസ്ഥാപിച്ചെങ്കിലും എതിര്‍പ്പിന് കുറവുണ്ടായില്ല. ഔദ്യോഗികരേഖ സ്വകാര്യ മെയില്‍ വഴി അയച്ചത് വലിയ വിവാദമായതോടെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനും രാജിവയ്ക്കേണ്ടിവന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും ലിസ് കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് ഏറ്റുപറയുന്നുണ്ടെങ്കിലും ഭരണത്തിലെ പരിചയക്കുറവാണ് ലിസിന് വിനയായതെന്ന് വിലയിരുത്താം. എന്നാലും കഴിവില്ലായ്മ അംഗീകരിച്ച് രാജിവയ്ക്കാന്‍ കാണിച്ച ആര്‍ജവത്തെ അഭിനന്ദിക്കേണ്ടതുണ്ട്.
പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്ന ലിസ് ട്രസിന്റെ പിന്‍ഗാമിയായി ആരു വരുമെന്നാണ് ബ്രിട്ടനും ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് ലിസിനോട് മത്സരിച്ച് പരാജയപ്പെട്ട ഋഷി സുനകിന് സാധ്യത കല്പ്പിക്കുന്നവരുണ്ട്. പക്ഷേ രാഷ്ട്രീയത്തിലെ അനുഭവക്കുറവിന്റെ പ്രശ്നം ലിസിനെപ്പോലെ സുനകിനുമുണ്ട്. ഒരിക്കല്‍ ധനമന്ത്രിയായിരുന്നെങ്കിലും ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ ലിസിന്റെ കയ്യിലില്ലാത്ത മാന്ത്രികവടിയൊന്നും സുനകിനില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മറ്റു ചില നേതാക്കളുടെ പേരുകളും സാധ്യതാപട്ടികയിലുണ്ടെങ്കിലും മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍തന്നെ തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ സജീവമാണ്. വീണ്ടും മത്സരിക്കാന്‍ ജോണ്സന് തടസ്സവുമില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ബ്രിട്ടന്റെ മാത്രമായ ആഭ്യന്തരപ്രശ്നമാണെന്ന് വിദഗ്ധര്‍ കരുതുന്നില്ല. യൂറോപ്പിനെ പൊതുവായി ബാധിക്കുന്ന പ്രശ്നമാണിത്. റഷ്യയും ഉക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം പലതരത്തില്‍ പല രാജ്യങ്ങളെയും ബാധിക്കുന്നു എന്നത് വാസ്തവമാണ്. ഇവിടെയാണ് ദേശീയ താല്പര്യത്തിന് മുന്‍ഗണന നല്കി ഇന്ത്യ സ്വീകരിച്ച നയത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ബ്രിട്ടനുള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളിലെതിനെക്കാള്‍ എത്രയോ ഇരട്ടി ജനസംഖ്യയും പ്രശ്നങ്ങളുമുള്ള ഇന്ത്യ കൊവിഡ്കാല സാമ്പത്തിക പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സാമ്പത്തിക സുസ്ഥിരത അവകാശപ്പെട്ടിരുന്ന രാജ്യങ്ങള്‍ക്ക് അതിന് കഴിയാത്തത്. ഒരുകാലത്ത് ലോകത്തെ വിദൂരകോണുകളെപ്പോലും സ്വന്തം ഭരണത്തിനു കീഴില്‍ കൊണ്ടുവന്നിരുന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ കൗതുകകരമാണ്. അത് എന്തായിരുന്നാലും ബ്രിട്ടന്റെ പുതിയ ഭരണാധികാരിക്കുവേണ്ടി കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: