ന്യൂയോര്‍ക്ക് സിറ്റി: ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്. അടുത്ത വര്‍ഷം മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്ന് മേയര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് അസംബ്ലി അംഗം ജെനിഫര്‍ രാജ്‌കുമാറും ന്യൂയോര്‍ക്ക് സിറ്റി സ്‌കൂള്‍ ചാന്‍സലര്‍ ഡേവിഡ് ബാങ്ക്‌സും മേയര്‍ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നല്‍കാന്‍ തീരുമാനിച്ചത്.
കുറഞ്ഞത് 180 സ്കൂള്‍ പഠനദിനങ്ങള്‍ വേണമെന്നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് വിദ്യാഭ്യാസ നിയമങ്ങള്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ സ്കൂള്‍ കലണ്ടറില്‍ കൂടുതല്‍ അവധി ദിനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ആരും ആചരിക്കാത്ത വാര്‍ഷിക ദിന സ്കൂള്‍ അവധി നീക്കം ചെയ്ത് ദീപാവലി അവധി കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനം.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യന്‍ -അമേരിക്കന്‍ വനിതയാണ് ജെന്നിഫര്‍ രാജ്കുമാര്‍. ആദംസിന്റെ പിന്തുണക്ക് നന്ദി പറഞ്ഞ ജെന്നിഫര്‍ രാജ്കുമാര്‍, നഗരത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മേയര്‍ ദീപാവലിക്ക് സ്‌കൂള്‍ അവധിയാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഹിന്ദു, ബുദ്ധ, സിഖ്, ജൈന മതങ്ങളിലെ 2,00,000ലധികം ന്യൂയോര്‍ക്കുകാര്‍ ലഭിച്ച അംഗീകാരമാണിത്.
നമ്മുടെ സമയം വന്നിരിക്കുന്നുവെന്ന് പറയുന്നതില്‍ ജെന്നിഫര്‍ രാജ്കുമാര്‍ അഭിമാനിക്കുന്നുവെന്നും എറിക് ആദംസ് വ്യക്തമാക്കി. പൊതു അവധി നല്‍കാനുള്ള തീരുമാനത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ രണ്‍ദീര്‍ ജെയ്സ്വാള്‍ നന്ദി പറഞ്ഞു. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. ഈ അംഗീകാരം ന്യൂയോര്‍ക്ക് നഗരത്തിലെ വൈവിധ്യത്തിനും ബഹുസ്വരതക്കും ആഴത്തിലുള്ള അര്‍ഥം നല്‍കുന്നു.
അതുപോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവര്‍ക്ക് ഇന്ത്യന്‍ ധാര്‍മ്മികതയും പൈതൃകവും അടുത്തറിയാനും ആഘോഷിക്കാനും സാധിക്കുമെന്നും ജെയ്സ്വാള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: