സമഗ്രവും എല്ലാവര്‍ക്കും ബാധകവുമായ ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപംനല്‍കണമെന്ന ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ നിര്‍ദേശം രാജ്യസ്‌നേഹികളും രാജ്യത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ളവരും നിരുപാധികം സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല. രാജ്യത്തെ വിഭവങ്ങള്‍ പരിമിതമായ സാഹചര്യത്തില്‍ ജനസംഖ്യാ വിസ്‌ഫോടനം ആശങ്കാജനകമാണെന്നും, ഇക്കാര്യത്തില്‍ പൊതുവായ ബോധവല്‍ക്കരണവും ജാഗ്രതയും ആവശ്യമാണെന്നുമുള്ള ഹൊസബാളെയുടെ അഭിപ്രായത്തില്‍ രാഷ്‌ട്രീയത്തിനുപരിയായി അടിയന്തരമായ ശ്രദ്ധ പതിയേണ്ടതുണ്ട്. മതപരിവര്‍ത്തനം രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതിന് കാരണമായി, ജനസംഖ്യയിലെ മതപരമായ അസന്തുലിതാവസ്ഥ പല രാജ്യങ്ങളുടെയും വിഭജനത്തിലേക്ക് നയിച്ചു, നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതും ഇതിനാലാണ് എന്നൊക്കെയുള്ള അസുഖകരമായ ചില വസ്തുതകളും ഹൊസബാളെ അവതരിപ്പിച്ചു. ഇതിനോടൊക്കെ രാഷ്‌ട്രീയമായി വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ അവര്‍ക്കും വസ്തുതകള്‍ നിഷേധിക്കാനാവില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥയുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളിലേക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും നാഗ്പൂരിലെ ഈ വര്‍ഷത്തെ വിജയദശമി സന്ദേശത്തില്‍ വിരല്‍ചൂണ്ടിയിരുന്നു. രാജ്യത്ത് ജനസംഖ്യാ വര്‍ധനവ് ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും, ഇതിന് ആനുപാതികമായ വിഭവങ്ങളില്ലെങ്കില്‍ സമൂഹത്തിന് താങ്ങാനാവാത്ത ഭാരമായി മാറുമെന്നും സര്‍സംഘചാലക് പറഞ്ഞത് ചില കോണുകളില്‍ സൃഷ്ടിച്ച അസ്വസ്ഥതയ്‌ക്ക് കാരണം രാഷ്‌ട്രീയവും മതപരവുമൊക്കെയായ സ്ഥാപിതാല്‍പ്പര്യങ്ങളാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
സര്‍ക്കാര്‍ പുതിയൊരു ജനസംഖ്യാ നയത്തിന് രൂപംനല്‍കണമെന്ന ആര്‍എസ്എസിന്റെ ആവശ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് ഏതെങ്കിലും മതത്തെയും സമുദായത്തെയും മാത്രം ബാധിക്കുന്നതല്ല. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചും, അത് നിയന്ത്രിക്കേണ്ട ആവശ്യകതയെക്കുറിച്ചും ആരെങ്കിലും സംസാരിച്ചാല്‍ മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഉടനെയുണ്ടാവുന്നു. സര്‍സംഘചാലകിന്റെ വിജയദശമി സന്ദേശത്തിനെതിരെ അസാസുദ്ദീന്‍ ഒവൈസി നിലവാരമില്ലാത്ത ഭാഷയില്‍ നടത്തിയ പ്രതികരണം ഒറ്റപ്പെട്ടതല്ല. ജനസംഖ്യയില്‍ മതപരമായുണ്ടാകുന്ന വളര്‍ച്ചയും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചരിത്രത്തില്‍ നിന്നും വര്‍ത്തമാനകാലത്തുനിന്നും പഠിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇക്കൂട്ടര്‍. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ മൂലം ഈ നൂറ്റാണ്ടില്‍ത്തന്നെ രൂപംകൊണ്ട പുതിയ രാജ്യങ്ങളാണ് കിഴക്കന്‍ ടിമൂര്‍, ദക്ഷിണ സുഡാന്‍, കൊസോവ തുടങ്ങിയവ. നമുക്കാണെങ്കില്‍ ഇന്ത്യാ വിഭജനം നല്‍കുന്ന പാഠവുമുണ്ട്. ജനസംഖ്യയിലെ മതപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതു കാണിക്കുന്നത്. സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ആധിപത്യത്തിന് ജനസംഖ്യയെ ഉപയോഗിക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ സജീവമാണ്. ഇതിന്റെ ഉദാഹരണങ്ങള്‍ കേരളവും കണ്ടുകൊണ്ടിരിക്കുന്നു. ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കേരളത്തില്‍ പ്രഖ്യാപിത വിലക്കു തന്നെയുണ്ട്. ടി.പി. സെന്‍കുമാറിനെതിരായ ഭീഷണികളും കേസും ആരും മറന്നിട്ടുണ്ടാവില്ല.
ഫലപ്രദമായ ജനസംഖ്യാ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നിരവധി ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ പ്രശ്‌നമാണിത്. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെതാണ് ഒരു ബില്ല്. ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലും നിരവധി ഹര്‍ജികളെത്തുന്നു. എന്നാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തില്‍ സ്വതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നില്ല. ആരെങ്കിലും ഗൗരവമായി ഈ വിഷയം ഉന്നയിച്ചാല്‍ നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ് എന്നൊക്കെയുള്ള മുറവിളികള്‍ ഉയര്‍ത്തി പ്രതിരോധിക്കുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയില്‍ ദല്‍ഹിയില്‍ നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം അന്നും ഇന്നും വലിയ വിവാദമാണ്. എന്നാല്‍ രാജ്യത്തിന്റെ കുടുംബാസൂത്രണത്തിനും, ജനസംഖ്യ നിയന്ത്രിക്കാനും നിയമനിര്‍മാണം വേണ്ടിവരികയാണെങ്കില്‍ അതിന് മടിച്ചുനില്‍ക്കേണ്ടതില്ല. മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം ശക്തമായും സുരക്ഷിതമായും നിലനില്‍ക്കേണ്ടത് രാജ്യസ്‌നേഹികളായ ഓരോ പൗരന്റെയും ആവശ്യമാണ്. ജനപ്പെരുപ്പവും അതിന്റെ വിസ്‌ഫോടനവും ഇതിനെതിരായിരിക്കും. ഇത് ഒഴിവാക്കാനുള്ള എല്ലാ അധികാരവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: