നെടുമ്പാശേരി: വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെ കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ രീതി പരീക്ഷിച്ച യാത്രക്കാരന് കസ്റ്റംസിന്റെ വലയില്‍ കുടുങ്ങി. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം ഇവ പായ്ക്ക് ചെയ്ത് കടത്താനാണ് തൃശ്ശൂര്‍ സ്വദേശി ഫഹദ് (26) ശ്രമിച്ചത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കുടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച പുതിയ തന്ത്രത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
സ്വര്‍ണത്തില്‍ മുക്കിയ അഞ്ചു തോര്‍ത്തുകളാണ് എയര്‍ കസ്റ്റംസ് ഇയാളുടെ ബാഗില്‍നിന്നു പിടിച്ചെടുത്തത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്നും ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്വര്‍ണം പിടിക്കുന്നതെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: