ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റു 44-ാം ദിവസമാണു ലിസ് ട്രസിന്റെ രാജി. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിന്റെ പേരിലായി.
ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഭരണപക്ഷത്തുനിന്നു തന്നെ ലിസ് ട്രസിനെതിരെ വിമര്‍ശനമുണ്ടായി. രാജിവെച്ച ഹോം സെക്രട്ടറി ബ്രേവര്മാന് പ്രധാനമന്ത്രി ലിസ് ട്രസിനു നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ, ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായി. മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങള്‍ ലിസ് ട്രസിനു നേരെ ചൊരിഞ്ഞാണ് ബ്രേവര്മാന്, ഇറങ്ങിപ്പോയത്.
ബ്രെവര്‍മാന്റെ രാജിക്ക് തൊട്ടു മുമ്പായി, ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണ്. സഭ കലുഷിതമായതിനു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ, ചീഫ് വിപ്പ് വെന്‍ഡി മോര്‍ട്ടനും രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: