പി. ശിവപ്രസാദ്
കേരളത്തിന്റെ രാഷ്ട്രീയ ജാഗ്രതയുടെ മറുപേരായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നൂറു വയസിന്റെ നിറവിലേക്ക്. വിഎസിന് ഇന്ന് 99 വയസ് പൂര്‍ത്തിയാകും. പതിവു പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാകും വിഎസിന്റെ ഈ ദിനവും കടന്നു പോകുക. കഴിഞ്ഞ മൂന്നു വര്‍ഷമായി പൂര്‍ണ വിശ്രമത്തിലാണ് അദ്ദേഹം. 1923 ഒക്ടോബര്‍ 20ന് പുന്നപ്ര പറവൂരിലാണ് ജനനം.
വെന്തലത്തറ ശങ്കരന് അച്യുതാനന്ദന് എന്ന വി. എസ്. അച്യുതാനന്ദനെ വേലിക്കകത്താക്കി ഒതുക്കാന്‍ പാര്‍ട്ടി പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ചരിത്രമാണുള്ളത്. പാര്‍ട്ടിക്ക് പുറത്തുള്ള ജനമാണ് തന്റെ ശക്തിയെന്ന് പലതവണ തെളിയിച്ച നേതാവാണ് വിഎസ്. സിപിഎമ്മില്‍ എകെജിക്ക് മാത്രമാണ് ഇത്രയധികം ജനപിന്തുണ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ തീവെട്ടിക്കൊള്ളയും സ്വജന പക്ഷപാതവും, അഴിമതിയും ആഘോഷമായപ്പോള്‍ വിഎസ് സജീവമായി ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ഏറ്റവും അധികം ആളുകളില്‍ നിന്നുയര്‍ന്നത്. പ്രായം തളര്‍ത്താത്ത പോരാളിയാണ് വിഎസ്. മുസ്ലീം മതഭീകരവാദവും, ചങ്ങാത്ത മുതലാളിത്തവും അടക്കം അദ്ദേഹം ചൂണ്ടിക്കാട്ടിയതെല്ലാം പിന്നീട് കേരളത്തില്‍ ഭരണകക്ഷിയുടെ പിന്തുണയോടെ പിടിമുറുക്കി.
ആഹാരത്തിന്റെയും, പാര്‍പ്പിടത്തിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ഇത്രയും ദരിദ്രപശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവ് വിരളമാണ്. വിഎസിന് മുന്‍പ് പത്തു പേര് മുഖ്യമന്ത്രി പദവിയില്‍ വന്നിട്ടുണ്ട്. പക്ഷെ ഇത്രയും ഏളിയ പശ്ചാത്തലത്തില്‍ നിന്ന് നിരവധി പ്രതിസന്ധികള്‍ മറികടന്ന് ആ സ്ഥാനത്ത് വന്നവര്‍ ആരുമില്ല. ആ പദവിയില്‍ അദ്ദേഹത്തെ നിയോഗിക്കേണ്ട എന്ന് പാര്‍ട്ടി തന്നെ ആവര്‍ത്തിച്ചു തീരുമാനിച്ചിട്ടും അവസാനം അവിടേക്ക് നിയോഗിക്കേണ്ടി വന്നു. ഇത്തരമൊരു തിരുത്തല്‍ പാര്‍ട്ടിയില്‍ ചരിത്രമാണ്. ജനങ്ങളുടെ തീരുമാനത്തിന് മുന്നില്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടി വന്നു.
വിഎസിന്റെ ജീവിതം പോരാട്ടങ്ങളുടേതാണ്. അതില്ലാത്ത ഒരു ഘട്ടവും ആ ജീവിതത്തില്‍ ഇല്ല. പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ പലതവണ പരാജയത്തിന്റെ കയ്പുനീര് കുടിച്ചിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്താലാണ്. പാര്‍ട്ടി വഴിതെറ്റിയപ്പോഴൊക്കെ അദ്ദേഹം കലാപക്കൊടി ഉയര്‍ത്തി. എം.വി. രാഘവന്റെ നേതൃത്വത്തില്‍ നടന്ന ബദല്‍രേഖാ വിവാദത്തില്‍ പാര്‍ട്ടിയെ ഉലയാതെ സംരക്ഷിച്ചതില്‍ മുന്നില്‍ വിഎസായിരുന്നു. മദനിയുമായുള്ള അടവുനയത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കാനും മടികാണിച്ചില്ല. ഇതിനിടെ കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ ആയി വാഴ്ത്തിയും പാര്‍ട്ടി അദ്ദേഹത്തെ മൂലയ്ക്കിരുത്തി. 1996ലെ തെരഞ്ഞെടുപ്പ് വഴിത്തിരിവായിരുന്നു വിഎസിനും, സിപിഎമ്മിനും. അപ്രതീക്ഷിതമായി വിഎസ് മാരാരിക്കുളത്ത് പരാജയപ്പെട്ടു. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന അച്യുതാനന്ദനെ സ്വന്തം പാര്ട്ടിക്കാര് കാലുവാരി. 1965 വോട്ടുകള്‍ക്കായിരുന്നു പരാജയം. സാധാരണ വിശ്രമജീവിത കാലയളവായ വാര്‍ദ്ധക്യം വിഎസ് കര്‍മ്മനിരതനായിരുന്നു. മുഖ്യമന്ത്രിയാകുന്നത് 82-ാം വയസിലാണ്. ഈ പ്രായത്തില്‍ മുഖ്യമന്ത്രി കേരളത്തിലാദ്യമാണ്. 87-ാം വയസു മുതല്‍ 92 വയസുവരെ പ്രതിപക്ഷ നേതാവായിരുന്നു. ഇതും റെക്കോഡാണ്. പിന്നീടും എംഎല്‍എയും ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. വാര്‍ദ്ധക്യ കാലത്ത് ഇത്രയും യുവത്വത്തോടെ പ്രവര്‍ത്തിച്ച നേതാവും അപൂര്‍വമാണ്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതന്യൂനപക്ഷ പ്രീണനവും, ഭീകരവാദികളെ കൂട്ടുപിടിക്കുന്നതും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ മതതീവ്രവാദികള്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നു കാട്ടാനും അദ്ദേഹം മടികാണിച്ചില്ല. പലപ്പോഴും പാര്‍ട്ടിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് പല നിലപാടുകളില്‍ നിന്നും പിന്നാക്കം പോകേണ്ടിയും വന്നിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ സപിഎം പ്രതിസ്ഥാനത്തായപ്പോള്‍ ടിപിയുടെ വീട്ടിലെത്തി ഭാര്യ കെ.കെ.രമയെ ആശ്വസിപ്പിച്ച വിഎസ് താന്‍ പാര്‍ട്ടി ചെയ്ത തെറ്റിനൊപ്പമല്ലെന്ന സന്ദേശമാണ് നല്‍കിയത്. എങ്കിലും ടിപിയുടെ ഘാതകര്‍ക്ക് സിപിഎം സംരക്ഷകരായപ്പോള്‍ വിഎസ് മൗനിയായതും ചരിത്രം.
ആദ്യമായി പാര്‍ട്ടി നടപടി നേരിട്ടത് സ്വന്തം രാജ്യത്തിന് വേണ്ടി നിലപാട് സ്വീകരിച്ചതിനായിരുന്നു. ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം ചെയ്യണമെന്ന് വിഎസ് നിലപാടെടുത്തു. മാത്രമല്ല, തങ്ങളുടെ ജയില്‍ സമ്പാദ്യം യുദ്ധഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചൈനിസ് ഭക്തന്മാരായിരുന്ന നേതൃത്വം വിഎസിനെതിരെ സ്വാഭാവികമായും നടപടിയെടുത്തു. വിഎസിനെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട പുതുതലമുറ സഖാക്കള്‍ രംഗത്തെത്തിയത് വിഭാഗീയത ആഞ്ഞു വിശീയ കാലയളവിലാണ്. ഇന്‍ഡോര്‍ ചെടികളെ പോലെ ഇന്നലത്തെ ശീതളഛായയില്‍ മൂത്ത ഇളംമുറക്കാരാണ് ഇവരെന്നായിരുന്നു വിഎസ് ഇതിനോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: