ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഇന്ത്യ, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കു പൂര്‍ണ പിന്തുണയേകാനും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സൈന്യത്തിനു വേണ്ട യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ടാങ്കുകളും പരിശീലന വിമാനങ്ങളും തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും ഇന്ത്യന്‍ കമ്പനികളില്‍ത്തന്നെ വലിയ തോതില്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിക്കുന്ന 101 യുദ്ധോപകരണങ്ങളുടെ നാലാമത്തെ പട്ടിക ഇന്നലെ ഗുജറാത്തില്‍ ആരംഭിച്ച ഡിഫന്‍സ് എക്സ്പോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. അഞ്ചു മുതല്‍ 10 വര്‍ഷം വരെയായി 1,75,000 കോടിയുടെ ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നു വാങ്ങാനാണ് കേന്ദ്ര തീരുമാനം.
അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി എട്ടു മടങ്ങു വര്‍ധിച്ചെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ലോകത്തെ 75ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നുണ്ടെന്നും അറിയിച്ചു. ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021-22ല്‍ ഇന്ത്യ 13,000 കോടി രൂപയുടെ ആയുധങ്ങള്‍ കയറ്റി അയച്ചു. ഇത് 40,000 കോടിയിലെത്തിക്കാനാണ് ലക്ഷ്യം. എട്ടു വര്‍ഷം മുമ്പു വരെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്നലെ 101 ഉത്പന്നങ്ങളുടെ പട്ടിക കൂടി പുറത്തുവിട്ടതോടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രതിരോധ ഉപകരണങ്ങള്‍ 411 ആയി. യുദ്ധക്കപ്പലുകളായ ഫ്രിഗേറ്റുകള്‍, നാവിക കപ്പലുകള്‍ക്കുള്ള റിമോട്ട് സംവിധാനം, കപ്പല്‍ വേധ മിസൈല്‍, കടല്‍ നിരീക്ഷണ വിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, യന്ത്രവത്കൃത കാലാള്‍പ്പട, വളരെ ദൂരം സഞ്ചരിക്കുന്ന ആളില്ലാ വിമാനങ്ങള്‍, എയര്‍ഫോഴ്സിനുള്ള ബുള്ളറ്റ് പ്രൂഫ് സെക്യൂരിറ്റി വെഹിക്കിള്‍, മൈന്‍വാരി കപ്പലുകള്‍ എന്നിവ പട്ടികയില്‍പ്പെടുന്നു.ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിച്ച പരിശീലന വിമാനം എച്ച്ടിടി 40 ചടങ്ങില്‍ മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ഗുജറാത്തില്‍ പണിയുന്ന ഡീസ് എയര്‍ഫീല്‍ഡിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഇറക്കുമതി കുറയ്‌ക്കാന്‍ പ്രതിരോധ മന്ത്രാലയം പ്രതിവര്‍ഷം 3,000 കോടി രൂപ ലാഭിക്കുന്ന 2,851 ഇനങ്ങള്‍ അടങ്ങിയ ഉപരോധ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: