വാഷിംഗ്ടണ്‍: എയിംചെസ് റാപിഡില്‍ ഇന്ത്യയിലെ കൗമാരതാരങ്ങളായ മൂന്ന് പേരും- ഗ്രാന്റ്മാസ്റ്റര്‍മാരായ അര്ജുന് എരിഗെയ്സി, ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഇതില്‍ അര്ജുന് എരിഗെയ്സിയുമായി ആദ്യ റൗണ്ടില്‍ തോറ്റ മാഗ്നസ് കാള്സന് പക്ഷെ ക്വാര്‍ട്ടറില്‍ പകരം വീട്ടി.
മാഗ്നസ് കാള്സന് തന്റെ അജയ്യത വീണ്ടും തെളിയിച്ചു. അപകടകരമല്ലാത്ത പ്രാഥമിക റൗണ്ടുകളില്‍ തോറ്റാലും അന്തിമവിജയം കാള്‍സന്റേത് തന്നെ എന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. നിര്‍ണ്ണായകമായ ക്വാര്‍ട്ടര്‍ ഫൈനല്‍ എത്തിയപ്പോള്‍ കാള്സന് ഉണര്‍ന്ന് കളിച്ചു. അതോടെ എരിഗെയ്സി ഭസ്മമായി. ഇത് തന്നെയാണ് കഴിഞ്ഞമാസം പ്രഗ്നാനന്ദയുമായി കളിച്ചപ്പോഴും ഉണ്ടായത്. പ്രാഥമിക റൗണ്ടുകളില്‍ തോല്‍വി സമ്മതിച്ചാലും ഫൈനലില്‍ നിര്ണ്ണായകകളിയില് പ്രഗ്നനാന്ദയെ തോല്പിച്ച് കാള്സന് കിരീടം നേടുകയായിരുന്നു.
മൂന്ന് ഗെയിമുകളുള്ള ക്വാര്‍ട്ടറില്‍ ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളിലും കാള്സന് വിജയിച്ചു. ഇതോടെ മാഗ്നസ് കാള്സന് സെമിയില്‍ കടന്നു. ഇതോടെ കാള്സന് മെല്റ്റ് വാട്ടര്‍ ചെസ് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായ എയിം ചെസിലും വിജയകിരീടത്തിലേക്ക് നീങ്ങുകയാണ്. മെല്റ്റ് വാട്ടര്‍ ചെസ് ടൂറിലെ മറ്റ് ടൂര്‍ണ്ണമെന്റുകളായ ജൂലിയസ് ബെയര്‍, എഫ്ടിഎക്സ് ക്രിപ്റ്റോ, ജൂലിയസ് ബെയര്‍ എന്നിവയില്‍ മാഗ്നസ് കാള്സന് തന്നെയായിരുന്നു ജേതാവ്. കാള്‍സന്റെ അസാധാരണമികവിന് ഉദാഹണമാണ് അഞ്ച് തവണത്തെ ലോക ചെസ് കിരീടം.
മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായ, ഈ ടൂര്‍ണ്ണമെന്റില്‍ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ഡി.ഗുകേഷ് പക്ഷെ റിച്ചാര്‍ഡ് റപോര്ട്ടുമായി തോറ്റു. നാല് ഗെയിമുള്ള മത്സരത്തില്‍ രണ്ട് ഗെയിം റിച്ചാര്‍ഡ് റപോര്‍ട്ട് വിജയിച്ചു. ഒരു ഗെയിം സമനിലയിലായി. ഒരഎണ്ണം ഗുകേഷ് വിജയിച്ചു.
വിദിത് ഗുജറാത്തിയെ ജന്‍ ക്രിസ്റ്റഫ് ഡുഡ തോല്പിച്ചു. ഒരു ഗെയിം സമനിലയിലായപ്പോള്‍ രണ്ട് ഗെയിമുകള്‍ ക്രിസ്റ്റഫ് ഡുഡ നേടി. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരമായ ഹരികൃഷ്ണ നേരത്തെ തോറ്റു പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: