തൃശൂര്‍: ഉത്സവ സീസണ് ആരംഭിക്കാനിരിക്കെ നാട്ടാനകളുടെ എണ്ണക്കുറവ് എഴുന്നള്ളിപ്പുകളെ പ്രതിസന്ധിയിലാക്കിയേക്കും. ആന എഴുന്നള്ളിപ്പുള്ള ക്ഷേത്രങ്ങള്‍ വനം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനകളെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന നിയമവും പ്രതിസന്ധിയുടെ ആഴംകൂട്ടാനിടയുണ്ട്. ഇതേത്തുടര്‍ന്ന് തൃപ്രയാര്‍ ഏകാദശി മുതല്‍ തൃശൂര്‍ പൂരം വരെ പ്രതിസന്ധിയിലായേക്കാം.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ആന എഴുന്നള്ളിപ്പുകളുള്ള ആയിരക്കണക്കിന് ഉത്സവങ്ങളാണ് ഉള്ളത്. ഇത് കൂടാതെ ശിവരാത്രി പോലുള്ള വിശേഷ ദിവസങ്ങളിലും നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ആഘോഷം നടക്കും. ഇതിനായി നിലവിലുള്ളത് 440 നാട്ടാനകള്‍ മാത്രമാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകള്‍ അടക്കമാണിത്. ഗുരുവായൂര്‍ ആനക്കോട്ടയിലെ വളരെ കുറച്ച് ആനകളെ മാത്രമേ പുറത്തേക്ക് എഴുന്നള്ളിപ്പിന് വിടാറുള്ളൂ. അതിന് പുറമെ മദപ്പാട് മൂലം മാറ്റി നിര്‍ത്തപ്പെടുന്ന ആനകള്‍ കൂടി കണക്കിലെടുത്താല്‍ 150 നും 200നും ഇടയില്‍ ആനകളെ മാത്രമേ എഴുന്നള്ളിപ്പിന് ലഭിക്കൂ.
അതേസമയം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഫോറസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആനകളെ എഴുന്നള്ളിക്കാനാകില്ല. മേയ് മാസത്തിലായിരുന്നു രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന അവസരം ലഭിച്ചത്. അപേക്ഷകളില്‍ പരിശോധന നടത്തി അനുമതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പുകള്‍ നടന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഉത്സവ സീസണിന്റെ അവസാന സമയത്താണ് കൊവിഡ് നിയന്ത്രണം പിന്‍വലിച്ചത്.
ഏതാനും വര്‍ഷം കൂടി കഴിഞ്ഞാല്‍ ആന എഴുന്നള്ളിപ്പ് തന്നെ നിലച്ചു പോകുമെന്ന ആശങ്കയിലാണ് ആനപ്രേമികളും ഉത്സവ സംഘാടകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: