മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ നിര്‍ണായക സാക്ഷി ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെ വിസ്തരിച്ചു. ഇവര്‍ മൊഴിയില്‍ ഉറച്ചുനിന്നു. മുക്കാലിയില്‍ നിന്നും മധുവിനെ ജീപ്പില്കയറ്റിക്കൊണ്ടുപോയ അഗളി പോലീസ് സ്റ്റേഷന് എആര്‍ ക്യാമ്പിലെ സിപിഒയും 112-ാം സാക്ഷിയുമായ സുജിലാലിനെയാണ് ഏറെ നേരം വിസ്തരിച്ചത്.
2018 ഫെബ്രുവരി 22ന് സ്റ്റേഷന് ജീപ്പില്‍ മൂന്ന് മണിയോടെ മുക്കാലിയില്‍ എത്തിയെന്നും, തന്നെ പിടിച്ചു കൊണ്ടുവന്നവരും ജീപ്പില്‍ കയറ്റിയവരും മര്‍ദ്ദിച്ചുവെന്നും മധു പറഞ്ഞുവെന്ന് സുജിലാല്‍ മൊഴിനല്‍കി. അവശനായി കാണപ്പെട്ട മധുവിനെ ചികിത്സക്കായി അഗളി സിഎച്ച്സിയില് എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മധു മരിച്ചുവെന്നും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്റെ ചോദ്യത്തിന് മറുപടി നല്കി.
എന്നാല്‍ മധുവിനെ പോലീസ് ജീപ്പില്‍ വച്ച് ഉപദ്രവിച്ചുവെന്നും ഇതിനാലാണ് മരിച്ചതെന്നുമാണ് പ്രതികള്‍ പറയുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ഇത് സാക്ഷി നിഷേധിക്കുകയും, പോലീസിന് നല്കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. 77-ാം സാക്ഷി എയര്‍ടെല്ലിന്റെ നോഡല്‍ ഓഫീസര്‍ കെ.വാസുദേവന്‍,99-ാം സാക്ഷി അഗളി വനിത സിപിഒ സുന്ദരി എന്നിവരെയും ഇന്നലെ കോടതി വിസ്തരിച്ചു. ഇവരും പോലീസിന് നല്കിയ മൊഴിയില്‍ ഉറച്ചുനിന്നു.
ഇന്നലെ വിസ്തരിക്കേണ്ട 113-ാം സാക്ഷി സിപിഒ റെജിമോനെയും, കേസില്‍ കൂറുമാറിയ 19-ാം സാക്ഷി കക്കി മൂപ്പനേയും, 18-ാം സാക്ഷി കാളി മൂപ്പനേയും നാളെ വിസ്തരിക്കും. 11 പ്രതികളുടെ ജാമ്യഹര്‍ജിയും നാളെ കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: