സിപിഎമ്മിലെ പ്രശ്നങ്ങള്‍ തന്നെ ഗുരുതരം. ഒന്നും പറയാനോ പ്രവര്‍ത്തിക്കാനോ പറ്റാത്ത അവസ്ഥ. പയ്യന്നൂരിലെ വെട്ടിപ്പും സിപിഎം പാര്‍ട്ടി ഫണ്ടുതിരിമറിയും കെട്ടടങ്ങും മുമ്പാണ് പാലക്കാട് പ്രശ്നം സജീവമായത്. പെണ്‍വിഷയത്തില്‍ പെട്ടുലഞ്ഞ പി.കെ.ശശി വീണ്ടും വെട്ടിലായി. വിഷയം പാര്‍ട്ടി ഫണ്ടുതന്നെ. അതിനിടയില്‍ ആരുപെട്ടാലും പാര്‍ട്ടി എങ്ങിനെ ഇടപെടും എന്നതാണ് പ്രശ്നം. പറഞ്ഞുവരുന്നത് എല്‍ദോസ് കുന്നപ്പള്ളി വിഷയം തന്നെ. പാര്‍ട്ടിക്ക് ഇങ്ങനെയൊരു വിഷയം കിട്ടിയാല്‍ എന്താകും എന്ന് പറഞ്ഞറിയിക്കേണ്ടതുണ്ടോ? ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കളെയാകെ പിടിച്ചുലച്ചതല്ലെ പാര്‍ട്ടി. എന്നിട്ടും എന്തേ എല്‍ദോസിന്റെ കാര്യത്തില്‍ ഒരു മെല്ലെപ്പോക്കെന്ന് ആരും ചോദിച്ചുപോകും.
എല്‍ദോസ് ചെയ്തതൊക്കെ മോശം തന്നെ. പക്ഷേ രാജിവയ്ക്കേണ്ടതില്ല എന്ന നിലപാടിലാണവര്‍. പോരെ പൂരം. പാര്‍ട്ടിയും പെട്ടു എന്നുപറഞ്ഞാല്‍ മതിയല്ലൊ. എല്‍ദോസ് രാജിവയ്ക്കണമെന്ന നിര്‍ബന്ധം പറഞ്ഞാല്‍ അതേ നിലപാട് പ്രതിപക്ഷവും തുടര്‍ന്നാല്‍ രാജിയുടെ ഘോഷയാത്ര തന്നെ വേണ്ടിവരില്ലേ. അതുകൊണ്ട് തന്നെ ‘ഒരു വെടി താന്‍ വയ്ക്ക്. ഒരു വെടി ഞാനും വയ്ക്കാം. രണ്ടുപേരും ചേര്‍ന്ന് തുരുതുരാവെടിവയ്ക്കാം’ എന്ന പോലെ. രണ്ടുമുന്നണികളും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സാരം. ഈ സാഹചര്യത്തിലാണ് ശൈലജ ടീച്ചറുടെ പ്രശ്നവും പൊങ്ങിവരുന്നത്. മഹാമാരിക്കാലത്തെ ഇടപാട് ചൂടുപിടിക്കുകയാണല്ലോ. എന്നെ തൊട്ടാല്‍ തൊട്ടവനെയും തട്ടും എന്ന നിലപാടിലാണ് കെ.കെ.ശൈലജ.
500 രൂപയുടെ പിപിഇ കിറ്റ് 1500നു വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുവൈറ്റില്‍ ടീച്ചര്‍ പറഞ്ഞത് വെറുതേയല്ല. കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്കിയ നോട്ടിസില്‍ വിശദീകരണവുമായാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇങ്ങിനെ പറഞ്ഞത്. ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
”മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്.” പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
”കെഎംസിഎല്ലിന്റെ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് തീരാന്‍ പോവുകയാണെന്നും വാങ്ങിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അപകടത്തിലാകുമെന്നും പറഞ്ഞു. ഞാന്‍ ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കാന്‍ പറഞ്ഞു. പക്ഷേ, ഗുണനിലവാരവും ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. മാര്‍ക്കറ്റില്‍ പിപിഇ കിറ്റിന്റെ വില വര്‍ധിച്ചിരുന്നു. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പിപിഇ കിറ്റ് 1500 രൂപയായി. ഞാന്‍ മുഖ്യമന്ത്രിയോട് ഇതു വാങ്ങണോയെന്ന് ചോദിച്ചു. പൈസയൊന്നും നോക്കേണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്നുമുള്ള വിശ്വസത്തില്‍ 50,000 പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 15,000 പിപിഇ കിറ്റ് വാങ്ങിയപ്പോഴേക്കും മാര്‍ക്കറ്റില്‍ വില കുറയാന്‍ തുടങ്ങി. തുടര്‍ന്ന് 35,000 പിപിഇ കിറ്റിന്റെ ഓര്‍ഡര്‍ റദ്ദാക്കി. പിന്നീട് മാര്‍ക്കറ്റില്‍ വരുന്ന വിലയ്ക്ക് വാങ്ങി”-ശൈലജ വ്യക്തമാക്കി.
കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ നായര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8നു ഹാജരാകണമെന്നാണ് നിര്‍ദേശം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു വീണ എസ്.നായര്‍. കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന് എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് മുന്‍ ജനറല്‍ മാനേജര്‍ എസ്.ആര്.ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണു പരാതി. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു കേസ് ഫയലില്‍ സ്വീകരിച്ചത്. ഇനി എന്തുചെയ്യണം എങ്ങിനെ നീങ്ങണം എന്ന ചിന്ത ശക്തമാണ്. ലോകായുക്തനിയമം ഭേദഗതി നിയമസഭ പാസാക്കി. പക്ഷേ ഗവര്‍ണര്‍ ഒപ്പുവച്ചില്ല. രണ്ടുമാസംകൊണ്ട് ഗവര്‍ണര്‍ ഒപ്പുവയ്ക്കുമോ എന്ന് സംശയമാണ്. ഗവര്‍ണറാകട്ടെ സര്‍ക്കാരുമായി ഇടഞ്ഞുനില്ക്കുകയും ചെയ്യുന്നു. ഏതായാലും താനൊറ്റയ്ക്കാകില്ല കുടുങ്ങുന്നതെന്ന സൂചനയാണ് ശൈലജയുടെ പ്രതികരണം വ്യക്തമാക്കുന്നത്.
കേരളത്തില്‍ മഹാമാരിക്കാലത്തെ ഇടപാടുകളെല്ലാം തോന്നുംപടിയാണ്. പിപിഇ കിറ്റ് എത്തിച്ചത് ഒരു കടലാസ് കമ്പനിയാണെന്നാണ് ആക്ഷേപം. മഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ. പിപിഇ കിറ്റ് മാത്രമല്ല, മാസ്ക്, കൈ ഉറ തുടങ്ങിയവ സംഘടിപ്പിച്ചതില്‍ കോടികളുടെ അഴിമതി നടന്നു എന്നാണ് ആരോപണം. 12.15 കോടിയുടെ ഗ്ലൗസ് കഴക്കൂട്ടത്തെ പച്ചക്കറി സംഭരണക്കാര്വഴി ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്കി എന്നും പറയുന്നു. ഇത് സംബന്ധിച്ച് അക്കൗണ്ടന്റ് ജനറല്‍ പരിശോധന തുടരുകയാണെന്നും കേള്‍ക്കുന്നു.
മഹാമാരി കേരളത്തില്‍ മാത്രം പിടിപെട്ടതല്ല. ലോകം തന്നെ ഞെട്ടിത്തരിച്ചതാണ്. അവര്‍ക്ക് ആശ്രയവും അത്താണിയുമായി നിന്നത് ഭാരതമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകത്തിന്റെ രക്ഷകനായി കണ്ടകാലമായിരുന്നല്ലോ മഹാമാരിക്കാലം. വാക്സിന് വിതരണം ഇന്ത്യയുടെ കുത്തകയായി. ഇന്ത്യ നിര്‍മ്മിച്ച വാക്സിന് ഏറെ പ്രശംസിക്കപ്പെട്ടു. ആര്‍ക്കും വാക്സിന് നല്കുന്ന സ്ഥിതിവരെ വന്നു. അതിലെവിടെയും ഒരു ക്രമക്കേടോ ആരോപണമോ വന്നതേയില്ല. അപ്പോഴാണ് കേരളം!. പിപിഇ കിറ്റിന്റെ വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ലേഖകന്‍ പ്രസാദിനെതിരെ സൈബര്‍ഗുണ്ടകള്‍ ആക്ഷേപങ്ങളുടെ പെരുമഴ ചൊരിയുകയാണ്. ഏതായാലും നല്ല ചികിത്സയും പരിചരണവും നല്കിയ മന്ത്രി എന്ന നിലയില്‍ മാഗ്സാസെ ശൈലജക്ക് അവാര്‍ഡ് നിശ്ചയിച്ചു. അത് വാങ്ങുന്നതിന് തടയിട്ട പാര്‍ട്ടിയാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. ഏതായാലും പെട്ടു. മുങ്ങുമ്പോള്‍ ഒരുമിച്ച് മുങ്ങാം എന്നമട്ടിലായി ടീച്ചറുടെ പ്രതികരണം. ഇടിയഞ്ച് കൊണ്ടാലെന്താ ഈയം പോലുള്ള ചക്ക തിന്നില്ലേ എന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: