തിരുവനന്തപുരം: പോപ്പുലര്‍ഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. കൊച്ചിയില്‍ കോടതി വളപ്പില്‍ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ കൊടുക്കാന്‍ വന്ന എന്‍ഐഎ ഉദ്യോഗസ്ഥന്മാരുടെ ദൃശ്യങ്ങള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പകര്‍ത്തിയത് ഗൗരവകരമാണ്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഇവര്‍ക്കെതിരെ കേസ് എടുക്കാത്തത് ഞെട്ടിക്കുന്നതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹ നിലപാട് എടുത്തതിന് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചത് പിണറായി വിജയന് അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പിഎഫ്ഐ നിരോധനം കേരള സര്‍ക്കാര്‍ അട്ടിമറിച്ചു. പിഎഫ്ഐയുടെ പല ഓഫീസുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മതഭീകരവാദ സംഘടന രഹസ്യമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍ക്കാരിന് ആരോടാണ് കൂറ് എന്നതാണ് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യം. മറ്റെല്ലാ സംസ്ഥാനങ്ങളിലും 24 മണിക്കൂറുകള്‍ക്കകം പിഎഫ്ഐ ഓഫീസുകള്‍ അടച്ചുപൂട്ടുകയും അവരുടെ പ്രവര്‍ത്തനം നിര്‍ത്തിക്കുകയും അവരുടെ നേതാക്കളെ നിരീക്ഷണവലയത്തിലാക്കുകയും ചെയ്തു. തീവ്രവാദികളുടെ വോട്ടിന് വേണ്ടിയാണ് നിരോധനം കേരളത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്നും സുധീര്‍ ആരോപിച്ചു.
പിഎഫ്ഐ ഹര്‍ത്താലില്‍ ഏകദേശം ആറുകോടി രൂപയോളം കെഎസ്ആര്‍ടിസിക്ക് മാത്രം നഷ്ടമുണ്ടായിട്ടും നഷ്ടം നേതാക്കളില്‍ നിന്നും കണ്ട്കെട്ടണമെന്ന് ഹൈക്കോടതി പോലും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കേരളത്തില്‍ വലിയ കലാപത്തിന് പിഎഫ്ഐ കോപ്പുകൂട്ടുകയാണ്. സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ എസ്ഡിപിഐയുമായി ചേര്‍ന്ന് സിപിഎം ഭരിക്കുന്നതാണ് പിഎഫ്ഐയോടുള്ള സര്‍ക്കാരിന്റെ മൃദുസമീപനത്തിന് മറ്റൊരു കാരണം. മതഭീകരവാദ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി വലിയ പ്രക്ഷേഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറ!ഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: