തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെ വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്ത് വലിയ തോതില്‍ ഒഴിവാക്കാനായി എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . സംസ്ഥാന വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ നേതൃതലത്തില്‍ പൂര്‍ണ്ണമായി അഴിമതി ഒഴിവാക്കാനായി എന്നതാണ് നാടിന്റെ വിജയം. എന്നാല്‍ വിവിധ തലങ്ങളില്‍ ചില ഘട്ടങ്ങളില്‍ ഉണ്ടാകുന്ന അഴിതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കുന്നത്.
നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കൊക്കെ വലിയ തോതില്‍ അഴിമതി വ്യാപകമായിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാനായി എന്നതാണ് അഭിമാനകരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശക്തമായ നിയമ നടപടി, നിശ്ചയ ദാര്‍ഢ്യത്തിലൂടെ പ്രവര്‍ത്തനം എന്നിവ വഴിയാണ് ഇത് സാധിച്ചത്. അതിനായി ഇനിയും വലിയ തോതില്‍ ബോധവത്കരണം ആവശ്യമാണ്. അഴിമതിയെ തുറന്ന് കാട്ടാനും എതിര്‍ക്കാനും യുവ തലമുറ ശ്രദ്ധിക്കണം. ജീവിതത്തിന്റെ ഏതെങ്കിലും ഭാഗത്ത് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാല്‍, താന്‍ അതിന് തയ്യാറാവില്ലെന്ന ദൃഡനിശ്ചയം കുഞ്ഞുന്നാളിലെ ഉണ്ടാകണം. അത്തരത്തിലുള്ള അവബോധത്തിന് വേണ്ടിയാണ് വിജിലന്‍സ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതൊരു നാടിന്റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിതമായ സംവിധാനം ആവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് കേരള സര്‍ക്കാര്‍ ഭരണം നടത്തുന്നത്. അഴിമതിയെന്ന മഹാവിപത്തിനെ ഒരു പരിധി വരെ നേരിടാന്‍ സാധിച്ചു. രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന പദവി നേടാനായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി പൂര്‍ണ്ണമായി തുടച്ച് നീക്കാന്‍ വിദ്യാര്‍ത്ഥി യുവജനങ്ങളുടെ സജീവ പങ്കാളിത്തം ആവശ്യമാണ്, ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്ല രീതിയില്‍ പങ്ക് വഹിക്കണം, അതോടൊപ്പം അഴിമതിയെപ്പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മയക്കുമരുന്ന് . സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപനം പൂര്‍ണമായി ഇല്ലായ്മ ചെയ്യണം. മയക്ക് മരുന്നിന് അടിമപ്പെടുന്ന ആളുകള്‍ സാധാരണ മനുഷ്യ വികാരങ്ങളില്‍ നിന്നും മാറി പോകുന്നു. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ്. മയക്കു മരുന്ന് വിപത്ത് നാടിനെ തന്നെ വലിയ തോതില്‍ തകര്‍ക്കുന്ന ഒന്നായി തീരുന്നു. ഇതിനെതിരെ അതി വിപുലമായ ഒരു ക്യാമ്പയിനാണ് നാട്ടില്‍ തുടക്കം കുറിച്ചത്. അതില്‍ വിദ്യാര്‍ത്ഥികള്‍ ,അധ്യാപകര്‍ , രക്ഷിതാക്കല്‍ നാട്ടുകാര്‍ ഒക്കെ അണി നിരക്കുന്നു. നവംബര്‍ 1 ന് വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മനുഷ്യ ചങ്ങല തീര്‍ക്കുകയും ചെയ്യും . ഇതില്‍ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തി. അഴിമതിക്കെതിരെ മുഖ്യമന്ത്രി തെളിയിച്ച തിരിനാളം സംസ്ഥാനത്തുടനീളം ജ്വലിച്ച് നില്ക്കട്ടെയെന്ന് കാതോലിക്കാബാവ ആശംസിച്ചു.
സിനിമാ താരം നിവിന്‍ പോളി മുഖ്യാതിഥിയായിരുന്നു. അഴിമതിയില്ലാത്ത നാട് സ്വപ്നമാണെന്നും , സര്‍ക്കാര്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് തന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും നിവിന്‍ പോളി വ്യക്തമാക്കി. അതോടൊപ്പം സമൂഹത്തെ കാര്‍ന്ന് തിന്നുന്ന വിപത്തായ മയക്കുമരുത്തിനെതിരെ എല്ലാവരും പൊതുതരണമെന്നും ഇതിനൊക്കെ കേരളം മാതൃകയാകട്ടെയെന്നും നിവിന്‍ പോളി ആശംസിച്ചു.വിജിലന്‍സ് ഐജി എച്ച് . വെങ്കിടേഷ് ഐപിഎസ്, എസ്.പി ഇ.എസ് ബിജുമോന് തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അഴിമതിക്കെതിരെ നടപ്പാക്കുന്ന ലഘു നാടകത്തിന്റെ ഉദ്ഘാടനവും നിവിന്‍ പോളി നിര്‍വ്വഹിച്ചു.
പരിപാടിയോട് അനുബന്ധിച്ച് അഴിമതിക്കെതിരെ വിജിലന്‍സ് വിഭാഗം തയ്യാറാക്കിയ ബോധവത്കരണ നാടകവും അവതരിപ്പിച്ചു. കൂടാതെ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ സ്കൂളുകള്‍ , റെസിഡന്‍സ് അസോസിയേഷനുകള്‍ , സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലായി വിജിലന്‍സ് ബോധവല്‍ക്കരണവാരാചരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: