തിരുവനന്തപുരം: സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഭരണസ്തംഭനം. വെള്ളിയാഴ്ച വൈകീട്ട് രണ്ടേമുക്കാൽ മുതൽ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാർ പൂർണമായും പരിഹരിക്കാത്തതാണ് പ്രശ്നമായത്. സോഫ്റ്റ്‍വയര്‍ കൈകാര്യം ചെയ്യുന്ന ദൽഹിയിലെ നാഷണൽ ഇൻഫര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സാങ്കേതിക തടസ്സം വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. വളരെ സുപ്രധാനപ്പെട്ട ഫയലുകളിൽപ്പോലും തീരുമാനമെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കളക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, കമ്മിഷണറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നും സെക്രട്ടേറിയറ്റിലേക്കുള്ള ഫയൽ നീക്കവും തടസപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണുള്ളത്. ഇത് ആദ്യമായാണ് സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സെക്രട്ടേറിയറ്റിലടക്കം ഫയൽ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത്.
വിവരങ്ങൾ സൂക്ഷിക്കുന്ന സര്‍വറിലുണ്ടായ ഹാര്‍ഡ്‍വെയര്‍ തകരാറാണ് പ്രശ്നനത്തിന് കാരണം. നിയമവകുപ്പ് ഒഴികെ സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ്‍വെയറിന്റെ പുതിയ പതിപ്പിലേക്ക് മാറുന്നതിന്റെ ഭാഗമായി ജനുവരിയിൽ അഞ്ച് ദിവസത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടിരുന്നു. ഒരുദിവസം കുറഞ്ഞത് 30,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
1500 പുതിയ ഫയലുകൾ ദിവസേനയുണ്ടാകുന്നു. ഒരു പേജുള്ള ഫയൽ മുതൽ 1000 പേജുള്ള ഫയൽവരെയാണ് സെക്രട്ടേറിയറ്റിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: