ന്യൂദൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2020 ലാണ് സംസ്ഥാനം അടക്കം ഹർജിയുമായി സുപ്രിം കോടതിയിൽ എത്തിയത്. സംസ്ഥാന സർക്കാരിന്റെ വിമാനത്താവള യൂണിയൻ സമർപ്പിച്ച ഹർജിയും ഇതോടൊപ്പം കോടതി തള്ളി.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധിക്കെതിരെയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. 2020-ലായിരുന്നു പ്രസ്തുത ഹർജിയുമായി സംസ്ഥാന സർക്കാരും തൊഴിലാളി യൂണിയനും സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് ഏതാണ്ട് രണ്ട് വർഷത്തിന് ശേഷം ഹർജി പരിഗണിച്ചു. മണിക്കൂറുകളോളം നീണ്ട വാദങ്ങൾ കേസ് പരിഗണിക്കുന്നതിനിടെ നടന്നിരുന്നു.
ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല. ഒരു എയർപോർട്ടിന്റെ ലാഭം മറ്റൊരു എയർപോർട്ടിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നത് ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു.
ലേല നടപടികൾ അദാനിക്ക് വേണ്ടി ടൈലർ മെയ്ഡ് ആണെന്ന സർക്കാർ വാദവും കോടതി തള്ളി. കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്. നേരത്തെ ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹത ഇല്ലെന്നും വിശാലമായ പൊതു താല്പര്യം മുൻ നിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: