പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പി.കെ. ശശിക്ക് സഹകരണ സ്ഥാപന നടത്തിപ്പില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് മണ്ണാര്‍ക്കാട് ഏരിയ, ലോക്കല്‍ കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നത്. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവും സംസ്ഥാന കമ്മിറ്റി അംഗം സി കെരാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മിറ്റിയില്‍ പി.കെ. ശശിയെ പങ്കെടുപ്പിച്ചില്ല. ശശി യൂണിവേഴ്‌സല്‍ കോളേജിന്റെ പേരില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ശശിയുടെ ഏകാധിപത്യ പ്രവണത അംഗീകരിക്കാനാകില്ലെന്നും ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു.
രാവിലെ പത്തരയോടെയാണ് ഏരിയ കമ്മിറ്റി ചേര്‍ന്നത്. ശശി നേരത്തെതന്നെ യോഗത്തിന് എത്തിയിരുന്നെങ്കിലും പങ്കെടുപ്പിച്ചില്ല. യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രന്‍ ശശി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. യോഗം തുടങ്ങിയതോടെ ശശിക്കെതിരെ പരാതി പ്രവാഹമായി. യൂനിവേഴ്‌സല്‍ കോളേജിന്റെ പേരില്‍ നടത്തിയ ധനസമാഹരണം പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ വെക്കണമെന്ന് ആവശ്യം ഉയര്‍ന്നു. കോളേജ് ചെയര്‍മാനായ പി.കെ. ശശി ഭീഷണിപ്പെടുത്തിയാണ് ഓഹരി സമാഹരിച്ചതെന്ന് ബേങ്ക് പ്രസിഡന്റുമാര്‍ അറിയിച്ചതും ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ചയായി. ഇഷ്ടക്കാരെ സഹകരണ സ്ഥാപനങ്ങളില്‍ തിരുകി കയറ്റുന്നതും അംഗങ്ങള്‍ ചോദ്യം ചെയ്തു. ഏകാധിപത്യ പ്രവണത, പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും ഉദാഹരണങ്ങള്‍ നിരത്തി പലരും വിശദീകരിച്ചു.
മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂറാണ് ശശിക്കെതിരെ രേഖകള്‍ സഹിതം പാര്‍ടിനേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍, തുടക്കത്തില്‍ പാര്‍ട്ടി പരാതി പരിശോധിച്ചില്ല. വിഷയം വിവാദമായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. മണ്ണാര്‍ക്കാട് സഹകരണ എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിന് വേണ്ടി പാര്‍ട്ടി അറിയാതെ ധനം സമാഹരിച്ചെന്നും അത് ദുര്‍വിനിയോഗം ചെയ്തെന്നുമാണ് പാര്‍ട്ടിക്ക് മുന്നിലെത്തിയ ഒരു പരാതി. സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് അഞ്ചുകോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പലിശയോ ലാഭവിഹിതമോ കിട്ടാതായതോടെ, ബാങ്കുകള്‍ കടക്കെണിയിലായി എന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: