തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നസാഹചര്യത്തില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പോലീസും എക്സൈസും. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നര്‍കോട്ടിക്‌സ്, എക്‌സൈസ് വകുപ്പുകള്‍ ഈ വര്‍ഷം പിടിച്ചെടുത്ത രാസലഹരി ഉല്‍പന്നങ്ങളുടെയും ലഹരി ഗുളികകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇരട്ടിയാണ്. നെട്രോസെപാം ഗുളികകള്‍ വാങ്ങി വില്‍ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് എക്‌സൈസ് നല്‍കുന്ന വിവരം.
ചെറിയ കുട്ടികളെയടക്കം അടിമപ്പെടുത്തിയിരിക്കുന്നത് രാസലഹരിയും ലഹരി ഗുളികകളുമാണ്. ഇതു നല്‍കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിനു കാരണവും. ഒരു രസത്തിന് തുടങ്ങുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നത് ജീവിതമാണ്. ഇതിനെല്ലാം തടയിടാന്‍ സര്‍ക്കാര്‍ തന്നെ ആരംഭിച്ചതാണ് ലഹരി വിമുക്ത കേന്ദ്രങ്ങള്‍. പക്ഷേ, ശരിയായി പ്രവര്‍ത്തിക്കാത്ത ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ലഹരിയെക്കാള്‍ ഉപദ്രവകരമാണ്. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയുടെ ഭാഗമായി ലഹരി ഗുളികകള്‍ ഡോസ് കുറച്ചു നല്‍കാറുണ്ട്. ലഹരിക്കടിമയായവര്‍ക്ക് ഒറ്റയടിക്ക് അതില്‍ നിന്നും മോചനം നേടാന്‍ കഴിയാത്തതു കൊണ്ടാണിത്. പൊടിച്ചു പൊടിയായാണ് ഗുളിക നല്‍കുക. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഗുളികകള്‍ ഇവര്‍ക്ക് നേരിട്ടു നല്‍കുകയാണ് ചെയ്യുന്നത്. ലഹരി വസ്തുക്കള്‍ കുത്തിവയ്‌ക്കുന്നവര്‍ ഈ ഗുളികയ്‌ക്കൊപ്പം മറ്റു ദ്രാവകങ്ങള്‍ കൂടി ചേര്‍ത്ത് ലഹരി വസ്തുവായി മാറ്റി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ ജില്ലയില്‍ അറസ്റ്റ് ചെയ്ത യുവാവിനെ ഒരു മാസം മുന്‍പ് ലഹരി വിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് ഗുളികകളുടെ വില്‍പന ഇപ്പോഴും തുടരുന്നുണ്ടെന്ന വിവരം പുറത്തു വന്നത്. ഗുളികകള്‍ നേരിട്ടു കിട്ടിത്തുടങ്ങിയതോടെ പലരും അതു മറിച്ചു വില്‍ക്കാനും തുടങ്ങി. എപ്പോഴെങ്കിലും അന്വേഷണം വന്നാലും ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നു ലഭിച്ചതാണെന്നു പറഞ്ഞു രക്ഷപ്പെടാം. 46 രൂപ മാത്രമുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ഇവര്‍ പുറത്തു വില്‍ക്കുന്നത് 1000 രൂപയ്‌ക്കാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുടുക്കിയത് ഫോണ്‍ കോള്‍ വഴിയാണ്. ഗുളിക ആവശ്യമുള്ളവരെപ്പോലെ സംസാരിച്ചപ്പോള്‍ 1000 രൂപയ്‌ക്കു ഗുളിക തരാമെന്നായിരുന്നു മറുപടി. ഒരു പ്രദേശത്തെ മുഴുവന്‍ പേരെയും ലഹരി കുരുക്കില്‍ വീഴ്‌ത്താന്‍ ഇങ്ങനെയുള്ള ഒരാള്‍ മതിയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുളികകള്‍ ധാരാളം ലഭിക്കുന്നുണ്ടെന്നാണ് വിവരം. കര്‍ശന നിയന്ത്രണമുള്ളതും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ലഭിക്കാത്തതുമായ ഇത്തരം ഗുളികകള്‍ വാങ്ങുന്നതിന് ഇവര്‍ തന്നെയാണ് ഡോക്ടറുടെ കുറിപ്പടി തയാറാക്കുക. സംശയം തോന്നാതിരിക്കാന്‍ ചില മരുന്നുകള്‍ കൂടി വ്യാജ കുറിപ്പടിയില്‍ എഴുതും. ആവശ്യമില്ലാത്ത മരുന്നുകള്‍ ടിക് ഇട്ടു കൂടി നല്‍കുന്നതോടെ പല മെഡിക്കല്‍ ഷോപ്പുകാരും വിശ്വസിക്കും. എന്നാല്‍, ചില താലൂക്കുകളിലെ മെഡിക്കല്‍ ഷോപ്പുകാര്‍ അറിഞ്ഞുകൊണ്ടു തന്നെ ഇവര്‍ക്കു മരുന്നുകള്‍ കൊടുക്കുന്നുണ്ട്. 50 രൂപയുടെ സ്ട്രിപ്പിന് മെഡിക്കല്‍ ഷോപ്പുകാരന്‍ 200 രൂപ ഈടാക്കും. വില്‍ക്കുന്നവനാകട്ടെ അതിന്റെ അഞ്ചിരട്ടിയോളം ലാഭമുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: