ലണ്ടന്‍: തെറ്റായ സാമ്പത്തിക നയം മൂലം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനെ രക്ഷിക്കാന്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന് റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കണമെന്ന അഭിപ്രായത്തിന് ശക്തിയേറുന്നു. തെറ്റായ വ്യക്തിയെയാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചതെന്ന ഭരണപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ചിന്തിക്കുന്നു.
വികല സാമ്പത്തിക പരിഷ്കാര നടപടികളുടെ പേരില്‍ ധനകാര്യമന്ത്രിയെ മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും പ്രധാനമന്ത്രിയെ തന്നെ മാറ്റണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസുമായി മത്സരിക്കുമ്പോള്‍ ഒരു ഡിബേറ്റില്‍ റിഷി സുനക് പറഞ്ഞു: “ഒരു കാരണവശാലും നികുതിനിരക്ക് വെട്ടിക്കുറയ്ക്കരുത്. അത് ബ്രിട്ടനെ നശിപ്പിക്കും.” പക്ഷെ ബ്രിട്ടീഷുകാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരില്‍ നല്ലൊരു വിഭാഗവും ലിസ് ട്രസിന്റെ നികുതി വെട്ടിക്കുറയ്ക്കണമെന്ന പ്രഖ്യാപനത്തെ വരവേറ്റു.
പ്രധാനമന്ത്രി ആയ ഉടന്‍ ലിസ് ട്രസ് പറഞ്ഞത് ചെയ്തു. മറ്റു വരുമാന സ്രോതസ്സുകളില്ലാതെ നികുതി വെട്ടിക്കുറച്ചതോടെ ബ്രിട്ടീഷ് കറന്‍സിയുടെ മൂല്യം തലകുത്തിവീണു. നാല്പതു വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റതിലൂടെ കടന്നുപോവുകയാണ് ബ്രിട്ടന്. സാമ്പത്തിക പരിഷ്കാരത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് കടുപ്പമേറിയതോടെ തല്ക്കാലം ധനമന്ത്രി (ചാന്‍സലര്‍) ക്വാര്‍ട്ടെങ്ങിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ലിസ് ട്രസ്. പകരം ജെറമി ഹണ്ടിനെ ധനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പക്ഷെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയിലെ വലതുപക്ഷത്തിന്റെ പ്രിയങ്കരനായ നേതാവാണ് ക്വാര്‍ട്ടെങ്. ഇദ്ദേഹം ബ്രിട്ടനിലെ ചാന്‍സലര്‍ പദവിയിലെത്തുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജനുമാണ്.
ആദ്യ പരിഷ്കാരത്തില്‍ കൈപൊള്ളിയതോടെ കോര്‍പറേറ്റ് നികുതി 19 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കാനുള്ള അടുത്ത തീരുമാനം ലിസ് ട്രസ് റദ്ദാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ധാരണകളുള്ള റിഷി സുനകിന് വേണ്ടി ശബ്ദമുയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: