പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ മാംസം വേവിച്ച് തിന്നതായി പ്രതികള്‍ സമ്മതിച്ചു. ലൈല കറിവെച്ചുകൊടുത്ത മനുഷ്യമാംസം മറ്റു രണ്ടുപേരും കഴിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്.ഇരകളുടെ മാറിടങ്ങളും ആന്തരിക അവയവങ്ങളും ഉള്‍പ്പെടെയുള്ളവ കുക്കറില്‍ പാകം ചെയ്തു
കൊലപ്പെടുത്തിയ ശേഷം 10 കിലോ മനുഷ്യമാംസം അറുത്തെടുത്തു റഫ്രിജറേറ്ററില്‍ സൂക്ഷിച്ചെന്നു തെളിവെടുപ്പിനിടെ പ്രതികളായ ഭഗവല്‍സിങ്ങും ലൈലയും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. 2 സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളുമാണ് ഫ്രിജില്‍ സൂക്ഷിച്ചിരുന്നത്. മനുഷ്യമാംസം പാകം ചെയ്ത പാത്രങ്ങളും ലൈല പോലീസുകാരെ ചൂണ്ടിക്കാണിച്ചു.
തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണു മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം മുഹമ്മദ് ഷാഫി പുറത്തുപോയിരുന്നു. ഫ്രിജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി.
പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. മൃതദേഹം മുറിക്കാനുപയോഗിച്ച തടിക്കഷണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. നാലു വെട്ടുകത്തികളാണ് കിട്ടിയത്. ശരീരാവശിഷ്ടങ്ങള്‍ കത്തിച്ചതിനും തെളിവുണ്ട്. തിരുമ്മല്‍ കേന്ദ്രത്തില്‍നിന്നു വായ് മൂടിക്കെട്ടാനുള്ള പ്ലാസ്റ്ററും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: