യൂര്‍ഗന്‍ സ്റ്റോക്ക്
ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍
‘മോഷ്ടിച്ച പാസ്പോര്‍ട്ട് ഉപയോഗിച്ച് അതിര്‍ത്തികടക്കാന്‍ ശ്രമിച്ച ഭീകരന് അറസ്റ്റില്‍’; ‘ബാലപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു രക്ഷപ്പെടുത്തി’; ‘ഇന്റര്‍നെറ്റിലൂടെ ലോകമെമ്പാടും നടത്തിയ സാമ്പത്തികതട്ടിപ്പിലൂടെ കവര്‍ന്ന ദശലക്ഷക്കണക്കിനു ഡോളര്‍ പിടിച്ചെടുത്തു’.
മേല്‍പ്പറഞ്ഞവ ഹിറ്റായ സിനിമയിലെ കഥാസന്ദര്‍ഭങ്ങളല്ല; മറിച്ച്, 195 അംഗരാജ്യങ്ങള്‍ക്കു പിന്തുണയേകുന്ന ഇന്റര്‍പോളിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളാണ്.
ഇന്നു നാം അഭിമുഖീകരിക്കുന്ന ഭീഷണികള്‍ വേഗമേറിയതും ചലനാത്മകവും സ്വയംകരുത്താര്ജിക്കുന്നതും പരസ്പരബന്ധിതവുമാണ്. കുറ്റകൃത്യങ്ങളുടെ മേഖലയില്‍ അഭൂതപൂര്‍വമായ സങ്കീര്‍ണതയാണു നമുക്കു കാണാനാകുന്നത് എന്നതു തീര്‍ച്ചയാണ്.
ഈ ആഗോളഭീഷണികള്‍ നേരിടാന്‍, ഇന്റര്‍പോളിന്റെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ അംഗങ്ങളുടെ ക്രമസമാധാനപാലന ആശങ്കകളെ പ്രതിഫലിപ്പിക്കുന്ന മൂന്നു പരിപാടികളെ അടിസ്ഥാനമാക്കിയുള്ളതാണ്: ഭീകരവാദം പ്രതിരോധിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിതവും വളര്‍ന്നുവരുന്നതുമായ കുറ്റകൃത്യങ്ങള്‍.
മാത്രമല്ല, ലോകമെമ്പാടുമുള്ള കുറ്റകൃത്യങ്ങളുടെ ധാരാളിത്തവും അവയെല്ലാം കേന്ദ്രീകരിക്കപ്പെടുന്നതും പ്രതിരോധിക്കുന്നതിനായി, ഈ വര്‍ഷമാദ്യം ഇന്റര്‍പോള്‍ സാമ്പത്തികകുറ്റകൃത്യ-അഴിമതിവിരുദ്ധകേന്ദ്രം സ്ഥാപിക്കുകയുംചെയ്തു.
ആഗോളതലത്തിലുണ്ടാകുന്ന നിയമവിരുദ്ധ സാമ്പത്തികപ്രവാഹത്തിന്റെ ഒരുശതമാനത്തില്‍ താഴെയുള്ളതില്‍ മാത്രമാണു നിലവില്‍ ഇടപെടാനാകുന്നതും വീണ്ടെടുക്കാന്‍ കഴിയുന്നതും. ആഗോള സമ്പദ്വ്യവസ്ഥയിലും സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍, കുറ്റവാളികളുടെ പക്കലുള്ള ആസ്തികളുടെ ചുവടുപിടിച്ചുപോകലിലും പിടിച്ചെടുക്കലിലും കണ്ടുകെട്ടലിലുമാണ് അധികനടപടിക്രമങ്ങളില് പ്രധാനശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണു ഞങ്ങളുടെ 90-ാം ജനറല്‍ അസംബ്ലിക്കായി (സംഘടനയുടെ പരമോന്നത ഭരണസമിതി) ആഗോളതലത്തിലുള്ള ഞങ്ങളുടെ അംഗങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ 21 വരെ ന്യൂഡല്‍ഹിയില്‍ ഒത്തുചേരുന്നത്.
പ്രാദേശികവും ആഗോളവുമായ ക്രമസമാധാനപാലനത്തിനായുള്ള ഏകോപനം എന്ന അടിയന്തര ആവശ്യം പരിഹരിക്കുന്നതിനായി 1923ലാണ് ഇന്റര്‍പോള്‍ സ്ഥാപിതമായത്. ഏതാണ്ട് ഒരുനൂറ്റാണ്ടിനുശേഷം, കുറ്റകൃത്യങ്ങളുടെ വ്യാപ്തി ദ്രുതഗതിയില്‍ വികസിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ആവശ്യവും വര്‍ധിക്കുകയാണ്. അന്ന് അതിര്‍ത്തികടന്നുള്ള വിവരക്കൈമാറ്റത്തിനായി സമാരംഭിച്ചത് എന്താണോ, അതാണിപ്പോള്‍ മാനദണ്ഡം.
അക്കാലത്തു ടെലിഗ്രാമുകള്‍, ടെലിഫോണ്‍, തപാല്‍ സേവനങ്ങള്‍ എന്നിവയാണു നിയമനിര്വഹണസഹകരണത്തിനുള്ള പരിധി തീരുമാനിച്ചിരുന്നത്.
ഇന്ന്, ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെമാത്രം, ഡിഎന്‍എ പ്രൊഫൈലുകളും മുഖംതിരിച്ചറിയല്‍ ചിത്രങ്ങളും ഉള്‍പ്പെടെ 126 ദശലക്ഷം റെക്കോര്‍ഡുകള്‍ അടങ്ങിയ ഇന്റര്‍പോളിന്റെ 19 ആഗോള വിവരശേഖരങ്ങള്‍, ലോകത്തെവിടെയുമുള്ള പൊലീസിനു തല്‍ക്ഷണം പരിശോധിക്കാനാകും.
ഞങ്ങളുടെ വിവരശേഖരങ്ങള്‍ ഓരോ ദിവസവും 20 ദശലക്ഷത്തിലധികം തവണയാണു തിരയപ്പെടുന്നത്. അതായത്, സെക്കന്‍ഡില്‍ ഏകദേശം 250 തവണ.
ഓരോന്നിന്റെയും സ്വഭാവമനുസരിച്ച്, നിയമപാലകര്‍ പരമ്പരാഗതമായി പ്രതികരിക്കാറുണ്ട്. എങ്കിലും പൊലീസ് സഹകരണത്തിന്റെ പുതിയ നൂറ്റാണ്ടിന്റെ ഉദയത്തോടടുക്കുമ്പോള്, ആഗോള നിയമനിര്വഹണസമൂഹം അതിന്റെ സംവിധാനങ്ങള്‍ ഭാവിയിലേക്കും സജ്ജമാക്കുന്നതിനുള്ള കരുത്തുറ്റ നടപടികള്‍ കൈക്കൊള്ളുകയാണ്.
അന്താരാഷ്ട്ര നിയമനിര്വഹണസഹകരണത്തിന്റെ സജീവ പ്രവര്‍ത്തകരാകാന്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികമുന്നേറ്റങ്ങള്‍ വരേണ്ടതുണ്ട്.
എങ്കിലും മനുഷ്യര്‍തമ്മിലുള്ള ബന്ധം ആഗോളസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്- ഒരു യന്ത്രത്തിനും ഹസ്തദാനത്തിനു പകരമാകാന്‍ കഴിയില്ല; വിവരശേഖരങ്ങള്‍ക്കു പരസ്പരമുള്ള സംഭാഷണത്തിനു പകരമാകാന്‍ കഴിയില്ല.
അതുകൊണ്ടാണ്, ‘സുരക്ഷിതമായ ലോകത്തിനായി പൊലീസിനെ ബന്ധിപ്പിക്കുക’ എന്ന ഇന്റര്‍പോളിന്റെ ദൗത്യത്തിനുവേണ്ടി ഞങ്ങളുടെ ജനറല്‍ അസംബ്ലി അടിസ്ഥാനപരമായി സുപ്രധാനമായി തുടരുന്നത്.
ഇന്റര്‍പോള്‍ എന്ന സവിശേഷവേദിയിലൂടെ ആഗോള സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലോകമെമ്പാടുമുള്ള പൊലീസ് മേധാവികള്‍ ഒത്തുചേരുന്നു.
പുതിയ സാങ്കേതികസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലൂടെ, പഠിച്ച പാഠങ്ങളില്‍നിന്നുള്ള മികച്ച രീതികള്‍ അവര്‍ക്കു പങ്കിടാനാകും. സുരക്ഷയും സ്വകാര്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചട്ടക്കൂടുകളുടെ ആവശ്യകതയുള്പ്പെടെ ഇതിന്റെ ഭാഗമാകും.
മുക്കാല്‍ ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകള്‍ ലക്ഷ്യംവച്ചുള്ള ഓപ്പറേഷന്മുതല് മനുഷ്യക്കടത്തിനിരയായ 700ഓളം പേരെ രക്ഷപ്പെടുത്തി, കുറ്റവാളിസംഘങ്ങളെ അടിച്ചമര്‍ത്തുന്നതുവരെയുള്ള വിജയങ്ങളെക്കുറിച്ച് അവര്‍ കേള്‍ക്കും.
ഇന്റര്‍പോള്‍വഴിയുള്ള ആഗോളസഹകരണം ദേശീയതലത്തില്‍ യഥാര്‍ഥഫലങ്ങള്‍ കൊണ്ടുവരുന്നത് എങ്ങനെയെന്നുനോക്കാം. മയക്കുമരുന്നുകടത്തു ലക്ഷ്യമിട്ടുള്ള ഓപ്പറേഷന് ലയണ്ഫിഷില് ഇന്ത്യയുടെ പങ്കാളിത്തം സമീപകാലത്തെ ഉദാഹരണമാണ്.
ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ മുന്ദ്ര തുറമുഖത്ത് ഏറ്റവും വലിയ മയക്കുമരുന്നുകടത്തു പിടികൂടി. 75.3 കിലോഗ്രാം മയക്കുമരുന്നാണ് ഈ ഓപ്പറേഷനില്‍ അധികൃതര്‍ പിടികൂടിയത്.
ഇതിനുശേഷമാണ് ഓപ്പറേഷന് ഗരുഡയുടെ വിജയം. ഇന്റര്‍പോളുമായും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുമായും സഹകരിച്ചു കേന്ദ്ര ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നുസംഘങ്ങളെ ലക്ഷ്യമിട്ടു രാജ്യത്തുടനീളം 175 അറസ്റ്റുകള്‍ നടത്തി. 127 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇന്റര്‍പോള്‍വഴിയുള്ള സഹകരണത്തിന്റെ പ്രാധാന്യത്തിന്റെ മറ്റൊരുദാഹരണമാണു കുട്ടികളെ ലൈംഗികചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര (ഐസിഎസ്ഇ) വിവരശേഖരം.
കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്നതുമായി ബന്ധപ്പെട്ട നാലുദശലക്ഷത്തിലധികം ചിത്രങ്ങളും വീഡിയോകളും വിശകലനങ്ങളും അടങ്ങിയ ഐസിഎസ്ഇ വിവരശേഖരം ബാലപീഡനത്തിന് ഇരയായ ശരാശരി ഏഴുപേരെ ഓരോദിവസവും തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇന്നുവരെ, ലോകമെമ്പാടുമുള്ള 30,000ത്തിലധികം ഇരകളെ തിരിച്ചറിയാന്‍ ഈ വിവരശേഖരം സഹായിച്ചിട്ടുണ്ട്.
ഈ വര്‍ഷമാദ്യം ഈ പ്രത്യേക വിവരശേഖരത്തിലേക്കു ബന്ധിപ്പിക്കപ്പെടുന്ന 68-ാമത്തെ രാജ്യമായി ഇന്ത്യ മാറി. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ആഗോളശൃംഖലയുടെ ഭാഗമായതിലൂടെ ഇന്ത്യ ഇതിനകം ശ്രദ്ധേയമായ ഫലങ്ങള്‍ നേടിയിട്ടുണ്ട്.
ഏകദേശം 100 വര്‍ഷംമുമ്പ് ഇന്റര്‍പോള്‍ രൂപവല്ക്കരിക്കുന്നതിനുപിന്നിലെ അടിസ്ഥാനവസ്തുതകളിലൊന്ന്, തീര്‍ച്ചയായും ഇന്നും ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ തുടരുന്നു. അതായത്, ഒളിവില്‍ പാര്‍ക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ രാജ്യങ്ങളെ സഹായിക്കുന്നു; അവര്‍ എവിടെ ഒളിച്ചാലും എത്രകാലം മറഞ്ഞിരുന്നാലും. എല്ലാ വര്‍ഷവും ഇന്റര്‍പോള്‍ റെഡ് നോട്ടീസുകള്‍ അന്താരാഷ്ട്രതലത്തില്‍ പിടികിട്ടാപ്പുള്ളികളെക്കുറിച്ചു ലോകമെമ്പാടുമുള്ള പൊലീസിനു മുന്നറിയിപ്പു നല്കുന്നു. ആയിരക്കണക്കിനു കൊലപാതകികള്‍, ബലാത്സംഗംചെയ്തവര്, ഭീകരര്‍, സാമ്പത്തികകുറ്റവാളികള്, മറ്റു കുറ്റവാളികള്‍ എന്നിവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും രാജ്യങ്ങളെ ഇതു സഹായിക്കുന്നു.
ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ തലങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും, നിയമപാലകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എല്ലായ്പോഴും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുക എന്നതിലാണ്. അന്വേഷണം എവിടേക്കു നയിച്ചാലും, സുപ്രധാനമായ പൊലീസ് വിവരങ്ങള്‍ എവിടെനിന്നു വന്നാലും, അതു പിന്തുടരുക എന്നതാണ്.
കരുത്തുറ്റ അന്തര്‍മേഖലാ ക്രമസമാധാനപാലനം തീര്‍ച്ചയായും ഇന്നു യാഥാര്‍ഥ്യമാണ്. മാത്രമല്ല, ആഗോളചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം നിയമനിര്‍വഹണ ഏജന്‍സികള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ മറികടന്നുള്ള കൈമാറ്റങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷ്യംവഹിക്കുന്നു.
ഇന്ത്യപോലുള്ള അംഗരാജ്യങ്ങളിലെ നിയമപാലകരുടെ പ്രതിബദ്ധതയും പ്രൊഫഷണലിസവുമാണ് ഇന്റര്‍പോളിനെ ആഗോളസുരക്ഷാസംവിധാനങ്ങളുടെ സുപ്രധാന ഭാഗമാക്കുന്നത്.
അന്താരാഷ്ട്ര നിയമനിര്‍വഹണത്തില്‍ ഇന്ത്യയുടെ സംഭാവനകളെ അംഗീകരിച്ച്, കഴിഞ്ഞവര്‍ഷം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സ്പെഷ്യല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയെ ഏഷ്യയിലെ എക്സിക്യൂട്ടീവ് സമിതി പ്രതിനിധിയായി ജനറല്‍ അസംബ്ലി തിരഞ്ഞെടുത്തു.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെയും ഭാവിയെ നോക്കിക്കാണുന്ന സമീപനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇക്കാലത്തെ ഏറ്റവും വലിയ കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ലോകമെമ്പാടുമുള്ള പ്രതിനിധികള്‍ ഒത്തുകൂടുന്നത്. നാളെയുടെ ഭീഷണികളെ അഭിമുഖീകരിക്കാനുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ തുടരുന്നതെങ്ങനെയെന്നും പരിശോധിക്കും.
സംഘടനയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണു ജനറല്‍ അസംബ്ലി. ഇതിന് ആതിഥേയത്വം വഹിക്കുന്നതിനു ന്യൂഡല്‍ഹിയേക്കാള്‍ മികച്ച മറ്റൊരിടത്തെക്കുറിച്ച് എനിക്കു ചിന്തിക്കാന്‍പോലുമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: