ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഏക ആശ്രയമായിരുന്ന ഈറോഡ് കഫേയും ലേലത്തിലെടുക്കാന് ആളില്ലാതെ അടച്ചുപൂട്ടിയതോടെ യാത്രക്കാര്‍ പട്ടിണിയിലായി. അമിതവാടകമൂലം സ്റ്റേഷനിലെ എന്വിആര്ആര് 2019ല്‍ ലേലത്തിലെടുക്കാന് ആളില്ലാതെ അടഞ്ഞുകിടക്കുമ്പോള്ത്തന്നെയാണ് ഈ റസ്റ്റോറന്റും അടച്ചുപൂട്ടിയത്. ഇതോടെ യാത്രക്കാരുടെ ഭക്ഷണ പ്രശ്നത്തിനു പുറമെ സ്റ്റേഷനില്‍ ഭക്ഷണ വിതരണത്തിലൂടെ ഉപജീവനം നടത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുകയാണ്.
റെയില്‍വെ ജങ്ഷനില്‍ എത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് എഞ്ചിന് മാറ്റല്‍, മറ്റു സാങ്കേതിക തകരാറുകളുടെ പരിശോധന എന്നിവക്കായി പത്തും പതിനഞ്ചും മിനിറ്റ് ഇവിടെ പിടിച്ചിടുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനുമായി സമയം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആകെയുള്ള സ്റ്റാളും പൂട്ടിയതോടെ ഭക്ഷണത്തിന് യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷനു പുറത്തേക്ക് പോകേണ്ട നിലയിലാണ്.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ഐആര്‍സിടിസിയുടെ വരവോടെയാണ് സമ്പന്നരുടെ ബിനാമികള്‍ക്ക് മാത്രം അവകാശപ്പെട്ടതായി മാറിയതെന്ന് ആരോപണമുണ്ട്. സാധാരണക്കാര്‍ക്ക് സ്റ്റാളുകള്‍ ലേലത്തില്‍ വിളിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഭീമമായ തുകക്ക് ലേലത്തിലെടുത്തവര്‍ ഇവ കൂടുതല്‍ തുകക്ക് മറിച്ചുവിറ്റ് ലാഭം കൊയ്യുന്ന അവസ്ഥ വന്നതോടെ ഭക്ഷണസ്റ്റാളുകളുടെ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലായി.
ഏത് റെയില്‍വെ സ്റ്റേഷനിലെയും എത്ര സ്റ്റാളുകളും ഒരാള്‍ക്ക് തന്നെ ലേലമെടുക്കാന്‍ പറ്റുന്ന സ്ഥിതി വന്നതോടെയാണ് വന്‍കിട സമ്പന്നര്‍ ഈ മേഖലയില്‍ ആധിപത്യമുറപ്പിച്ചത്. ഇതോടെ സാധാരണക്കാര്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാന്‍ പറ്റാതെയായി. മാത്രമല്ല, ലൈസന്‍സി ഫീസടച്ചില്ലെങ്കില്‍ വിവിധ സ്റ്റേഷനുകളിലെയും സ്റ്റാളുകളെ ഇതു ബാധിക്കുന്ന അവസ്ഥയുമുണ്ടായി. ലേലമെടുത്ത ശേഷം ഫീസടക്കാത്ത ലൈസന്‍സിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍ ലേലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് റെയില്‍വെ യൂണിയന് നേതാക്കളും തൊഴിലാളികളും ആവശ്യപ്പെടുന്നത്.
ഒരു ലൈസന്‍സിക്ക് ഒരു കടമാത്രം നല്കുന്ന അവസ്ഥയുണ്ടായാല്‍ മാത്രമെ സ്റ്റേഷനുകളിലെ ഭക്ഷണകാര്യത്തില്‍ കാര്യക്ഷമതയുണ്ടാകു എന്നാണ് യാത്രക്കാരും പറയുന്നത്. ചെറിയ സ്റ്റാളുകള്‍ നടത്തുന്നതിന് തൊഴിലാളി കൂട്ടായ്മകള്‍ക്കോ അക്ഷയശ്രീ, കുടുംബശ്രീ സംഘങ്ങള്‍ക്കോ അനുമതി നല്‍കണമെന്നും ലൈസന്‍സ് ഫീ അടക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കി ഇവയുടെ ചുമതല ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: