തിരുവനന്തപുരം : എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായ കേസില്‍ വനിത കോണ്‍ഗ്രസ് പ്രവര്‍ത്തക അടക്കം രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ രണ്ടു പേരും ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം സുഹൈല്‍ വിദേശത്ത് കടന്നതായും പോലീസിന് സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്.
എകെജി സെന്റര്‍ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന് ഉപയോഗിച്ചിരുന്നു ഡിയോ സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്കൂട്ടര്‍ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പോലീസ് കണ്ടെത്തിയിരുന്നു. ഈ സ്കൂട്ടര്‍ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
സംഭവ ദിവസം ഈ സ്കൂട്ടര്‍ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണ്. പിന്നീട് സ്കൂട്ടറോടിച്ച് എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് നവ്യക്ക് സ്കൂട്ടര്‍ കൈമാറിയ ശേഷം സ്വന്തം കാറിലാണ് ജിതിന് പിന്നീട് യാത്ര ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
രാത്രിയില്‍ ജിതിന്റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ജിതിന് സ്കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈല്‍ ഷാജഹാനും നവ്യയും ഒളിവില്‍ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: