ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ നരബലിക്കു ശ്രമമെന്ന് പരാതിയെതുടര്‍ന്ന് പോലീസുകാരനുള്‍പ്പെടെ ആറു പേര് അറസ്റ്റില്‍. മൂന്നു ദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. പോലീസ് എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്.
തിരുവണ്ണാമല ആറണി സ്വദേശി തരമണി, ഭാര്യ കാമാക്ഷി, മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പോലീസുകാരനുമായ ഭൂപാല്‍, മറ്റൊരു മകന് ബാലാജി, മകള്‍ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചിലും മറ്റും കേട്ടതോടെയാണ് നാട്ടുകാർ തഹസിൽദാർക്കും പോലീസിലും പരാതി നല്‍കിയത്. പൂജ മുടക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നു ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.
അകത്തേക്ക് വന്നാൽ കഴുത്തു മുറിച്ചു ഹോമകുണ്ഡത്തിനരികിൽ മരിച്ചു വീഴുമെന്നു വീട്ടുകാർ ഭീഷണി മുഴക്കി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു. അകത്തു കയറിയ പോലീസുകാരെ പൂജ നടത്തിയിരുന്ന ആള് ആക്രമിച്ചു. പിടിച്ചുമാറ്റുന്നതിനിടെ ഇയാള്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പൂജ നടന്ന വീട്ടില്‍ മൃഗബലി അടക്കം നടന്നതിന്റെ സൂചന പോലീസിന് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: