ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിവേഗ ട്രെയിനുകളുടെ ആദ്യ ബാച്ചിലെ വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണ റെയില്‍വേയ്ക്ക്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ റെയില്‍വേ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു-മൈസൂരു പാതയില്‍ നവംബര്‍ പത്തു മുതല്‍ ട്രെയില്‍ സര്‍വീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും ഉദ്ഘാടനം ചെയ്യുക. രണ്ടു ട്രെയിനുകളാണ് ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലാല്‍ബാഗ് എക്സ്പ്രസാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍. ആറുമണിക്കൂര്‍ സമയമെടുത്താണ് ട്രെയിന്‍ ഓടി എത്തുന്നത്.
എന്നാല്‍, വന്ദേഭാരത് എക്സ് പ്രസ് 3.30 മണിക്കൂറില്‍ ഓടിയെത്തുമെന്നാണ് റെയില്‍വേ കരുതുന്നത്. സെമി-ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള എല്ലാ പരിശോധനയും പൂര്‍ത്തിയായതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
വ്യാഴാഴ്ച ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ജയറാം താക്കൂറും മനോഹര്‍ ലാല്‍ ഖട്ടറും അതിവേഗ ട്രെയിനില്‍ യാത്ര ചെയ്തു.
ട്രെയിന്‍ അവതരിപ്പിച്ചത് ഈ മേഖലയിലെ വിനോദസഞ്ചാരസാധ്യത വര്‍ധിപ്പിക്കുന്നതിനും സുഖകരവും വേഗതയേറിയതുമായ യാത്രാമാര്‍ഗമൊരുക്കുന്നതിനും സഹായകമാകും. ഊനയില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂര്‍ കുറയുകയുംചെയ്യും. അംബ് അന്ദൗരയില്‍നിന്നു ന്യൂഡല്‍ഹിയിലേക്കു പോകുന്ന ട്രെയിന്‍ രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. മുമ്പുള്ളവയെ അപേക്ഷിച്ചു പുതുമയാര്‍ന്നതാണ് ഈ ട്രെയിന്‍. ഭാരം കുറഞ്ഞ ട്രെയിനിനു കുറഞ്ഞസമയത്തിനുള്ളില്‍ ഉയര്‍ന്നവേഗം കൈവരിക്കാന്‍ കഴിയും.
പുത്തന്‍ സവിശേഷതകളും അത്യാധുനികസംവിധാനങ്ങളും അടങ്ങിയ വന്ദേ ഭാരത് 2.0 ട്രെയിനിനു കേവലം 52 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിനു മുന്‍പതിപ്പിലെ 430 ടണ്ണിനുപകരം 392 ടണ്‍ ഭാരമാണുള്ളത്. ആവശ്യാനുസരണം വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. എല്ലാ കോച്ചുകളിലും യാത്രക്കാര്‍ക്കു വിവരവിനോദസൗകര്യങ്ങള്‍ പ്രദാനംചെയ്യുന്ന 32 ഇഞ്ച് സ്ക്രീനുകളാണുള്ളത്.
മുന്‍പതിപ്പില്‍ 24 ഇഞ്ച് സ്ക്രീനുകളാണുണ്ടായിരുന്നത്. ശീതികരണസംവിധാനം 15 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമതയുള്ളതാകുമെന്നതിനാല്‍ വന്ദേ ഭാരത് എക്സ്പ്രസ് പരിസ്ഥിതിസൗഹൃദമായിരിക്കും. ട്രാക്ഷന്‍ മോട്ടോറില്‍ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായുശീതീകരണ സംവിധാനമുള്ളതിനാല്‍ യാത്ര കൂടുതല്‍ സുഖകരമാകും. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാര്‍ക്കുമാത്രം നല്‍കിയിരുന്ന സൈഡ് റിക്ലൈനര്‍ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകള്‍ക്കും ലഭ്യമാക്കും. എക്സിക്യൂട്ടീവ് കോച്ചുകള്‍ക്ക് 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധികസവിശേഷതയുമുണ്ട്.
വന്ദേഭാരത് എക്സ്പ്രസില്‍ ഉനയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. 52 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലും പരമാവധി 180 കിലോമീറ്റര്‍ വേഗതയിലും ട്രെയിന്‍ സഞ്ചരിക്കും. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന് 392 ടണ്‍ ഭാരമുണ്ടാകും. വൈഫൈ സൗകര്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കവാച്ച് ഉള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പില്‍, വായുശുദ്ധീകരണത്തിനായി റൂഫ്മൗണ്ടഡ് പാക്കേജ് യൂണിറ്റില്‍ (ആര്‍എംപിയു) ഫോട്ടോകാറ്റലിറ്റിക് അള്‍ട്രാവയലറ്റ് വായുശുദ്ധീകരണസംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ കേന്ദ്ര ശാസ്ത്രോപകരണങ്ങളുടെ സംഘടന(സിഎസ്ഐഒ)യുടെ ശുപാര്‍ശപ്രകാരം, ഇരുവശത്തേയ്ക്കുമുള്ള വായുസഞ്ചാരത്തില്‍ കണ്ടേക്കാവുന്ന അണുക്കള്‍, ബാക്ടീരിയകള്‍, വൈറസ് മുതലായവയില്‍നിന്നു വായു വേര്‍തിരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമായാണ് ഈ സംവിധാനം രൂപകല്‍പ്പനചെയ്തതും സ്ഥാപിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: