ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍, ദേവസ്വം ഭരണാധികാരികള്‍ ക്ഷേത്രസംസ്കാരത്തെ പുറന്തള്ളുന്നതായി ഭക്തജനങ്ങള്‍ക്കിടയില്‍ ആക്ഷേപം ശക്തമാകുന്നു. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്റെ നേതൃത്വത്തില്‍ അശാസ്ത്രീയമായ 33 ഇന ഭരണപരിഷ്കാരങ്ങള്‍ തയ്യാറാക്കിയാണ് ദേവസ്വം ഭരണസമിതി, ദേവസ്വം കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.
കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരിഷ്കാരങ്ങളില്‍ പലതും കാലഘട്ടത്തിന് അനുയോജ്യമാണെങ്കിലും അതിവിശേഷവുമായ കുട്ടികള്‍ക്കുള്ള ചോറൂണും, തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റുന്നതാണ് പരിഷ്കാരത്തില്‍ മുന്‍പന്തിയിലുള്ളത്. 1988 ല്‍ പി.എം. നാരായണന് ചെയര്‍മാനായുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്താണ് അന്നത്തെ ദേവസ്വം മന്ത്രി വി. വിശ്വനാഥമേനോന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം കലാപരിപാടികളുള്‍പ്പെടെയുള്ള വിവിധ ആഘോഷങ്ങള്‍ക്കായി ഭക്തര്‍ക്ക് തുറന്നുകൊടുത്തത്.
ചോറൂണിനും തുലാഭാരത്തിനുമായി കലാപരിപാടികള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നിന്നും തെക്കെ നടയിലെ ഗുരുവായൂരപ്പന് വേദിയിലേക്ക് മാറ്റുന്നത് തെക്കെനടയില്‍ അനിയന്ത്രിതമായി തിരക്ക് വര്‍ധിപ്പിക്കാനെ സഹായിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഭക്തര്‍ പറയുന്നു. ക്ഷേത്രത്തില്‍ തിരക്ക് വര്‍ധിച്ചതുകൊമ്ടാണ് പുതിയ പരിഷ്കാരമെന്നാണ് ദേവസ്വത്തിന്റെ ന്യായീകരണം. തുലാഭാര തിരക്ക് നിയന്ത്രിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ണക്കൊടിമര തറയ്ക്ക് മുന്നില്‍ തെക്കുഭാഗത്തായി രണ്ടാമതൊരു തുലാഭാര കൗണ്ടര്‍ സ്ഥാപിച്ചതായിരുന്നു. എന്നാല്‍ ആ കൗണ്ടര്‍ അധികം താമസിയാതെ ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവിടെ തുലാഭാരം ഇല്ലാതായി. വടക്കുഭാഗത്തെ തുലാഭാര കൗണ്ടര്‍ മാത്രമായി മാറി. നോമ്പുനോറ്റ് കണ്മണികള്ക്ക് കണ്ണന്റെ തിരുനടയില്‍ ചോറു കൊടുക്കുകയും, തിരുനടയില്‍ തന്നെ തുലാഭാരം നടത്തുകയുമെന്ന ഭക്തന്റെ പ്രാര്‍ത്ഥനയുടെ കടയ്ക്കലാണ് ഭരണസമിതി കത്തിവെച്ച് അശാസ്ത്രീയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്.
നിലവില്‍ ചോറൂണ് നടക്കുന്ന സ്ഥലത്ത് കാര്യമായ അപര്യാപ്തതകള്‍ ഒന്നുംതന്നെ ഇല്ലെന്നിരിക്കെ, ക്ഷേത്രസംസ്കാരത്തെ ഇഞ്ചിഞ്ചായി ഇല്ലായ്മ ചെയ്യാനാണ് അവിശ്വാസികള്‍ ഭരിക്കുന്ന ഭരണസമിതിയുടെ ഗൂഢലക്ഷ്യമെന്നും ഭക്തര്‍ ആരോപിക്കുന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് തുലാഭാരവും, കുട്ടികള്‍ക്കുള്ള ചോറൂണും മാറ്റുന്നതിലൂടെ പരോക്ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മതേതരത്വം സ്ഥാപിക്കാനുള്ള ഗൂഢ നീക്കമാണ് ഭരണസമിതി നടത്തുന്നതെന്നും ഭക്തജന സമൂഹം ആരോപിക്കുന്നുണ്ട്. ക്ഷേത്രത്തിലെ വരുമാനം മറ്റ് മതസ്ഥരുടേയും കൂടിയാണെന്ന വിചിത്ര വാദം ഉന്നയിച്ച് മതേതരത്വത്തിന്റെ വിത്തുപാകിയാണ് മുന്‍ ഭരണസമിതി ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ് പടിയിറങ്ങിയത്. പിന്മുറക്കാര് അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കപ്പെടുന്നു. കുട്ടികള്‍ക്കുള്ള ചോറൂണും തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.
കെ. വിജയൻ മേനോൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: