ന്യൂദല്‍ഹി: പിണറായി വിജയന്റെ ഭരണകാലത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് എന്ത് കുറ്റകൃത്യവും നടത്താമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്. ആഭിചാരത്തിനും ഗുണ്ടാപ്പണിക്കും ചുക്കാന്‍ പിടിക്കുന്നത് സിപിഎമ്മുകാരാണ്. സംസ്ഥാനത്തെ ജനങ്ങള്‍ പ്രാണഭയത്തില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്രയിലാണെന്നും വി. മുരളീധരന് കുറ്റപ്പെടുത്തി. നരബലിക്കേസില്‍ പോലീസിന് വീഴ്ചകളുണ്ടായി.
ഒന്നാമത്തെ പരാതിയില്‍ അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നുവെങ്കില്‍ രണ്ടാമത്തെ കൊലപാതകം തടയാമായിരുന്നു. കുറ്റകൃത്യം നടന്നശേഷം തെളിയിക്കാന്‍ നടക്കുകയാണ് പോലീസ്, കുറ്റകൃത്യം തടയുന്നതില്‍ സമ്പൂര്‍ണ പരാജയമെന്നും മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ എംഎല്‍എയുടെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാനും കേരള പോലീസ് സഹായിക്കുമെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. വി.ഡി. സതീശന്റെ എംഎല്‍എയെ പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പറഞ്ഞു.
സ്ത്രീസുരക്ഷയില്‍ രാജ്യം മുന്നോട്ട് നടക്കുമ്പോള്‍ സിപിഎം ഭരണം കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടുനടത്തുകയാണ്. ജീവിതനിലവാരം കൊണ്ടും സാക്ഷരതകൊണ്ടും നാം ആര്‍ജിച്ച പ്രബുദ്ധ മലയാളിയെന്ന വിശേഷണത്തിന് അപമാനമാകുന്ന കാര്യങ്ങളാണ് ഈ ഭരണകാലത്തുള്ളന്നത്. ക്രമസമാധാനപാലനം തകരുമ്പോഴും കുടുംബത്തിന് ഒപ്പം ഉല്ലാസയാത്ര നടത്തുന്ന പിണറായി വിജയന് ആധുനിക നീറോയാണെന്നും മന്ത്രി പറഞ്ഞു. ഇന്റലിജന്‍സ് സംവിധാനം എങ്ങനെ ഉപയോഗിക്കണമെന്ന് കേന്ദ്രത്തെ കണ്ട് കേരളം പഠിക്കണം. ഭീകരവാദികളെ രാത്രിക്ക് രാമാനം വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന കാലത്താണ് തീര്‍ത്തും നിര്‍വീര്യമായി കേരളത്തിലെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: