കൊച്ചി : സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസില്‍ ഇരയ്ക്കെതിരായുള്ള വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. സിവിക് ചന്ദ്രന് ജാമ്യം അനുവദിക്കവേ ഇരയുടെ വസ്ത്രധാരണ രീതി സംബന്ധിച്ച് വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ വിവാദ പ്രസ്താവനയാണ് കോടതിയിപ്പോള്‍ നീക്കിയത്.
ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് അറിയിച്ചത്. എന്നാല്‍ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരമാര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷന് ലൈസന്‍സ് നല്‍കുന്നില്ല. എന്നാല്‍ പ്രായം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം നല്കിയ ഉത്തരവ് കോടതി ശരിവെക്കുന്നതായും കോടതി അറിയിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി സ്വീകരിച്ചത്.
കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനകേസില്‍ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഉത്തരവിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: