തൃശൂര്‍: ജന്മഭൂമി തൃശൂര്‍ ഫോട്ടോഗ്രഫര്‍ ജീമോന്‍ കെ. പോളിന് ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ മര്‍ദനം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ജോലിയുടെ ഭാഗമായി എത്തിയപ്പോഴാണ് ടൂറിസ്റ്റ് ബസ് ഉടമകളും തൊഴിലാളികളും മര്‍ദിച്ചത്. ഐഡി കാര്‍ഡും മാസ്കും വലിച്ചൂരുകയും വണ്ടി കയറ്റിക്കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
തൊഴിലുറപ്പു തൊഴിലാളികളുടെ സമ്മേളനത്തിന് തൊഴിലാളികളുമായി എത്തിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാര്‍ ജീമോനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ശാരീരികമായി കൈയ്യേറ്റം ചെയ്യുകയും ഐഡി കാര്‍ഡും മുഖത്തെ മാസ്കും വലിച്ചുമാറ്റുകയും ചെയ്തു. കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സമ്മേളനത്തിന് വാഹനങ്ങള്‍ നിയമം ലംഘിച്ചാണ് എത്തിയതെന്നും ആക്ഷേപമുണ്ട്. ടൂറിസ്റ്റു ബസുകള്‍ക്കു പുറമെ ട്രിപ്പുകള്‍ കട്ട് ചെയ്ത് യാത്രക്കാര്‍ എന്ന വ്യാജേനയാണ് സ്വകാര്യബസുകള്‍ തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ടുവന്നത്.
വടക്കഞ്ചേരി വാഹനാപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നിയമലംഘനം മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നതാണ് അക്രമത്തിനുള്ള പ്രേരണ. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതുള്‍പ്പെടെ നിയമലംഘനം നടത്തിയ ബസ് ജീവനക്കാരാണ് ജീമോനെ അക്രമിച്ചത്.
ടൂറിസ്റ്റ് ബസ് സംഘത്തിനെതിരെ നടപടി എടുക്കണം: പത്രപ്രവര്‍ത്തക യൂണിയന്
തൃശൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പോലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്. ജീമോനെ സഹായിക്കാനെത്തിയ മറ്റു ഫോട്ടോഗ്രാഫര്‍മാരെയും സംഘം ഭീഷണിപ്പെടുത്തി.
ഡ്യൂട്ടിക്കിടെ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് ഗുണ്ടകളെ പോലെ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല.
അക്രമം നടത്തിയവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് തക്കതായ നടപടി സ്വീകരിക്കണമെന്ന് യൂണിയന് ജില്ലാ പ്രസിഡന്റ് രാധിക ഒ., സെക്രട്ടറി പോള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: