പത്തനംതിട്ട: ഇലന്തൂരിൽ നരബലിയ്‌ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദേശിച്ചത് മുഹമ്മദ് ഷാഫിയാണെന്നും വെളിപ്പെടുത്തി. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിന് മൊഴി നൽകി.
റോസ്ലിന്റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവൽ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിർത്താനാണെന്നും ലൈല പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്.
നരബലിയ്‌ക്ക് പത്മയെ എത്തിക്കാൻ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്‌ക്ക് വാഗ്‌ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുൻകൂറായി ഇലന്തൂരിലെ ഭഗവൽസിംഗ് -ലൈല ദമ്പതികളിൽ നിന്ന് ഷാഫി വാങ്ങി. റോസ്‌ലിനെ എത്തിക്കാൻ എത്ര രൂപ കൈപ്പറ്റിയെന്ന് വ്യക്തമല്ല. മറ്റൊരു സ്ത്രീയേയും ഷാഫി നരബലിക്ക് എത്തിച്ചിരുന്നു. ഈ സ്ത്രീ ഇലന്തൂര്‍ എത്തിയ ശേഷം ബന്ധുക്കളെ വിളിച്ച് എവിടെയാണ് ഉള്ളതെന്ന് അറിയിച്ചു. ഇതോടെ ഇവര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മറ്റൊരു കുടുംബത്തേയും കുട്ടികള്‍ ഉള്‍പ്പടെ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചു. കുട്ടികളെ എന്തിനാണ് എത്തിച്ചതെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് വേണ്ടി അഡ്വ.ബി.എ ആളൂരാണ് വക്കാലത്ത് ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: