തൃശൂര്‍: നഗരത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ശക്തന് നഗറിലെ ആകാശപാത യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കണം. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. മാസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അമൃത് പദ്ധതിയുടെ ഭാഗമായി 5.74 കോടി രൂപ ചെലവിലാണ് ആകാശപാത നിര്‍മ്മിക്കുന്നത്. പദ്ധതി വിഹിതത്തില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം കോര്‍പ്പറേഷനും വഹിക്കുന്നു. 2019 നവംബറില്‍ തറക്കല്ലിടുമ്പോള്‍ എട്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പാഴ് വാക്കാക്കുകയായിരുന്നു. പഴയ പട്ടാളം റോഡ് – ശക്തന് തമ്പുരാന് നഗര്‍ റോഡ്, വെസ്റ്റ് റിംഗ് റോഡ്, ഹൈറോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് ശക്തനിലെ റൗണ്ട്എബൗട്ടിങിന് ചുറ്റുമായി ആകാശപാത നിര്‍മ്മിക്കുന്നത്.
മെട്രോ നഗരങ്ങളിലെ പോലെ എയര്‍കണ്ടീഷനോടുകൂടിയ വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് നിര്‍മ്മാണം. ആകാശപാതയുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായിരുന്നു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന സമയത്ത് മൂന്ന് മാസത്തിനകം നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നടപ്പായില്ല.
കൊവിഡിനെ തുടര്‍ന്നാണ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് കോര്‍പ്പറേഷന്റെ വാദം. വൃത്താകൃതി, റോഡ് നിരപ്പില്‍ നിന്നും ആറ് മീറ്റര്‍ ഉയരം, 279 മീറ്റര്‍ ചുറ്റളവില്‍ പാത, 3 മീറ്റര്‍ വീതിയുളള പാത, 4 വശങ്ങളില് നിന്നായി 8 കവാടം, പടവുകള്‍ക്ക് 2 മീറ്റര്‍ വീതം വീതി, 60 സെ.മീ. വ്യാസമുളള 16 കോണ്‍ക്രീറ്റ് തുണുകളില് പാത എന്നിവയാണ് ആകാശപാതയുടെ മുഖ്യസവിശേഷതകള്‍. ശക്തന് നഗറിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ആകാശപ്പാത നിര്‍മിക്കുന്നത്.
നാല് ഭാഗത്ത് നിന്നും ഗോവണിയും ലിഫ്റ്റും അടക്കമുള്ള സൗകര്യങ്ങളും ഇതോടൊപ്പം നിര്മിക്കുന്നുണ്ടണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ലിഫ്റ്റും സോളാര്‍ പാനലുകളുടെ നിര്‍മാണവും പൂര്‍ത്തീകരിക്കാനാണ് കോര്പ്പറേഷന് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ആറ് മീറ്റര്‍ ഉയരത്തില്‍ ഉറപ്പിച്ചിട്ടുള്ള ആകാശപാതയ്ക്ക് അടിയിലൂടെ വലിയ വാഹനങ്ങള്‍ക്കും കടന്നുപോകാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ശക്തന് ബസ് സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന് ഗ്രൗണ്ട് എന്നീ ഭാഗങ്ങളില്‍ നിന്ന് ആകാശപ്പാലത്തിലേക്കു കയറാനാകും. പടികള്‍ കയറി മുകളിലെത്തിയാല്‍ മൂന്ന് മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ള ഭാഗത്ത് ഇറങ്ങാം. 40 പടികള്‍ വീതം കയറുകയും ഇറങ്ങുകയും ചെയ്താല്‍ മാത്രമേ ആകാശപാത ഉപയോഗിക്കാനാവൂ.
200 ടണ്ണോളം തൂക്കം വരുന്ന ആകാശപാതയില്‍ ആദ്യഘട്ട നിര്‍മാണ പ്രവൃത്തിയിലെ പടികള്‍ നിര്‍മിക്കല്‍, ഫ്ളോറിങ്, റൂഫിങ് എന്നീ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. മുകളില്‍ ഇരുമ്പ് നടപ്പാത സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാകാനുണ്ട്. ഇരുമ്പ് പ്ലേയ്റ്റ് സ്ഥാപിച്ച് കഴിഞ്ഞാല്‍ കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ വിരിക്കും. ഇതിന് ശേഷമേ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കൂ. രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. താഴെ ഫുട്പാത്തില്‍ കൈവരി നിര്‍മിക്കല്‍, ആകാശപാതയിലെ വൈദ്യൂതികരണ ജോലികള്‍, ലിഫ്റ്റ് സ്ഥാപിക്കല്‍ എന്നിവ രണ്ടാംഘട്ടത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: