ന്യൂദല്‍ഹി:ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഏഴുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്. 99 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.. സ്കോര്‍ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99ന് ഓള് ഔട്ട്, ഇന്ത്യ 19.1 ഓവറില്‍ 105
100 രണ്സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക്മറുപടിയില് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് (എട്ട്) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍, ശുഭ്മന്‍ ഗില്‍ (49) ഫോമിലേക്ക് മടങ്ങിയെത്തി. അശ്രദ്ധമായി റണ്ണിന് ശ്രമിച്ച് ധവാന് റണ്ണൗട്ടായി. പരമ്പരയിലെ ഫോം തുടരുന്ന ശ്രേയസ് അയ്യര്‍ (28 നോട്ടൗട്ട്) സിക്സ് പറത്തിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഗില്‍ 57 പന്തില്‍ എട്ട് ഫോറടിച്ചു. ശ്രേയസ് 23 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്സും നേടി. ഇഷാന് കിഷന് (10) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സഞ്ജു സാംസണ് (രണ്ട്) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എംഗിഡിയും ബോണ്‍ ഫോര്ച്യുണും ഓരോ വിക്കറ്റെടുത്തു.
മൂന്നാമത്തെ നിര്‍ണ്ണായകമായ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് വെറും 99 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി.
ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും ഇന്ത്യക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറുമാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 100 റണ്‍സില്‍ താഴെ ഓള് ഔട്ടാവുന്നത്.. 1993ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നേടിയ 69 റണ്‍സാണ് ഏകദിന ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍.
ആദ്യ കളി ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍, രണ്ടാമത്തേത് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേി വന്ന ദക്ഷിണാഫ്രിക്കയെ കുല്‍ദീപ് യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 4.1 ഓവറില്‍ 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ തൂത്തെറിഞ്ഞു. കളിയിലെ താരവും കുല്‍ദീപാണ്.
ആദ്യ ഓവര്‍ എറിയാനെത്തിയ വാഷിങ്ടണ്‍ സുന്ദറും കഴിഞ്ഞ കളിയിലെ ഫോം തുടര്‍ന്ന മുഹമ്മദ് സിറാജും മുന്‍നിരയെയും നിലംപരിശാക്കി. സുന്ദര്‍ നാലോവറില്‍ 15 റണ്‍സിന് രണ്ടു വിക്കറ്റെടുത്തപ്പോള്‍ സിറാജ് അഞ്ചോവറില്‍ 17 റണ്‍സിന് രണ്ട് ഇരകളെ കണ്ടെത്തി. സിറാജാണ് പരമ്പരിയുടെ താരം. മധ്യ ഓവറുകളില്‍ കുല്‍ദീപിനൊപ്പം ഷഹബാസ് അഹമ്മദും കളം നിറഞ്ഞു. ഏഴോവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഹെന്റിച്ച് ക്ലാസനാണ് (34) ടോപ് സ്കോറര്‍. ജന്നെമന്‍ മലാന് (15), മാര്‍ക്കൊ ജാന്സെന് (14) എന്നിവരും രണ്ടക്കം കണ്ടു.
ഡേവിഡ് മില്ലറാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചത്. കഴിഞ്ഞ കളിയില്‍ നയിച്ച കേശവ് മഹാരാജ് കളിച്ചില്ല.
ഐസിസി ഏകദിന ലോകകപ്പ് സൂപ്പര്‍ലീഗ് പട്ടികയില്‍ പരമ്പര നേട്ടത്തോടെ ഇന്ത്യ ഒന്നാമതെത്തി. പരമ്പരയിലൂടെ ഇന്ത്യക്ക് പത്ത് പോയിന്റ് ലഭിച്ചു. പട്ടികയില്‍ മുന്നോട്ടു കയറാമെന്ന പ്രതീക്ഷയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് പിഴച്ചു. നിലവില്‍ പത്താമതാണ് ദക്ഷിണാഫ്രിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: