കൊച്ചി: ടൂറിസ്റ്റ് ബസുകൾക്ക് മൂക്കുകയർ ഇട്ട് ഹൈക്കോടതി ഉത്തരവ്. നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഉടനടി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിർദ്ദേശം.
നിരത്തുകളിൽ നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ ഓടരുത്. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ലെന്നും നിർദേശിച്ചു.
ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട്, പോലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലത്തൂർ ഡിവൈഎസ്പി കോടതിയിൽ നേരിട്ട് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: