തിരുവനന്തപുരം : 54 ദിവസമായി തുടരുന്ന വിഴിഞ്ഞം സമരം അദാനി ഗ്രൂപ്പിനുണ്ടായ 100 കോടിയുടെ നഷ്ടം ലത്തീന്‍ കത്തോലിക്ക രൂപതയില്‍ നിന്നും ഈടാക്കണമെന്ന വിസിലിന്റെ (വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ്) ആവശ്യത്തെ തുടര്‍ന്ന് വിഷയം ചൂടുപിടിക്കുന്നു.
വിസില്‍ ഇങ്ങിനെ ഒരു ആവശ്യം ഉന്നയിച്ചതോടെ ഇടത് സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. വിസിലിന്റെ ഈ ആവശ്യം എരിതീയില്‍ എണ്ണയൊഴിക്കുന്നതാണെന്ന് സര്‍ക്കാര്‍ പറയുന്നു. സമരക്കാരെ പിണക്കാതെ ചര്‍ച്ചയിലൂടെ സമവായം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറയുന്നു. വെള്ളിയാഴ്ച സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം സെപ്റ്റംബര്‍ 30 വരെയുള്ള നഷ്ടമായ 80 കോടിയും പലിശ ഇനത്തിലെ 20 കോടിയും ചേര്‍ന്ന് 100 കോടിയുടെ നഷ്ടം അദാനി ഗ്രൂപ്പ് കണക്കാക്കുന്നത്.
ഒരു ചില്ലിക്കാശ് പോലും നഷ്ടപരിഹാരം തരാന്‍ കഴിയില്ലെന്നാണ് സമരക്കാര്‍ തിരിച്ചടിക്കുന്നത്. വിസില്‍ സര്‍ക്കാരിനാണ് ഇങ്ങിനെ ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമരങ്ങളിലുണ്ടാകുന്ന നഷ്ടം സമരത്തില്‍ പങ്കെടുത്ത പാര്‍ട്ടികളില്‍ നിന്നും ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം വിഴിഞ്ഞം സമരത്തിലും ബാധകമാക്കണമെന്നാണ് വിസില്‍ ആവശ്യപ്പെടുന്നത്. ഈയിടെ പോപ്പുലര്‍ ഫ്രണ്ട് സമരം മൂലം കെഎസ്ആര്‍ടിസിയ്ക്കുണ്ടായ നഷ്ടം സംഘടനയില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്.
വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ഈമാസം 13നാണ് അദാനി പോര്‍ട്ടിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് കമ്പനിക്ക് നഷ്ടമുണ്ടായെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഈ പശ്ചാത്തലത്തിലാണ് അദാനി പോര്‍ട്ട്സുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. അദാനി ഗ്രൂപ്പ് സിഇഒ 13-ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. നഷ്ടം നികത്തുന്ന വിഷയത്തില്‍ നിയമോപദേശം തേടിയതിന് ശേഷമാവും സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: