നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന താന്ത്രിക പദ്ധതികളുടെ ചുരുളഴിക്കുകയല്ല, മറിച്ച് അത്ര ഗുപ്തമല്ലാത്ത താന്ത്രിക സമ്പ്രദായങ്ങളിലേക്ക് താന്ത്രികോപാസകനായ കാവില്‍മഠം ഭവദാസ് നടത്തുന്ന ആത്മാന്വേഷണമാണ് താന്ത്രിക യാത്രകള്‍ എന്ന പുസ്തകം. ഭാരതത്തിലെ ശക്തി സ്ഥാനങ്ങളിലൂടെ, ശൈവചൈതന്യം സ്ഫുരിക്കുന്ന ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൂടെയെല്ലാമുള്ള സഞ്ചാരം ഈശ്വരസാക്ഷാത്കാരത്തിലേക്ക് ഒരുവനെ നയിക്കുന്ന പന്ഥാവുകളെക്കുറിച്ചുള്ള ഏകദേശ ധാരണ നല്കുന്നുണ്ട്. ദീര്‍ഘമെന്നോ, ഗഹനമെന്നോ പറയാന്‍ ആവില്ലെങ്കിലും ഒരു ആത്മാന്വേഷകനെ ഉദ്ദീപിപ്പിക്കുന്നതിന് ഉതുകുന്ന വസ്തുതകള്‍ ഈ പുസ്തകത്തിലുണ്ട്.
താന്ത്രികോപാസകരുടെ പ്രധാന കേന്ദ്രങ്ങളായ താരാപീഠം, കാമാഖ്യ, ദക്ഷിണേന്ത്യയിലെ മൂകാംബിക എന്നീ ക്ഷേത്രങ്ങളെക്കുറിച്ച് സവിസ്തരം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. അന്വേഷണ കുതുകികളില്‍ ഒട്ടോക്കെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് തന്ത്രമാര്‍ഗ്ഗം. സാധകന് സ്വാതന്ത്ര്യം നല്കുന്നതും അതേസമയം ഗോപ്യമായതും പൂര്‍ണ്ണ സമര്‍പ്പണം ആവശ്യമുള്ളതുമായ ഒരു സാധനാ പദ്ധതിയാണ് തന്ത്രം.
ജ്ഞാനം എത്ര ഉയരത്തില്‍ ആണെങ്കിലും അതിന്റെ അനുഭവത്തിന് ഭക്തികൂടിയേ തീരൂ എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് കാവില്‍മഠം ഭവദാസ് ഈ പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. യാത്രയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍്ണമാക്കാതെ ഏതൊരാള്‍ക്കും മനസിലാകും വിധമാണ് വിഷയങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. സാധകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന താരാപീഠത്തെക്കുറിച്ചും കാമാഖ്യയെക്കുറിച്ചും വിവരിക്കുമ്പോള്‍ ആ ശക്തിപീഠങ്ങളുടെ സവിശേഷ പ്രാധാന്യം, ആരാധനാ രീതി, ഐതിഹ്യം, ഈ ക്ഷേത്രങ്ങളുമായി ഇഴപിരിയാതെ ബന്ധപ്പെട്ട് കിടക്കുന്ന യോഗിനികള്‍ തുടങ്ങി എല്ലാം തന്നെ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
അക്ഷരങ്ങള്‍ക്കൊണ്ട് മായാജാലം തീര്‍ക്കുകയാണോ എഴുത്തുകാരന്‍ എന്നും ഇതെല്ലാം സങ്കല്‍പ്പ സൃഷ്ടി മാത്രമാണോ എന്നും ആദ്യ വായനയില്‍ തോന്നാം. വിവരണങ്ങളില്‍ ചിലതെല്ലാം അവിശ്വസനീയം എന്ന പ്രതീതിയുണര്‍ത്തുന്നതാണ് കാരണം. പ്രത്യേകിച്ചും യോഗിനിമാരെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍. ദേവിയുടെ അംശശക്തിയായിട്ടാണ് യോഗിനിമാരെ വിശേഷിപ്പിക്കുന്നത്. ദേവീ ശക്തി നിറയുന്ന യോഗിനിമാര്‍ ശക്തിപീഠങ്ങളിലെ നിറസാന്നിധ്യമാണ്. അവരുടെ ഉപാസനാ രീതികള്‍ നിഗൂഢമാണ്. ആ നിഗൂഢതയാണ് അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്നത്. ഇത്തരത്തില്‍ പല അനുഭവങ്ങളും കാവില്‍മഠത്തിന്റെ എഴുത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു.
താന്ത്രികമായ ആരാധനകളുടെ ആത്യന്തിക ലക്ഷ്യം സാക്ഷാത്കാരം തന്നെയാണെങ്കിലും കര്‍മപഥത്തില്‍ നിന്നുകൊണ്ട് ലൗകിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുതന്നെ കൈവല്യം നേടിയെടുക്കാനുള്ള കര്‍മ കാണ്ഡങ്ങളെയാണ് തന്ത്രം അവലംബിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. ഹിന്ദുവിശ്വ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് താന്ത്രിക യാത്രകള്‍ എന്ന ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: