കൊച്ചി/മട്ടാഞ്ചേരി: നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നാവികസേനയുടെ സഹായത്തോടെ കൊച്ചി പുറംകടലില്‍നിന്നു കഴിഞ്ഞ ദിവസം പിടിച്ച 1,200 കോടിയുടെ 200 കിലോ ഹെറോയിന്‍ എത്തിയത് അഫ്ഗാനിസ്ഥാനില്‍നിന്ന്. അവിടെനിന്നു പാകിസ്ഥാന് വഴി ശ്രീലങ്കയിലേക്കു കൊണ്ടുപോകുമ്പോഴാണ് ഇന്ത്യന്‍ ഏജന്‍സികളുടെ പിടിയിലായത്. ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുകൊണ്ട് ഭീകരപ്രവര്‍ത്തനവുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോട്ടില്‍നിന്ന് പിടികൂടിയ അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുള്‍ നൗഷാദി, ജൂനെയ്ദ്, അബ്ദുള്‍ ഘനി, നൗഷാദ് അലി എന്നിവര്‍ ഇറാന് പൗരന്മാരാണ്. പാകിസ്ഥാന് കേന്ദ്രമായി ലോകമാകെ പടര്‍ന്നുകിടക്കുന്ന ഹാജി സലിം നെറ്റ്വര്‍ക്കിന്റെ ചരക്കാണ് പിടിയിലായത്. ഈ സംഘത്തിന്റെ കാരിയര്‍മാരാണ് അറസ്റ്റിലായത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വന്‍തോതില്‍ ഹെറോയിന്‍ കടത്തു നടക്കുന്നു എന്ന വിവരമാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് ലഭിച്ചത്. അന്താരാഷ്ട്ര സമുദ്രപാതയില്‍ റെയ്ഡ് നടത്താന്‍ സംവിധാനമില്ലാത്തതിനാല്‍ ഇവര്‍ നാവികസേനയുടെ സഹായം തേടി. ഇരുവരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വലിയ അളവില്‍ ഹെറോയിനുമായി മത്സ്യബന്ധനബോട്ട് പിടിയിലായത്. പരിശോധനയില്‍ ഇതില്‍ മത്സ്യബന്ധനം നടന്നിട്ട് കാലങ്ങളായി എന്ന് കണ്ടെത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്സ്, ഇന്റലിജന്‍സ് ബ്യൂറോകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
കാരിയര്‍മാരായ ഇവര്‍ക്ക് ഉറവിടം അഫ്ഗാനിസ്ഥാന് ആണെന്നുമാത്രമേ അറിയൂ. കൈമാറേണ്ട ആളുകള്‍ എത്തുന്ന സമയത്ത് സന്ദേശം എത്തുമെന്നും അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണത്രേ നിര്‍ദേശം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരോധിച്ചിരിക്കുന്ന സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഈ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് ലഹരിക്കടത്തിന്റെ വിവരങ്ങള്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ മനസിലാക്കിയത്. ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചല്ല ഈ ലഹരിക്കടത്തെന്നാണു നര്‍ക്കോട്ടിക്സ് ബ്യൂറോയുടെ പ്രാഥമികനിഗമനം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവരുടെ മുംബൈ ബന്ധങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വെള്ളം കടക്കാത്ത, ഏഴ് പാളികളുള്ള, ഒരു കിലോ തൂക്കം വരുന്ന 200 പായ്ക്കറ്റുകളിലായിരുന്നു ലഹരി മരുന്ന്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് മയക്കുമരുന്നു നെറ്റ്വര്ക്കുകള് ഉപയോഗിക്കുന്ന മുദ്രകളായ വ്യാളിയും തേളും ഈ പാക്കറ്റുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പിടികൂടിയ ഹെറോയിന്റെ ഗുണനിലവാരം അളക്കാനായി ലാബ് ടെസ്റ്റിന് അയച്ചിരിക്കുകയാണ്. ഫലം വന്നാലേ കൃത്യമായ മൂല്യം അറിയാന്‍ കഴിയൂ. പ്രതികളില്‍നിന്നു പിടിച്ചെടുത്ത മൂന്ന് സ്മാര്‍ട് ഫോണും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.എന്‍സിബി ചെന്നൈ മേഖലാ ഡയറക്ടര്‍ പി. അരവിന്ദന്, നാവികസേന ലഫ്. കമാന്‍ഡന്‍ഡ് പി.എസ്. സജിന്‍ എന്നിവരും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: