സി.വി. തമ്പി
മഹാഭാരതമെന്ന മഹാസാഗരം വ്യാസഭഗവാന്റെ വായിലൂടെ ഒഴുകിയെത്തിയ മഹാനദിയാണ്. അപാരവും അനന്തവുമായ ഉള്‍ക്കാമ്പ് ഈ മഹദ് ഗ്രന്ഥത്തിനുണ്ട്. ഇത് മഹാസമുദ്രം പോലെ വിശാലവുമാണ്. ആഴവും പരപ്പും ഉള്ക്കനവുമാണ് ഈ സാഹിത്യേതിഹാസത്തെ ലോകസാഹിത്യത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്.
അനേകം കഥകളും ഉപകഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കാവ്യം സദാചാരത്തിന്റെയും സന്മാര്ഗത്തിന്റയും സമാധാനത്തിന്റെയും സന്ദേശമാണ് ഉദ്ഘോഷിക്കുന്നത്. ഇരുള് നിറഞ്ഞ മനുഷ്യ മനസ്സുകളിലേക്ക് പ്രകാശകിരണങ്ങള്‍ എത്തിക്കുക എന്നതാണ് മഹാഭാരതകാരന് ലക്ഷ്യം വെച്ചത് എന്ന് പണ്ഡിതര്‍ നിരൂപണം ചെയ്യുന്നു.
മഹാഭാരതം ഒരേസമയം കാവ്യവും തത്വശാസ്ത്രവുമാണ്. ‘ശാസ്ത്രാംശമുള്ള കാവ്യം’ എന്നാണ് മഹാഭാരതത്തെ ആനന്ദവര്ധനന് വിശേഷിപ്പിച്ചത്. ഈ കാവ്യം ഇതള്‍ വിരിക്കുന്ന അനുഭവലോകം വിസ്മയകരമാണ്. ഇതിലെ കഥാപാത്രങ്ങളാകട്ടെ വിഹ്വലമനസ്സുകളുടെ ഉടമകളുമാണ്. ഈ കഥാപാത്രങ്ങളിലൂടെ സ്നേഹവും പ്രേമവും കാമവും പകയും നിന്ദയും നിഗൂഢതയും ഒക്കെ കലാമര്‍മജ്ഞതയോടെ അനാവരണം ചെയ്യപ്പെടുന്നു. ഇതില്‍, ഹിതകരമായ ബന്ധങ്ങള്‍ മാത്രമല്ല, അനഭിലഷണീയമായ ബന്ധങ്ങളുമുണ്ട്. കാരുണ്യവും ഉദാരതയും മാത്രമല്ല, കൊലച്ചതികളും കുതന്ത്രങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. കാവ്യലോകത്തെ ഭൗതിക ലോകത്തിലേക്കും ഭൗതിക ലോകത്തെ കാവ്യലോകത്തേക്കും വ്യാസന്, തന്റെ രചനയിലൂടെ ആവാഹിക്കുകയായിരുന്നു,
മഹാഭാരതത്തില്‍ ധീരരും യോദ്ധാക്കളും ശാന്തരും ഗംഭീരരും കളങ്കമാനസരും നിഷ്കപടമാനസരും ഭീരുക്കളും ഹതാശരും കഥാപാത്രങ്ങളായി നിഴലും നിലാവുമെന്ന വണ്ണം കടന്നുവരുന്നു. ഒരിക്കല്‍ , ലബ്ധപ്രതിഷ്ഠ നേടുന്ന കഥാപാത്രങ്ങളും കാലഗതിയില്‍, ചതിയില്‍ പെട്ടോ വിധിയില്‍ പെട്ടോ അധോഗതിയിലെത്തുന്നതും നമുക്ക് കാണാനാകുന്നു. ചില കഥാപാത്രങ്ങളുടെ മ്ലേച്ഛതകളും രൗദ്രവാസനകളും മറനീക്കി പുറത്തു വരുന്നത് കഥാഗതിയുടെ വഴിത്തിരിവായി ഭവിക്കുകയും ചെയ്യുന്നു. മൊത്തത്തില്‍ തീ പിടിച്ച മനസ്സുകളുടെ നാടകവേദിയാണ് മഹാഭാരതം എന്നു പറയാം. മനുഷ്യബന്ധങ്ങളുടെ ഉള്‍പ്പിരിവുകളും അന്തര്ഗതങ്ങളും പല വേഷങ്ങളില്‍ ഈ ദുരന്തവേദിയില്‍ കടന്നുവരുന്നു.
വ്യാസന് സൃഷ്ടിച്ച കഥാപാത്രങ്ങളെല്ലാം എക്കാലത്തെയും മനുഷ്യരുടെയും വിവിധ വികാരങ്ങളുടെയും പരിച്ഛേദങ്ങളായി കാണപ്പെടുന്നു. മനുഷ്യവംശം നിലനില്‍ക്കുന്നിടത്തോളം കാലം ദേശകാലഭേദമില്ലാതെ ഇതിലെ കഥാപാത്രങ്ങള്‍ കണ്മുന്നിലൂടെ വിഹരിക്കുന്നത് കാണാനാവും. ഇങ്ങനെ, വികാരങ്ങളുടെ നിത്യത, നികൃഷ്ടത, നിമ്നോന്നത എന്നിവയാണ് ഇതിന്റെ സാര്‍വലൗകികതയ്ക്കും സുസ്ഥിരതയ്ക്കും നിദാനമായി ഭവിക്കുന്നത്. എന്തുകൊണ്ടും ഈ സാഹിത്യശില്പം ഭാവഭദ്രമാണ്. സുകുമാര്‍ അഴീക്കോട് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘ലാളിത്യത്തിന്റെ ഗഹനത കലര്‍ന്ന അസാധാരണമായ വചനമഹിമയാണ്, വ്യാസേതിഹാസത്തിന്റെ ആത്മാവ്’.
ലോകം ഓരോ നിമിഷവും, മഹാഭാരതം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണോ എന്ന് നമുക്ക് തോന്നും. കാരണം, മനുഷ്യപ്രകൃതിയുടെ നിഗൂഢതകള്‍ വിശകലനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും എളുപ്പത്തില്‍ വഴങ്ങുന്നവയല്ലല്ലോ. കഥയില്‍ നിന്ന് കഥയിലേക്കുള്ള തുടര്‍ച്ച ഇതിന്റെ ആഖ്യാന സവിശേഷതയും അതു പോലെതന്നെ ഒരു മാന്ത്രികച്ചെപ്പിലെ അത്ഭുത പ്രതിഭാസവുമാണ്.
ജ്ഞാനികളില്‍ പ്രഹര്ഷമിയറ്റുന്ന പലതുമുണ്ട് ഈ കാവ്യത്തില്‍. ദുരന്തചിന്തകരെ ത്രസിപ്പിക്കുന്ന ഘടകങ്ങളും കുറവല്ല. ദാര്‍ശനികരെ ചിന്തയുടെ ആഴങ്ങളിലെത്തിക്കുന്ന ധാര്‍മികതയും നീതിബോധവും ഈശ്വരചിന്തയും വിധി വിശ്വാസങ്ങളും ഇതില്‍ നിറഞ്ഞു നില്ക്കുന്നു. അങ്ങനെ, മഹാഭാരതവായനയിലൂടെ വായനക്കാരന്റെ അസ്ഥിത്വവും ഉറപ്പിക്കപ്പെടുന്നു. രചയിതാവിന്റെ അഥവാ ആഖ്യാതാവിന്റെ നിലനില്പ് സാധ്യമാകുന്നത് വായനക്കാരിലൂടെയാണല്ലോ. ആ നിലയില്‍, തന്റെ കൃതി എഴുതാന്‍ വ്യാസന് ചുമതലപ്പെടുത്തിയ വിഘ്നേശ്വരനാണ് മഹാഭാരതത്തിന്റെ ആദ്യ വായനക്കാരന്. വരമൊഴിയില്‍ നിന്ന് വാമൊഴിയിലേക്കുള്ള ഗതിമാറ്റം മഹാഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. പിന്നീട് വന്നവരെല്ലാം കേട്ടു ചൊല്ലിയവരായിരുന്നല്ലോ. അങ്ങനെ, ഈ ഉത്കൃഷ്ട കൃതിയുടെ അര്ഥനിര്മാണ പ്രക്രിയകളും അര്ഥവ്യവച്ഛേദന സംവേദന പ്രക്രിയകളും നടന്നുകൊണ്ടേയിരുന്നുമഹാഭാരതത്തിന്റെ അനിതരസാധാരണമായ ഭാവുകത്വം വായനക്കാരെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ഒരുവശത്ത് കടുത്ത ജീവിതാസക്തി, മറുവശത്ത് ജീവിത ദുരന്തങ്ങളുടെ നിരന്തര ഘോഷയാത്ര. ഇവയ്ക്കിടയില്‍ പുലരുന്ന ജീവിതങ്ങളും പൊലിയുന്ന ജീവിതങ്ങളും ധാരാളം. ഇതുകൊണ്ടാണ്, മനുഷ്യന്റെ ബാഹ്യരൂപവും (ബാഹ്യജീവിതം) ആന്തരിക രൂപവും (ആന്തരികജീവിതം) പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് മഹാഭാരതം എന്നു പറയുന്നത്. മനുഷ്യ വികാരങ്ങള്‍ക്ക് സാര്‍വലൗകികത ഉണ്ടെന്നും അതിനാല്‍, ഇത്തരം വികാരാവിഷ്കാരങ്ങള്‍ ശാശ്വത പ്രതിഷ്ഠ നേടുമെന്നും ഈ മഹാകാവ്യം നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ മഹാകാവ്യങ്ങളുടെ വായനയും പഠനവും എക്കാലവും മനുഷ്യരാശിക്ക് ശ്രേഷ്ഠത കൈവരുവാന്‍ ഉപകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: