ബെംഗളൂരു :ഭാരത് ജോഡോ യാത്ര ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനുള്ള മറയല്ലെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതില്‍ നിന്നും ഭാരത് ജോഡോ യാത്ര എന്ന കാരണം പറഞ്ഞ് ഡി.കെ. ശിവകുമാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇനി ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഇഡി അന്ത്യശാസനം നല്‍കിയതോടെ വെള്ളിയാഴ്ച തന്നെ ശിവകുമാര്‍ ഇഡി ഓഫീസില്‍ ഹാജരായി. ഇപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷ സോണിയാഗാന്ധിയും പ്രതിയായ നാഷണല്‍ ഹെറാള്‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ശിവകുമാറിനെ ചോദ്യം ചെയ്യുന്നത്. കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് താന്‍ പങ്കെടുക്കുന്നതില്‍ ബിജെപിയ്‌ക്ക് താല്‍പര്യമില്ലാത്തിനാലാണ് കര്‍ണ്ണാടകത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് ശിവകുമാര്‍ ആരോപിക്കുന്നു.
സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യയില്‍ നിക്ഷേപമിറക്കിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്താണ് അവര്‍ ചോദിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ശിവകുമാറും സഹോദരനും യംഗ് ഇന്ത്യയില്‍ നിക്ഷേപമിറക്കിയതായി പറയുന്നു. യംഗ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പേരിലുള്ള ഭൂസ്വത്തുക്കളത്രയും ഉള്ളത്. നേരത്തെ ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള അസോസിയേറ്റ് ജേണല്‍ ലിമിറ്റഡിലായിരുന്നു.
ഇഡി അതിശക്തമായി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം തുടരുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും ചോദ്യം ചെയ്തെങ്കിലും നാഷണല്‍ ഹെറാള്‍ഡ് സ്വത്തുക്കള്‍ വാങ്ങാന്‍ യംഗ് ഇന്ത്യനിലേക്ക് പണം വന്ന വഴി സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതിനായി മറ്റ് കോണ്‍ഗ്രസ് നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
50 ലക്ഷം രൂപ നല്‍കിയാണ് കോണ്‍ഗ്രസിന് അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് നല്‍കാനുണ്ടായിരുന്ന 90.25 കോടി രൂപയുടെ സ്വത്ത് യംഗ് ഇന്ത്യന്‍ കൈക്കലാക്കിയത്. ഈ 50 ലക്ഷം രൂപ യംഗ് ഇന്ത്യന് നല്‍കിയത് കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഒരു ഹവാല കമ്പനിയായിരുന്നു. ഈ കേസില്‍ സോണിയയും രാഹുലും 2015ല്‍ 50,000 രൂപയുടെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും ധനദുര്‍വിനിയോഗത്തിനും 2013ലാണ് സുബ്രഹ്മണ്യം സ്വാമി സ്വകാര്യ ക്രിമിനല്‍ കേസ് നല്‍കിയത്. 2015ല്‍ യംഗ് ഇന്ത്യനെതിരെ ഇന്‍കം ടാക്സ് അന്വേഷണം തുടങ്ങി. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇന്‍കം ടാക്സ് നികുത വെട്ടിപ്പ് പരാതി ഇന്‍കം ടാക്സിന് നല്‍കി. ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദല്‍ഹിയിലെ ഒരു വിചാരണക്കോടതി ഇന്‍കം ടാക്സ് അന്വേഷണത്തെ ശരിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ ഈ കേസില്‍ ഇഡി അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂര്‍ നേരം ചോദ്യം ചെയ്തു. സോണിയാഗാന്ധിയെ ജൂലൈ 26നും 27നും ചോദ്യം ചെയ്തു. ഇനിയും ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് പൊടുന്നനെ 150 ദിവസത്തെ ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ സോണിയയും രാഹുല്‍ഗാന്ധിയോടൊപ്പം യാത്രയില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: