ശ്രീനഗര്‍: ഭീകരര്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യരുതെന്നും കശ്മീരിന്റെ വികസനത്തിന് സംഭാവന നല്‍കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കശ്മീരിന് പാകിസ്ഥാനുമായി ഒരു ബന്ധവുമില്ലെന്നും പാക് അധീന കാശ്മീര്‍ (പിഒകെ) ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍ മനോഹരമായ ഒരു സ്ഥലമാണ്, ശ്രീനഗര്‍ ഒരു മനോഹരമായ നഗരമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുകയും ചെയ്യുന്ന തരത്തില്‍ ടൂറിസം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘എന്നാല്‍ ഈ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ സമാധാനം ആവശ്യമാണ്. ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മറ്റുള്ളവരെ കൊന്ന് സ്വയം കൊല്ലപ്പെടാതെ കശ്മീരിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഞാന്‍ തീവ്രവാദികളോട് അഭ്യര്‍ത്ഥിക്കുന്നു,’ അത്താവലെ ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ ത്രിവര്‍ണപതാക വീശിയെന്നും താഴ്വരയ്ക്ക് പാക്കിസ്ഥാനുമായി ഇനി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാന് പിഒകെയില്‍ അതിക്രമിച്ചു കയറി, ഒരു ദിവസം, പിഒകെ നമ്മുടെ ഭാഗമാകും. അവിടെയുള്ള ആളുകള്‍ അതാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് പാകിസ്ഥാനെ മടുത്തു. ഒരു ഐക്യ കാശ്മീര്‍ വേണം. ഞങ്ങളെ ആക്രമിക്കുന്നതും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതും യുവാക്കളെ വഴിതെറ്റിക്കുന്നതും പാകിസ്ഥാന് അവസാനിപ്പിക്കണം, പാകിസ്ഥാന് അഭിവൃദ്ധിപ്പെടണമെങ്കില്‍ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണം,’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച കേന്ദ്രമന്ത്രി, ജമ്മു കശ്മീരില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് അദ്ദേഹത്തിന്റെ കീഴില്‍ വേഗത്തിലാണെന്ന് പറഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ 26 ലക്ഷം ബാങ്ക് അക്കൗണ്ടുകളും 2016 മുതല്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ അനുവദിച്ച 12.43 ലക്ഷം ഗ്യാസ് കണക്ഷനുകളും കേന്ദ്രഭരണപ്രദേശത്ത് ഭവന പദ്ധതികള്‍ക്ക് കീഴില്‍ 1.05 ലക്ഷം ഭവനങ്ങളും നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: