ന്യൂയോര്‍ക്ക്: ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാന്‍ ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ഭീകരസംഘടനകളെയും സായുധ സംഘങ്ങളെയും വളര്‍ത്തുന്നത് രഹസ്യ ഇടനാഴികളിലൂടെ എത്തുന്ന സാമ്പത്തിക സഹായമാണെന്നും ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി സംഘടിപ്പിച്ച ഉന്നതതലചര്ച്ചയില് മന്ത്രി ചൂണ്ടിക്കാട്ടി.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകമാണ്. അല്‍ ഖൊയിദയും ഇസ്ലാമിക് സ്റ്റേറ്റും അനുബന്ധ ഭീകരപ്രസ്ഥാനങ്ങളും മേഖലയില്‍ ശക്തി പ്രാപിക്കുകയാണ്. ആഫ്രിക്കയുടെ പ്രകൃതിവിഭവങ്ങളെ സാമ്പത്തിക സ്രോതസുകളാക്കിയും ജനതയെ അടിമകളാക്കിയും ഭീകരര്‍ ആധിപത്യം സ്ഥാപിക്കുകയാണ്. സ്വര്‍ണവും ധാതുവിഭവങ്ങളും വനവിഭവങ്ങളുമെല്ലാം ഈ സംഘടനകളുടെ കരുത്ത് കൂട്ടുന്ന സാമ്പത്തികാടിത്തറയായി മാറുന്നു. ഭീകരതയ്ക്ക് തടയിട്ടില്ലെങ്കില്‍ സായുധകലാപങ്ങള്‍ പതിവായ ഭൂഖണ്ഡത്തിന് ഇരട്ടിപ്രഹരമാകും. ഏതുസമയത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായേക്കാമെന്ന സാഹചര്യം ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിരതയെയും സമാധാനത്തെയും ബാധിച്ചിട്ടുണ്ട്.
മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാമൂഹിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും കടുത്ത വെല്ലുവിളിയാണ് ഭീകര സംഘടനകള്‍ ഉയര്‍ത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര കലാപത്തിന് പിന്നിലും ഇവരുടെ കൈകളുണ്ട്. ഇത്തരക്കാരോട് സന്ധിചെയ്യുന്നത് ഭീകരതയ്ക്ക് അംഗീകാരം നല്‍കലാവും. ആഫ്രിക്കയുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം സഹായം വര്‍ധിപ്പിക്കണം.
യുഎന്‍ ഭീകരവിരുദ്ധ സമിതിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ, ഭീകരതക്കെതിരായ പോരാട്ടത്തില്‍ ശക്തമായ നിലപാടാണ് എ ടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 28, 29 തിയതികളില്‍ സമിതിയുടെ പ്രത്യേകയോഗം മുംബൈയില്‍ ചേരുമെന്നും മന്ത്രി രക്ഷാസമിതിയെ അറിയിച്ചു
വി മുരളീധരന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
നന്ദി, മിസ്റ്റർ പ്രസിഡന്റ്,
ഈ മാസത്തെ സുരക്ഷാസമിതിയുടെ ഗാബോൺ പ്രസിഡൻസിയിൽ താങ്കളെ എന്റെ ആശംസകൾ അറിയിച്ചുകൊണ്ടു ഞാൻ തുടങ്ങട്ടെ. സംവാദത്തിനായി തെരഞ്ഞെടുത്ത വിഷയം ആഫ്രിക്കയ്ക്കു മാത്രമല്ല, ഭീകരതയ്ക്കെതിരായ ആഗോളപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ നമുക്കെല്ലാവർക്കും വളരെ പ്രധാനമാണ്.
ഇന്നത്തെ സംവാദത്തെ സമ്പന്നമാക്കുന്ന വിലപ്പെട്ട സംഭാവനകൾക്കു യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യുഎൻഒഡിസി) എക്സിക്യൂട്ടീവ് ഡയറക്ടർ ഘദാ ഫാത്തി വാലി, ആഫ്രിക്കൻ യൂണിയൻ കമ്മീഷന്റെ രാഷ്ട്രീയകാര്യ-സമാധാന-സുരക്ഷാ കമ്മീഷണർ ബങ്കോളെ അഡിയോയെ, കിഴക്കൻ ആഫ്രിക്ക റീജണൽ ഡയറക്ടറും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഫ്രിക്കൻ യൂണിയൻ പ്രതിനിധിയുമായ പോൾ-സൈമൺ ഹാൻഡി എന്നിവർക്കു ഞാൻ നന്ദി പറയുന്നു.
മിസ്റ്റർ പ്രസിഡന്റ്,
കഴിഞ്ഞ വർഷങ്ങളിൽ, ഭൂഖണ്ഡത്തിലെ, പ്രത്യേകിച്ച് ഹോൺ ഓഫ് ആഫ്രിക്ക, സഹേൽ, കിഴക്ക്, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ സുരക്ഷാപാളിച്ചകളും ദുർബലമായ ഭരണനിർവഹണവും മുതലെടുത്തു ഭീകരരും സായുധസംഘങ്ങളും വലിയ സ്വാധീനം സൃഷ്ടിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരർക്കുള്ള ധനസഹായത്തിനുമായി ഈ ദുർബലമേഖലകളെ ചൂഷണം ചെയ്യുന്നു. പ്രകൃതിവിഭവങ്ങൾ അനധികൃതമായി ചൂഷണം ചെയ്യുന്നതിലൂടെയും വന്യമൃഗങ്ങളെ കടത്തുന്നതിലൂടെയും കൊള്ളയടിക്കുന്നതിലൂടെയും ഭീകരരും സായുധ ഗ്രൂപ്പുകളും അവരുടെ പ്രവർത്തനങ്ങൾക്കു കൂടുതൽ ധനസഹായം ലഭ്യമാക്കുന്നു. വിവരവിനിമയ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനം വന്നതോടെ സാമ്പത്തിക ഇടപാടുകൾ, എൻക്രിപ്ഷൻ, വൈവിധ്യമാർന്ന ഗതാഗതമാർഗങ്ങളും വിതരണവും എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ ചൂഷണം ചെയ്തുകൊണ്ടു ഭീകരവാദസംഘങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കു ധനസഹായം ലഭ്യമാക്കാനുള്ള പുതിയ വഴികൾ കണ്ടെത്തി.
ഇത്തരം ശത്രുസംഘങ്ങളുടെ സാമ്പത്തികസ്രോതസുകളിലേയ്ക്കുള്ള വഴി അടയ്ക്കുന്നത് അവരുടെ രൂക്ഷമായ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ നിർണായകമാണ്. ചില രാഷ്ട്രങ്ങൾക്കു നിയമ-പ്രവർത്തന ചട്ടക്കൂടുകളും ഭീകരവാദ സാമ്പത്തികസഹായത്തെ തകർക്കാൻ (സിഎഫ്ടി) ശേഷിയും ഇല്ല. എന്നാൽ, ഭീകരവാദത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതും അവർക്കു മനഃപൂർവം സാമ്പത്തിക സഹായവും സുരക്ഷിത താവളവും നൽകുന്നതുമായ, വ്യക്തമായി കുറ്റക്കാരായ മറ്റു മേഖലകളുമുണ്ട്. ആദ്യം പറഞ്ഞവയുടെ ശേഷികൾ നാം വർധിപ്പിക്കേണ്ടതുണ്ട്. അതിനൊപ്പം, അന്താരാഷ്ട്ര സമൂഹം ഒത്തുചേർന്നു രണ്ടാം വിഭാഗത്തോടു സംവദിക്കുകയും അത്തരം അവ്യക്തമായ ഭാഷയുടെ കാര്യത്തിൽ അവരിൽ ഉത്തരവാദിത്വമേൽപ്പിക്കുകയും വേണം
മിസ്റ്റർ പ്രസിഡന്റ്,
ഭീകരവാദത്തിനു ധനസഹായം നൽകുന്നതു തടയാനുള്ള ബോധപൂർവവും ഏകോപിതവുമായ ശ്രമങ്ങളില്ലാതെ ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിനു വിജയിക്കാനാകില്ല; ആഗോളതലത്തിൽ സായുധസംഘങ്ങൾക്കെതിരെ പോരാടാനും കഴിയില്ല. ഈ സാഹചര്യത്തിൽ, ഈ കൗൺസിലിന്റെ പരിഗണനയ്ക്കായി ഇനിപ്പറയുന്ന പ്രധാനകാര്യങ്ങൾ അടയാളപ്പെടുത്താൻ എന്നെ അനുവദിക്കൂ:
i) ആദ്യം, സായുധസംഘട്ടനങ്ങൾപോലെ ഭീകരവാദവും ആഫ്രിക്കയിൽ വികസിക്കുന്നു എന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ അൽ-ഖ്വയ്ദയും ഐഎസ്ഐഎൽ അനുബന്ധ ഭീകരസംഘങ്ങളും സമീപവർഷങ്ങളിൽ ഗണ്യമായ ശക്തി കൈവരിച്ചു. അന്തർദേശീയ കുറ്റവാളി ശൃംഖലകളിലൂടെ ആർട്ടിസൻ സ്വർണം, അപൂർവ ധാതുക്കൾ, രത്നങ്ങൾ, യുറേനിയം, കൽക്കരി, തടി തുടങ്ങിയവയുടെ അനധികൃത ഖനനത്തിൽ അഭിവൃദ്ധിപ്രാപിച്ചു. അൽ-ഷബാബ് പോലുള്ള ഭീകരസംഘങ്ങൾ അവരുടെ ഭീകരപ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നതിനായി വിപുലമായ വരുമാന ശേഖരണ ശൃംഖലകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ കണക്കിലെടുക്കാതിരുന്നാൽ, സായുധസംഘട്ടനങ്ങളാൽ ഇതിനകം നശിപ്പിക്കപ്പെട്ട ആഫ്രിക്കയുടെ പല ഭാഗങ്ങളിലും, ഭീകരവാദം സമാധാനസാധ്യതകളെ ഗുരുതരമായി അപകടത്തിലാക്കിയേക്കാം.
ii) സുരക്ഷാസമിതിയിലെ നമ്മുടെ ആഫ്രിക്കൻ സഹപ്രവർത്തകർ ചൂണ്ടിക്കാണിച്ചതുപോലെ, ആഫ്രിക്കയിലെ ഐഎസ്ഐഎലും അൽ-ഖ്വയ്ദയുമായി ബന്ധമുള്ളതും അവരിൽ നിന്നു പ്രചോദനമുൾക്കൊണ്ടു പ്രവർത്തിക്കുന്നതുമായ സംഘങ്ങൾ നിരവധി ആഭ്യന്തര സംഘട്ടനങ്ങളിൽ ഏർപ്പെട്ടു. അവ രാഷ്ട്രീയകാര്യങ്ങളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു. ദേശീയതലത്തിൽ അനുരഞ്ജനത്തിൽ അവരെ ഉൾപ്പെടുത്തുന്നതു ഭീകരവാദത്തിനു നിയമസാധുത നൽകുകയും ആവശ്യമായ സാമ്പത്തിക മാർഗങ്ങളും വിഭവങ്ങളും അവർക്കു ലഭ്യമാക്കുകയും ചെയ്യും. ഇതു സ്വയം പരാജയത്തിലേക്കുള്ള ലക്ഷ്യമായി മാറും. നമുക്കു വേണ്ടതു ഭീകരതയുടെ എല്ലാ രൂപങ്ങളോടും അതിന്റെ ലക്ഷ്യങ്ങൾ പരിഗണിക്കാതെയുള്ള സഹിഷ്ണുതാരഹിതനയമാണ്.
iii) മൂന്നാമതായി, ആഫ്രിക്കൻ യൂണിയൻ (എയു), പശ്ചിമ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക സമൂഹം (ECOWAS), മധ്യ ആഫ്രിക്കൻ സാമ്പത്തിക-നിരീക്ഷണ സമിതി (CEMAC) രാഷ്ട്രങ്ങൾ ഭീകരവാദത്തിനു ധനസഹായം നൽകുന്നതിനെതിരായി പ്രധാന പങ്കു വഹിക്കുന്നു. പശ്ചിമാഫ്രിക്കയിലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ അന്തർഗവണ്മെന്റ്തല പ്രവർത്തകസമിതി പോലുള്ള സംരംഭങ്ങൾ; CEMAC-ന്റെ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും എതിരായ നിയന്ത്രണങ്ങൾ തുടങ്ങിയവ ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ സ്ഥാപനപരമായ ചട്ടക്കൂടുകൾ സൃഷ്ടിക്കുന്നതിനു സഹായിച്ചു. സാമ്പത്തിക പ്രവർത്തകദൗത്യസംഘം (എഫ്എടിഎഫ്) നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഈ പ്രാദേശിക-ഉപമേഖലാ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.
iv) നാലാമതായി, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയ്ക്കെതിരായ മറ്റ് അനുബന്ധ ഭീഷണികൾ എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള നിയമപരവും നിയന്ത്രണപരവും പ്രവർത്തനപരവുമായ നടപടികൾ ഫലപ്രദമായി നടപ്പിലാക്കാൻ എഫ്എടിഎഫ് പ്രോത്സാഹിപ്പിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾ അവരുടെ കള്ളപ്പണം വെളുപ്പിക്കൽവിരുദ്ധ-ഭീകരവാദ ധനസഹായ നിരീക്ഷണ ചട്ടക്കൂടുകൾ, എഫ്എടിഎഫ് പ്രോത്സാഹിപ്പിക്കുന്നവ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിലവാരത്തിനു തുല്യമായി കൊണ്ടുവരേണ്ടതു പ്രാധാന്യമർഹിക്കുന്നു. എഫ്എടിഎഫും യുഎൻ ഭീകരവാദ വിരുദ്ധ ഓഫീസ് (യുഎൻഒസിടി) ഉൾപ്പെടെയുള്ള വിവിധ യുഎൻ സ്ഥാപനങ്ങളും തമ്മിലുള്ള കൂടുതൽ സഹകരണം അംഗരാജ്യങ്ങൾക്കു ഗുണം ചെയ്യുമെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.
v) അഞ്ചാമതായി, പ്രകൃതിവിഭവങ്ങളുടെയും വ്യാപാരത്തിന്റെയും നിയമവിരുദ്ധമായ ചൂഷണത്തിനെതിരെ പോരാടാനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം സഹായം വർധിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ആഫ്രിക്കയിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്ന ബാഹ്യശക്തികളുടെ ബന്ധനങ്ങളിൽനിന്ന് അക്രമരഹിത ആഫ്രിക്കയെ മോചിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ, ആഫ്രിക്കയുടെ നേതൃത്വത്തിലുള്ളതും ആഫ്രിക്കയുടെ ഉടമസ്ഥതയിലുള്ളതും ആഫ്രിക്കയിലെ ജനങ്ങളുടെ പുരോഗതിയിലും വികസനത്തിലും കേന്ദ്രീകൃതവുമായ വികസനമാതൃകയ്ക്കായി ഇന്ത്യ ആഹ്വാനം ചെയ്യുകയാണ്. പ്രാദേശികതലത്തിലും അന്തർദേശീയതലത്തിലും ഭീകരതയ്ക്കു ധനസഹായം നൽകുന്നതിനെ ചെറുക്കുന്നതിനു കൂടുതൽ അന്താരാഷ്ട്ര സഹകരണത്തിന് ഇന്ത്യ മുൻകൈയെടുത്തു സംഭാവനയേകുന്നു. 2018ൽ, കിഴക്കൻ, തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎൻഒസിടിയുടെ പരിപാടികളിലേക്ക് ഇന്ത്യ 550,000 ഡോളർ സംഭാവന നൽകി. 2021ലും, ഈ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു ഞങ്ങൾ ഒരു ദശലക്ഷം ഡോളർ സംഭാവന ചെയ്തിട്ടുണ്ട്.
vi) ആറാമതായി, അതിർത്തി നിരീക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ദേശീയ-പ്രാദേശിക സുരക്ഷാസംരംഭങ്ങളെയും ശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും നാം പിന്തുണയ്ക്കേണ്ടതുണ്ട്. ആഫ്രിക്കൻ സുരക്ഷാസംരംഭങ്ങളായ ബഹുരാഷ്ട്ര സംയുക്ത ദൗത്യസംഘം (MNJTF), മൊസാംബിക്കിലെ ദക്ഷിണാഫ്രിക്കൻ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി മിഷൻ (SAMIM), സൊമാലിയയിലെ ആഫ്രിക്കൻ യൂണിയൻ ട്രാൻസിഷൻ മിഷൻ (ATMIS) എന്നിവ തീവ്രവാദത്തെ ചെറുക്കുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളെക്കുറിച്ചു നന്നായി മനസ്സിലാക്കുന്ന, ആഫ്രിക്കൻ രാജ്യങ്ങൾ നയിക്കുന്ന, ആഫ്രിക്കയുടെ സ്വന്തം പരിഹാരങ്ങളാണിവ. അത്തരം പ്രാദേശിക സുരക്ഷാസംരംഭങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം സുസ്ഥിരവും മതിയായതുമായ സാമ്പത്തിക, ലോജിസ്റ്റിക്സ് പിന്തുണ നൽകണം.
vii) അവസാനമായി, യുഎൻ സുരക്ഷാസമിതി അംഗത്വത്തിന്റെ സ്ഥിരം വിഭാഗത്തിൽ ആഫ്രിക്കയുടെ തുടർച്ചയായ പ്രാതിനിധ്യത്തിന്റെ അഭാവം ചരിത്രപരമായ അനീതിയാണ്. അത് എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. സുരക്ഷാസമിതിയുടെ പകുതിയിലധികം പ്രവർത്തനങ്ങളും ആഫ്രിക്കയിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ഈ സമിതിയിൽ അംഗത്വത്തിന്റെ സ്ഥിരവും അല്ലാത്തതുമായ വിഭാഗങ്ങൾ വർധിപ്പിക്കുന്നതിലൂടെ, എസുൽവിനി സമവായത്തിനും സെർത് പ്രഖ്യാപനത്തിനും അനുസൃതമായി ആഫ്രിക്കയുടെ കൂടുതൽ പ്രാതിനിധ്യം ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നു.
മിസ്റ്റർ പ്രസിഡന്റ്,
ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിൽ മുൻപന്തിയിലാണ് ഇന്ത്യ. കഴിഞ്ഞ മൂന്നു ദശാബ്ദത്തോളമായി ഭരണകൂടം പിന്തുണയേകുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ ഇരയായ രാജ്യം എന്ന നിലയിൽ, ഭീകരവാദത്തിന്റെ സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ വിലയെക്കുറിച്ച് ഇന്ത്യക്കു നന്നായി അറിയാം. 1996ൽ, റെസല്യൂഷൻ 1373 അംഗീകരിക്കുന്നതിനു വളരെ മുമ്പുതന്നെ, ഭീകരവാദത്തെ ചെറുക്കുന്നതിനു സമഗ്രമായ നിയമ ചട്ടക്കൂടു ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷന്റെ കരടിനെ നയിക്കാൻ ഇന്ത്യ മുൻകൈയെടുത്തു. യുഎൻ അംഗീകരിച്ച ഭീകരവാദത്തെക്കുറിച്ചുള്ള എല്ലാ പ്രധാന കൺവെൻഷനുകളും മാർഗനിർദേശങ്ങളും ഞങ്ങൾ ഒപ്പുവയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ FATF ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആഗോള സംരംഭങ്ങളുടെയും ഭാഗമാണു ഞങ്ങൾ.
ഈ വർഷം ഭീകരവാദവിരുദ്ധ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ, ഇന്ത്യ ഈ മാസം അവസാനം ഒക്ടോബർ 28നും 29നും മുംബൈയിലും ന്യൂഡൽഹിയിലും പ്രത്യേക യോഗം ചേരും. വരാനിരിക്കുന്ന ഈ യോഗത്തിൽ പങ്കെടുക്കാൻ അംഗരാജ്യങ്ങളെ ഞാൻ വീണ്ടും ക്ഷണിക്കുകയാണ്. അത് ആഗോള രൂപകൽപ്പനയൊരുക്കുന്നതിൽ ക്രിയാത്മകമായി സംഭാവന ചെയ്യുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. വിശാലവും വൈവിധ്യപൂർണവും ബഹുസ്വരതയുള്ളതുമായ സമൂഹങ്ങൾക്കെതിരെ ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്നവരും വിന്യസിച്ചിരിക്കുന്ന പുതിയ സാങ്കേതിക ഉപകരണങ്ങളോടു ഫലപ്രദമായി പ്രതികരിക്കുകന്നതും ലക്ഷ്യത്തിന് അനുയോജ്യമായതുമാകും അത്. വളരെ നന്ദി മിസ്റ്റർ പ്രസിഡന്റ്.
.
Highlights of Minister of State for External Affairs Shri V Muraleedharan’s address at the UNSC Debate on strengthening the fight against financing of armed groups and terrorists in Africa.
• Terrorist and armed groups have been making deep in-roads by exploiting security gaps and fragile governance institutions in Africa.
• Preventing inimical outfits from accessing financial resources is crucial to an effectively counter their violent attacks.
• While some States lack the legal operational frameworks and necessary Counter-Financing of Terrorism (CFT) capacities, there are other States that are clearly guilty of aiding and supporting terrorism, and wilfully providing financial assistance and safe havens to terrorists.
• Need to enhance capacities of the former, while the international community must collectively call out those supporting terrorism and hold them accountable to such double speak.
• The Security Council needs to recognize the fact that terrorism, like armed conflicts, is expanding in Africa.
• If left unaddressed, terrorism may seriously jeopardize peace prospects in several parts of Africa.
• ISIL and Al-Qaeda linked and inspired groups in Africa are embedding themselves in multiple domestic conflicts, attempting to influence and control the political agenda.
• Engaging them in national reconciliation will only provide legitimacy to terrorism as well give them access to necessary financial means and resources
• Need a zero-tolerance policy towards all forms of terrorism, irrespective of its motivations.
• African Union and regional organizations in Africa have been playing an important role in combating financing of terrorism. These regional and sub-regional measures need to be strengthened further
• International community needs to enhance assistance to African countries to strengthen capacities to fight illegal exploitation of natural resources and trade
• India has been calling for a development paradigm that is Africa led and Africa-owned and centred on the progress and development of the people of Africa..
• Need to support the national and regional security initiatives as well as capacity building efforts towards he effective border surveillance and security.
• The continuing lack of representation of Africa in the permanent category of the UN Security Council’s membership is an historical injustice that needs to be corrected sooner than later, through an increase in both permanent and non-permanent categories of this Council’s membership, in line with the Ezulwini Consensus and the Sirte Declaration.
• As a country which itself has been a victim of state-sponsored cross border terrorism for nearly past three decades, India is acutely aware of the socio-economic and human cost of terrorism.
പ്രതികരിക്കാൻ ഇവിടെ എഴുതുക: