ന്യൂദല്‍ഹി: അമൃതകാലത്തിന്റെ വേളയില്‍ രാജ്യത്തെ സേവിക്കാനും ‘പഞ്ചപ്രാണ്‍’ സാക്ഷാത്കരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃതകാലത്തു വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കു മുഖ്യപങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2020 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധനചെയ്യുകയായിരുന്നു പ്രധാനമന്ത്രി
ഭരണനിര്‍വഹണത്തിന്റെ ഊന്നല്‍ ഡല്‍ഹിക്കുപുറത്ത്, രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും മാറി. ഡല്‍ഹിക്കു പുറത്തുള്ള സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട പദ്ധതികള്‍ ഇപ്പോള്‍ ആരംഭിക്കുന്നു . ഉദ്യോഗസ്ഥര്‍ തൊഴില്‍മേഖലയുടെ പ്രാദേശിക സംസ്കാരത്തെക്കുറിച്ചു ധാരണ വളര്‍ത്തിയെടുക്കണം. താഴേത്തട്ടില്‍ പ്രാദേശിക ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അവരുടെ ജില്ലയിലെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്താനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കുള്ള പരിപാടിക്കായി പ്രവര്‍ത്തനപദ്ധതി തയ്യാറാക്കണം. എംജിഎന്‍ആര്‍ഇജിഎ പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കണം.. പോഷകാഹാരക്കുറവു പരിഹരിക്കുന്നതില്‍ ജനകീയപങ്കാളിത്തം എന്ന മനോഭാവത്തിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജന്‍ധന്‍ യോജന മുമ്പുകൈവരിച്ച വിജയം ചൂണ്ടിക്കാട്ടി, ഗ്രാമങ്ങളിലുടനീളമുള്ള ജനങ്ങള്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലൂടെയും യുപിഐയിലൂടെയും കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി ് ആഹ്വാനംചെയ്തു. കൂടാതെ, രാഷ്ട്രസേവനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഏവരും കടമകള്‍ നിര്‍വഹിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ‘രാജ്പഥ്’ മനോഭാവം ഇപ്പോള്‍ ‘കര്‍ത്തവ്യപഥം’ എന്ന വികാരത്തിലേക്കു മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എട്ടു വിഷയങ്ങള്‍ അവതരിപ്പിച്ചു. പോഷണ്‍ അഭിയാന് മികച്ച രീതിയില്‍ നിരീക്ഷിക്കുന്നതിനുള്ള ഉപാധിയായ ‘പോഷണ്‍ ട്രാക്കര്‍’, ‘ഭാഷിണി’യിലൂടെ ബഹുഭാഷാ ശബ്ദാധിഷ്ഠിത ഡിജിറ്റല്‍ പ്രവേശനം പ്രവര്‍ത്തനക്ഷമമാക്കല്‍; കോര്‍പ്പറേറ്റ് ഡാറ്റാ കൈകാര്യംചെയ്യല്‍; ഇന്ത്യയുടെ ഭരണനിര്‍വഹണത്തിനായുള്ള സംയോജിത ദേശീയ ജിയോപോര്‍ട്ടല്‍ ‘മാതൃഭൂമി ജിയോപോര്‍ട്ടല്‍’; ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) വിനോദസഞ്ചാരസാധ്യതകള്‍, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വഴി പോസ്റ്റ് ഓഫീസുകളുടെ മുഖച്ഛായ മാറ്റല്‍; പാറകള്‍പോലുള്ള കൃത്രിമഘടനകളിലൂടെ തീരദേശ മത്സ്യബന്ധനവികസനം; ഭാവിയിലേക്കുള്ള ഇന്ധനം കംപ്രസ്ഡ് ബയോഗ്യാസ് എന്നിവ അവതരണവിഷയങ്ങളില് ഉള്‍പ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: