കൊല്ലം: ജില്ലയിലേക്ക് സിന്തറ്റിക്ക് ലഹരി ഒഴുകുമ്പോള്‍ ആവശ്യമായ ജീവനക്കാരില്ലാതെ എക്സൈസ് വിഭാഗം കിതയ്ക്കുന്നു. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ, പ്രതിരോധ സാമഗ്രികളോ, വാഹനങ്ങളോ ഇല്ലാതെയാണ് ജില്ലയിലെ എക്സൈസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. അമിത ജോലിക്കനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. അബ്കാരിക്ക് പുറമെ കഞ്ചാവ്, മയക്കുമരുന്ന് സിന്തറ്റിക് ലഹരി കേസുകളില്‍ വന്‍തോതിലാണ് വര്‍ധനവ്. എന്നിട്ടും അതിനനുസരിച്ചു സ്റ്റാഫ് പാറ്റേണ്‍ ഇല്ലാത്തത് എക്സൈസ് വകുപ്പിനെ തളര്‍ത്തുകയാണ്.
അതേസമയം നിലവിലെ ഒഴിവുകള്‍പോലും നികത്തുന്നത് നീണ്ടുപോകുകയാണ്. സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ ആവശ്യത്തിനില്ലാത്തതും മൂന്ന് മാസത്തെ ട്രയിനിങ്ങ് 8 മാസമാക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ജില്ലയില്‍ പ്രിവന്റീവ് ഓഫിസര്‍മാര്‍ 76 പേരാണ്. ഓഫിസര്‍ തസ്തികയില്‍ 6 ഒഴിവ് ഉണ്ട്. 195 സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയെയുള്ളൂ. അതില്‍ 23 എണ്ണവും ഒഴിഞ്ഞ് കിടക്കുന്നു. 48 വനിത സിവില്‍ എക്സൈസില്‍ 6 ഒഴിവുകളുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികളില്‍ ആളുകള്‍ വന്നും പോയും നില്ക്കുന്നു. പലപ്പോഴും ആളില്ലാത്ത അവസ്ഥയാണ്. ഡ്രൈവര്‍ തസ്തികയില്‍ 21പേര് ഉണ്ടങ്കിലും അത്രയും വാഹനങ്ങളില്ല. വാഹനങ്ങളെല്ലാം പഴക്കം ചെന്നത് മൂലം എക്സൈസ് വകുപ്പ് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. മദ്യക്കടത്ത് പരിശോധിക്കുന്ന ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പഴക്കം ചെന്ന വാഹനമാണ് ഉപയോഗിക്കുന്നത്. ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിതജോലി ഭാരം പേറുന്ന ജീവനക്കാര്‍ക്ക് റേഞ്ച്, റിസ്ക് അലവന്‍സ് പോലും നല്‍കുന്നില്ല.
കൊറോണയെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണിന് ശേഷം നഗര ഗ്രാമ വ്യത്യാസമില്ലാതെ വാറ്റ് കൂടി. വീടിന്റെ ടെറസില്‍ വരെ വാറ്റുന്ന സ്ഥിതിയാണിപ്പോള്‍, ഈ സാഹചര്യം നേരിടുന്നതാകട്ടെ അംഗബലം കുറഞ്ഞ എക്സൈസ് വിഭാഗവും. ഒരു എക്സൈസ് റേഞ്ച് എന്നത് പത്തോളം പോലീസ് സ്റ്റേഷന് പരിധിയാണ്. മദ്യ മയക്കുമരുന്ന് വേട്ട, കോടതി കേസുകള്‍ എന്നിവക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങള്‍, നൂറുകണക്കിന് സ്കൂള്‍-കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവടങ്ങളിലെ വിമുക്തിമിഷന്‍ ലഹരിവിരുദ്ധബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് എക്സൈസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: