ചിറ്റൂര്‍: ചിറ്റൂര്‍ മേഖലയിലെ പാടശേഖരങ്ങളില്‍ മുഞ്ഞ ശല്യം വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തില്‍. നഗരസഭ, പെരുമാട്ടി, പൊല്‍പ്പുള്ളി, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുവെമ്പ്, കൊടുവായൂര്‍, എലപ്പുള്ളി പഞ്ചായത്തുകളിലേയും വിവിധ പാടശേഖരങ്ങളിലാണ് മുഞ്ഞ ബാധ വ്യാപകമായിട്ടുള്ളത്. മുന്‍കാലങ്ങളില്‍ കനത്തമഴയും കാലാവസ്ഥാ വ്യതിയാനവും വരുത്തിവെച്ച കനത്ത നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കുണ്ടായ ഈ ഇരുട്ടടടി. മുഞ്ഞബാധമൂലം ഏക്കര്‍കണക്കിന് വയലുകളാണ് കൊയ്തെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടുള്ളത്.
മൂപ്പെത്തിയ വയലുകളില്‍ മുഞ്ഞ വ്യാപകമാകുന്നുണ്ടെന്നും കര്‍ഷകര്‍ ഇത് തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. നെല്ലിന്റെ ചുവട്ടില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിയ്ക്കുകയും വളരെ വേഗത്തില്‍ പടരുകയും ചെയ്യുന്ന കീടമാണ് മുഞ്ഞ അഥവാ പച്ചത്തുള്ളന്‍. കീടത്തിന്റെ എല്ലാ ദശകളും നെല്ലിനെ ദോഷകരമായി ബാധിയ്ക്കും.
ചുവട്ടില്‍ നിന്നും നീരൂറ്റി കുടിയ്ക്കുന്നതിനാല്‍ നെല്ല് പൂര്‍ണമായും വൈക്കോലിന് സമമാകും. ചെറിയ വ്യത്താകൃതിയിലെത്തിയത് പോലെ കാണപ്പെടുന്ന പാടത്ത് വലുപ്പം കൂടി പാടം മുഴുവന്‍ പടരും. കതിരിട്ട പാടമാണെങ്കിലും ചുരുങ്ങിയ സമയത്തിനകം മുഞ്ഞ വ്യാപകമാകും. കര്‍ഷകര്‍ കൂടുതലായും വിളവിറക്കിയ ഉമ നെല്ലിനം താരതമ്യേന പ്രതിരോധശേഷി കാണിച്ചിരുന്നതാണ് ഇത്തവണയുണ്ടായ വ്യാപക നാശനഷ്ടത്തിന് കാരണം. ജ്യോതി ജയ ഇവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൂടുതല്‍ സൂക്ഷിക്കണം.
അമിതമായി യൂറിയ അപ്ലൈ ചെയ്ത പാടങ്ങളിലും പൊട്ടാഷ് വളപ്രയോഗം തീരെ കുറഞ്ഞ പാടങ്ങളിലുമാണ് രോഗബാധ കാണുന്നത്. ഇടയ്ക്കിടയ്ക്കുണ്ടായ മഴ മൂലം മണ്ണിലെ പൊട്ടാഷിന്റെ അംശം പൂര്‍ണമായും നഷ്ടമായിട്ടുണ്ടാവാമെന്നും കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.
മുന്‍പ് ഓല കരിയല്‍ വന്ന പാടങ്ങളില്‍ ചെടിയുടെ ആരോഗ്യം കുറഞ്ഞത് മൂലം രോഗബാധ വരാന്‍ സാധ്യത കൂടുതലാണ്. മുഞ്ഞ വന്ന പാടത്തെ വെള്ളം പൂര്‍ണമായും വാര്‍ത്ത് കളയണമെന്നും അവര്‍ പറഞ്ഞു. നന്നായി കരിഞ്ഞ ഭാഗം ഉള്ളിലേക്ക് വകഞ്ഞ് ബ്ലീച്ചിങ് പൗഡര്‍ വിതറണം. പൈ മെട്രോസിന് എന്ന കീടനാശിനി പൗഡര്‍ രൂപത്തിലുള്ളത് 10 ലിറ്ററിന് അഞ്ചുഗ്രാം എന്ന കണക്കില്‍ ഏക്കറിന് 50 ഗ്രാം എന്ന തോതില്‍ തളിയ്ക്കണം. കോമ്പിനേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.
മുഞ്ഞയുടെ മുട്ട ലാര്‍വ പൂര്‍ണ വളര്‍ച്ചയെത്തിയ കീടം തുടങ്ങി എല്ലാ സ്റ്റേജിനും ഗുണകരമാണ് ഈ മോളി ക്യൂള്‍ വിവിധ പഞ്ചായത്തുകളിലായി നൂറോളം ഏക്കറിലാണ് മുഞ്ഞ ബാധിച്ചിട്ടുള്ളത്. മുന്‍ കാലങ്ങളിലെപ്പോലെ മുഞ്ഞയ്ക്ക് പ്രത്യേക മരുന്ന് തളി പാക്കേജ് പ്രഖ്യാപിച്ച് കര്‍ഷകരെ സര്‍ക്കാര്‍ അടിയന്തരമായി സഹായിക്കണമെന്ന് കര്‍ഷക മുന്നണി സംസ്ഥാന ജോ.സെക്രട്ടറി കണക്കമ്പാറ ബാബു ആവശ്യപ്പെട്ടു.
കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്കിയാല് മാത്രമേ കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ്, പ്രകൃതിക്ഷോഭ ആനുകൂല്യം നല്‍കാനാവു എന്നതാണ് നിലവിലെ പ്രതിസന്ധി. എന്നാല്‍ രോഗനിര്‍ണയത്തിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കീഴില്‍ ടെക്നിക്കല്‍ കമ്മിറ്റിയുണ്ടാക്കി പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: