നാഗ്പൂര്‍: രാഷ്ട്ര പുനരുത്ഥാനത്തിനു തടസ്സമായ യാഥാസ്ഥിതിക മനോഭാവം പാടേ മാറണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജമുണരാതെ ഒരു മാറ്റവും സുസ്ഥിരവും വിജയകരവുമാകില്ലെന്ന് സുദീര്‍ഘവും മഹത്തുമായ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും സാമാജിക ഉണര്‍വു കാരണമായെന്നത് ലോകാനുഭവമാണ്. മാതൃഭാഷയില്‍ വിദ്യാഭ്യാസമെന്നതിന് ദേശീയ വിദ്യാഭ്യാസ പദ്ധതി ഊന്നല്‍ നല്കുന്നു. സംസ്കാരമുള്ള, രാജ്യസ്നേഹികളായ വിദ്യാര്‍ഥികള്‍ വളര്‍ന്നു വരണമെന്ന് അതു വിഭാവനം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം സമാജം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതു ക്ലാസ് മുറികളിലൊതുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു സര്‍സംഘചാലക്.
സാമൂഹിക സമത്വമില്ലാതെ യഥാര്‍ഥ മാറ്റമുണ്ടാകില്ല. അസമത്വത്തിന്റെ മൂല കാരണം മനസ്സിലും സാമൂഹിക വ്യവസ്ഥയിലും പെരുമാറ്റത്തിലുമാണ്. ക്ഷേത്രങ്ങളും ജലസ്രോതസ്സുകളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കുന്നില്ലെങ്കില്‍, വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമുള്ള ചങ്ങാത്തം എല്ലാ തലങ്ങളിലും നടക്കുന്നില്ലെങ്കില്‍ സമത്വത്തെക്കുറിച്ചുള്ള സംസാരം കിനാവു മാത്രമാകുമെന്ന് സര്‍സംഘചാലക് ഓര്‍മിപ്പിച്ചു.
ചൂഷണമില്ലാത്തതും നമ്മുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായതുമായ വികസനം കൈവരിക്കാന്‍ ചൂഷണ പ്രവണത സമാജത്തില്‍ നിന്ന് ഇല്ലാതാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂതകാലത്തിന്റെ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ ഉപേക്ഷിച്ച്, പാരമ്പര്യവും സമകാലിക യാഥാര്‍ഥ്യങ്ങളും തമ്മില്‍ യോജിപ്പിന്റെ അന്തരീക്ഷമുണ്ടാകണം. സ്വത്വം, സംസ്കാരം, ജീവിത മൂല്യങ്ങള്‍ എന്നിവയില്‍ മുറുകെപ്പിടിച്ച് വര്‍ത്തമാന കാലത്തോടു സമന്വയിക്കുന്ന പുതിയ വഴക്കങ്ങളുണ്ടാകണം. വ്യാജ പ്രചാരണങ്ങള്‍ നടത്തി അശാന്തിയും ഭീകരതയും വളര്‍ത്തുന്നവരെ നിര്‍ഭയം നേരിടണം. ഭാഷയോ മതമോ പ്രദേശമോ അതിനു തടസ്സമാകരുത്. അത്തരം ശക്തികളെ ഇല്ലാതാക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങള്‍ക്കു സമാജത്തിന്റെ എല്ലാ സഹായവുമുണ്ടാകുമ്പോഴാണ് സമഗ്രമായ സുരക്ഷിതത്വവും ഐക്യവും സാധ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
വിഖ്യാത പര്‍വതാരോഹക പദ്മശ്രീ സന്തോഷ് യാദവ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സഹസംഘചാലക് ശ്രീധര്‍ റാവു ഗാഡ്ഗെ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: