കേരള പോലീസിലെ എണ്ണൂറിലേറെപ്പേര്‍ക്ക് ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും, ഇവരുടെ പേരുവിവരങ്ങള്‍ എന്‍ഐഎ കൈമാറിയിട്ടുണ്ടെന്നുമുള്ള വാര്‍ത്ത നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന സമാധാനപ്രേമികളായവരുടെ മനസ്സില്‍ തീകോരിയിടുന്നതാണ്. ഇങ്ങനെയൊരു ബന്ധത്തിന്റെ വ്യക്തമായ സൂചന നല്കുന്ന പല സംഭവങ്ങളും ഇതിനു മുന്‍പുതന്നെ പുറത്തുവന്നിട്ടുള്ളതിനാല്‍ നടുക്കത്തോടെയാണ്
പുതിയ വിവരം ജനങ്ങള്‍ ശ്രവിച്ചത്. പോപ്പുലര്‍ ്രഫണ്ടുമായി ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് എന്‍ഐഎ കൈമാറിയിട്ടുണ്ടെന്ന വാര്‍ത്ത സംസ്ഥാന പോലീസ് നേതൃത്വം നിഷേധിച്ചിട്ടുണ്ടെങ്കിലും ആ വിശദീകരണം ആരും മുഖവിലയ്ക്കെടുക്കില്ല. പോലീസിലെ ഉന്നതരുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള പലരുമുണ്ടെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. പോലീസ് ശേഖരിച്ച ചില രഹസ്യവിവരങ്ങള്‍ ഭീകരവാദ സംഘടനയ്ക്ക് ചോര്‍ത്തി നല്കിയ തൊടുപുഴയിലെ ഒരു പോലീസുകാരനെ സസ്പെന്റു ചെയ്യുകയുണ്ടായി. ഇക്കഴിഞ്ഞ ദിവസമാണ് നിരോധനത്തിനെതിരെ അക്രമാസക്ത ഹര്‍ത്താല്‍ നടത്തിയതിന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരെ വിടുവിക്കാന്‍ ഇടപെട്ട കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ സസ്പെന്റ് ചെയ്തത്. ഈ രണ്ട് സംഭവങ്ങളും ആദ്യം റിപ്പോര്‍ട്ടുചെയ്തത് ജന്മഭൂമിയാണ്. പിന്നീട് മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും വിവാദമാവുകയുമായിരുന്നു. ഭീകരവാദത്തിന്റെ പേരില്‍ നടപടിക്ക് വിധേയരാവുന്ന പോലീസുകാര്‍ അധികം വൈകാതെ സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്യും.
പോലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ കൈമാറിയിട്ടുണ്ടെന്നുതന്നെയാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ പോലീസ് ഇപ്പോള്‍ ഇക്കാര്യം നിഷേധിച്ചാലും പിന്നീട് എല്ലാം വെളിപ്പെടും. നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ ഹര്‍ത്താലിന് ചില പോലീസുകാരുടെ ഒത്താശ ലഭിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചപ്പോള്‍ ഇവരില്‍ ചിലര്‍ പോലീസുകാരുമായി ബന്ധപ്പെട്ടതിന്റെ സൂചനകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഇതോടെ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത് സംസ്ഥാന പോലീസിനെ അറിയിക്കാതെയാണെങ്കിലും വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയ പോലീസിലെ ചിലര്‍ അത് പോപ്പുലര്‍ ഫ്രണ്ടിന്റെ ചില നേതാക്കള്‍ക്ക് ഉടന്‍തന്നെ കൈമാറിയിരുന്നുവത്രേ. ഇതിനനുസരിച്ച് ഈ നേതാക്കള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടപ്പോഴും പലയിടത്തും പോലീസുകാര്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു. ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. അക്രമങ്ങള്‍ക്ക് പോലീസിന്റെ മൗനസമ്മതമുണ്ടായിരുന്നുവോ എന്നുപോലും സംശയിക്കപ്പെടുന്നുണ്ട്. ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഭീകരവാദ ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് എന്‍ഐഎ കൈമാറിയെന്ന വാര്‍ത്ത.
ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടാക്കാനും, നിരോധിക്കപ്പെട്ടതിനുശേഷവും ഈ ബന്ധം തുടരാനും പോലീസുകാര്‍ക്ക് എങ്ങനെ ധൈര്യംവന്നു എന്ന ചോദ്യമുണ്ട്. ഇതിന് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നതാണ് ഉത്തരം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടത് രാജ്യവ്യാപകമായിട്ടാണെങ്കിലും, അതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടന്നത് കേരളത്തില്‍ മാത്രമാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നതിനെത്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും ഈ സംഘടനയുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി മുദ്രവയ്ക്കാനും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തയ്യാറായപ്പോള്‍ കേരളസര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ബോധപൂര്‍വമായിരുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ ഭീകരസംഘടനയ്ക്കെതിരെ നടപടിയെടുക്കാന്‍ അനാവശ്യ തിടുക്കം കാണിക്കേണ്ടതില്ലെന്ന് കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞത് പോലീസുകാര്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു. ഇതിനു പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ സ്വന്തം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതുപോലുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ പുറത്തുവന്നത്. അതീവഗുരുതരമായ സ്ഥിതിവിശേഷമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകരബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് കൈമാറിയതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്‍ഐഎതന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: