ന്യൂദല്‍ഹി: ഇന്ത്യയാകെ ഭീകര സൈബര്‍ തട്ടിപ്പുകാരെ അരിച്ചുപെറുക്കി സിബിഐയുടെ ബ്രഹ്മാണ്ഡ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 105 കേന്ദ്രങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഓപ്പറേഷന്‍ ചക്ര എന്നാണ് ഈ റെയ്ഡിന് പേരിട്ടിരിക്കുന്നത്.
ഇതില്‍ 87 കേന്ദ്രങ്ങളില്‍ സിബിഐ ഒറ്റയ്‌ക്കും 18 കേന്ദ്രങ്ങളില്‍ സംസ്ഥാനപൊലീസും കേന്ദ്രഭരണപ്രദേശങ്ങളിലെ പൊലീസ് സേനയുമാണ് റെയ്ഡ് നടത്തിയത്. കുറ്റവാളികളെന്ന് സംശയിക്കുന്ന ഏകദേശം 300 പേര്ക്ക് വേണ്ടി വലവിരിച്ചുകഴിഞ്ഞു. ഇതില്‍ പലരും വമ്പന്‍ സ്രാവുകളാണ്.
അമേരിക്കയുടെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും സൈബര്‍ നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ചും പഠിക്കുന്ന എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), ഇന്‍റര്‍പോള്‍, ആസ്ത്രേല്യന്‍ ഫെഡറല്‍ പൊലീസ്, റോയല്‍ കനേഡിയന്‍ മൗണ്ടന്‍ പൊലീസ് എന്നിവര്‍ നല്‍കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഇന്ത്യയില്‍ നിന്നുള്ള ചില കാള്‍ സെന്‍ററുകള്‍ വ്യാജഫോണ്‍വിളികളിലൂടെ അമേരിക്കയിലെ പൗരന്മാരില്‍ നിന്നും പണം തട്ടുന്നതായി എഫ്ബിഐ ചില നിര്‍ണ്ണായക വിവരങ്ങള്‍ ഇന്‍റര്‍പോളിന് നല്‍കിയിരുന്നു. പ്രധാനമായും അഹമ്മദാബാദിലെയും പൂനെയിലെയും കാള്‍സെന്‍ററുകളാണ് അമേരിക്കന്‍ പൗരന്മാരില്‍ നിന്നും വന്‍തുക തട്ടിയത്. രാജസ്ഥാനില്‍ നടന്ന റെയ്ഡില്‍ ഒരു കോള്‍സെന്‍ററുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര കിലോ സ്വര്‍ണ്ണവും ഒന്നരക്കോടി രൂപയും പിടിച്ചു. റെയ്ഡുകളെക്കുറിച്ച് സിബിഐ എഫ്ബിഐയ്‌ക്ക് വിവരം നല്‍കിയിട്ടുണ്ട്.
ദല്‍ഹിയില്‍ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, രാജസ്ഥാന്‍, അസം, കര്‍ണ്ണാടക എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: