ക്രെംലിന്: റഷ്യ ഏത് നിമിഷവും ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന ഭീതിയില്‍ ലോകം ആശങ്കയോടെ നില്‍ക്കുമ്പോഴാണ് കുറഞ്ഞ ശേഷിയുള്ള ആണവായുധങ്ങള്‍ ഉക്രൈന് പട്ടാളക്കാര്‍ക്കെതിരെ ഉപയോഗിക്കാന്‍ ഉറ്റസുഹൃത്തും ചെചെന്‍ മേധാവിയുമായ റംസാന് കാഡിറോവ് റഷ്യന്‍ നേതാവ് പുടിനോട് ഉപദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റഷ്യ തന്നെ നടത്തിയ ഹിതപരിശോധന അനുകൂലമായതോടെ റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ നാല് പ്രദേശങ്ങള്‍ – കിഴക്കന്‍ ഉക്രൈനിലെ ഡൊണെറ്റ്സ്ക്, ലുഹാന്‍സ്ക്,എന്നിവയും തെക്കന്‍ ഉക്രൈനിലെ ഖെര്‍സോണ്‍, സപോറിഴിയ എന്നീ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തതായി കഴിഞ്ഞ ദിവസം പുടിന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് യുഎസ് ഐക്യരാഷ്ട്രസഭയില്‍ ഇതിനെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനെ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഉക്രൈന് പട്ടാളക്കാര്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെ മോചിപ്പിക്കാന്‍ റഷ്യന്‍ പട്ടാളക്കാര്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്.
ഇതോടെയാണ് ഉക്രൈന് പട്ടാളക്കാര്‍ക്കെതിരെ വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ചെചെന്‍ നേതാവ് കാഡിറോവ് ഉപദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യയുടെ നേതാക്കള്‍ തന്നെ റഷ്യയുടെ താല്പര്യം സംരക്ഷിക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് തുടര്‍ച്ചയായി യുഎസിനും നേറ്റോ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്.
എന്താണ് വീര്യം കുറഞ്ഞ തന്ത്രപ്രധാന ആണവായുധങ്ങള്‍?
ജപ്പാനിലെ ഹിരോഷിമയെ തുടച്ചുനീക്കാന്‍ പണ്ട് അമേരിക്ക ഉപയോഗിച്ചത് 13,000 ടണ്‍ ടിഎന്‍ടിയാണ്. 13 കിലോ ടണ്ണായിരുന്നു ഇതിന്റെ സ്ഫോടനശേഷി. എന്നാല്‍ വീര്യം കുറഞ്ഞ ആണവായുധം എന്നാല്‍ ഒരു കിലോ ടണ്‍ മുതലുള്ള ടിഎന്‍ടിയുടെ ഉപയോഗമാണ്. അതായത് ആയിരം ടണ്‍ ടിഎന്‍ടിയാണ് സ്ഫോടനത്തിന് ഉപയോഗിക്കുക. ആണവായുധത്തിന്റെ ഭീകരത ഉണ്ടാകുമെങ്കിലും നാശനഷ്ടങ്ങള്‍ കുറവായിരിക്കും. പക്ഷെ വീര്യം കുറഞ്ഞ ആണവായുധപ്രയോഗം എന്നത് ഒരു സൂചനയാണ്. കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയാല്‍ വീര്യം കൂടിയത് ഉപയോഗിക്കുമെന്ന താക്കീത്.
വാഷിംഗ്ടണ്‍ നഗരത്തെയോ ലണ്ടന്‍ നഗരത്തെയോ നാമാവശേഷമാക്കാന്‍ 300 കിലോ ടണ്‍ ടിഎന്‍ടിയുള്ള ആണവശേഷി ഉപയോഗിച്ചാല്‍ മതി. അതായത് 300000 ടണ്‍ ടിഎന്‍ടി മതിയെന്നര്‍ത്ഥം. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്.
റഷ്യയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ആണവപോര്‍മുനയുടെ സ്ഫോടന ശേഷി അഞ്ച് ലക്ഷം ടണ്‍ ടിഎന്‍ടി മുതല്‍ എട്ട് ലക്ഷം ടണ്‍ ടിഎന്‍ടിയാണ്. ഇപ്പോഴും ഉക്രൈനെ മുന്നില്‍ നിര്‍ത്തി റഷ്യയെ നശിപ്പിക്കുക എന്ന യുദ്ധതന്ത്രമാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. പരോക്ഷമായി ആയുധങ്ങളെയും പോരാളികളെയും വിദഗ്ധരെയും ധനസഹായവും നല്കി റഷ്യയ്ക്കെതിരായ ഉക്രൈന്റെ പോരാട്ടം ശക്തിപ്പെടുത്താനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്. അതുവഴി റഷ്യയുടെ ആയുധശേഷിയും സൈനികശേഷിയും ദുര്‍ബ്ബലപ്പെടുത്തിയ ശേഷം റഷ്യയെ പാടെ മറ്റേതെങ്കിലും കാരണത്തിന്റെ പേരില്‍ ആക്രമിച്ച് തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പക്ഷെ അതിനേക്കാള്‍ മുന്‍പ് സ്വന്തം അന്തസ്സ് നിലനിര്‍ത്താന്‍ റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാനചര്‍ച്ചകള്‍ക്കുള്ള ഒരു സാധ്യതയും ഇതുവരെ ഉയര്‍ന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: